നിലമ്പൂരില്‍ ഡിസിസി ജനറല്‍ സെക്രട്ടറി ബീന ജോസഫുമായി ചര്‍ച്ച നടത്തി ബിജെപി;രക്ഷാപ്രവര്‍ത്തനവുമായി വി ഡി സതീശന്‍

അതേ സമയം യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് പ്രചരണ രംഗത്ത് സജീവമായി.

dot image

മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ തന്ത്രപരമായ നീക്കവുമായി ബിജെപി. ഡിസിസി ജനറല്‍ സെക്രട്ടറി ബീന ജോസഫിനെ പാര്‍ട്ടിയിലേക്കെത്തിച്ച് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കാനായാണ് ബിജെപി നീക്കം നടത്തിയത്. ബിജെപിയുടെ മുതിര്‍ന്ന നേതാവ് എംടി രമേശാണ് ബീന ജോസഫുമായി ചര്‍ച്ച നടത്തിയത്.

ഇക്കാര്യം ബീന ജോസഫ് തന്നെ മാധ്യമങ്ങളോട് പറഞ്ഞതോടെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വിഷയത്തില്‍ ഇടപെട്ടു. ബീന ജോസഫുമായി പ്രതിപക്ഷ നേതാവ് സംസാരിക്കുകയും യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന് വേണ്ടി രംഗത്തിറങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്തു.

പിന്നീട് മാധ്യമങ്ങളെ കണ്ട ബീന ജോസഫ് കോണ്‍ഗ്രസിനോടൊപ്പം സജീവമായി ഉണ്ടാവുമെന്ന സൂചനയാണ് തന്നത്. കുടുംബയോഗങ്ങളിലും മറ്റ് പരിപാടികളിലും താന്‍ സജീവമായുണ്ടാവുമെന്നാണ് ബീന ജോസഫ് പറഞ്ഞത്.

അതേ സമയം യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് പ്രചരണ രംഗത്ത് സജീവമായി. പി വി അന്‍വറും യുഡിഎഫും യോജിച്ചു പോകുന്നതില്‍ പ്രശ്‌നമുണ്ടാകുമെന്ന് കരുതുന്നില്ലെന്ന് ആര്യാടന്‍ ഷൗക്കത്ത് ഇന്ന് പറഞ്ഞിരുന്നു. കഴിഞ്ഞ ഒന്‍പത് വര്‍ഷമായി യുഡിഎഫ് പറയുന്ന കാര്യമാണ് പി വി അന്‍വര്‍ പറയുന്നത്. നിലപാടുകളാണ് സംഗതിയെങ്കില്‍ ഒരുമിച്ച് പോകുന്നതില്‍ ബുദ്ധിമുട്ട് ഉണ്ടാകില്ല. തര്‍ക്കം ഉണ്ടാകേണ്ട കാര്യമില്ല. മുന്നണി പ്രവേശനം ഉള്‍പ്പെടെ തീരുമാനിക്കുന്നത് നേതൃത്വമാണ്. എല്ലാവരെയും ഒരുമിപ്പിച്ച് മുന്നോട്ട് പോകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

പി വി അന്‍വര്‍ രാജിവെച്ചതോടെ ഒഴിവ് വന്ന നിലമ്പൂര്‍ നിയമസഭാ മണ്ഡലത്തില്‍ ജൂണ്‍ 19നാണ് ഉപതിരഞ്ഞെടുപ്പ്. ജൂണ്‍ 23-നാണ് വോട്ടെണ്ണല്‍. പി വി അന്‍വര്‍ രാജി വെച്ചതിനെ തുടര്‍ന്ന് വന്ന ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. നിലമ്പൂര്‍ ഉള്‍പ്പെടെ രാജ്യത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും ജൂണ്‍ 19ന് ഉപതിരഞ്ഞെടുപ്പ് നടക്കും. ഗസറ്റ് വിജ്ഞാപനം ഈ മാസം 26ന് ഉണ്ടാകും. ജൂണ്‍ രണ്ടിനാണ് നോമിനേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി. നോമിനേഷന്‍ പിന്‍വലിക്കാനുള്ള അവസാന തീയതി ജൂണ്‍ അഞ്ചാണ്.

Content Highlights: The BJP made the move to bring DCC General Secretary Beena Joseph into the party at nilambur

dot image
To advertise here,contact us
dot image