
മലപ്പുറം: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി വി അന്‍വറിന് വഴങ്ങാതെ യുഡിഎഫ് നേതൃത്വം. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫുമായി സഹകരിക്കണമോയെന്നതില്‍ അന്‍വറിന് തീരുമാനം എടുക്കാമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വ്യക്തമാക്കി. അന്‍വര്‍ നിലപാട് അറിയിച്ചശേഷം യുഡിഎഫ് അഭിപ്രായം പറയാമെന്നും വി ഡി സതീശന്‍ പ്രതികരിച്ചു. യുഡിഎഫ് നേതൃയോഗത്തിന് ശേഷമാണ് നേതാക്കള്‍ നിലപാട് അറിയിച്ചത്.
'തിരഞ്ഞെടുപ്പുമായി സഹകരിക്കണമോ വേണ്ടയോയെന്ന് തീരുമാനിക്കേണ്ടത് അന്‍വറാണ്. അന്‍വര്‍ തീരുമാനിക്കട്ടെ. സഹകരിച്ചാല്‍ ഒരുമിച്ചുപോകും. മുന്നണി പ്രവേശനവും അന്‍വര്‍ തീരുമാനിക്കട്ടെ. അന്‍വര്‍ നിലപാട് അറിയിച്ചാല്‍ യുഡിഎഫ് അഭിപ്രായം പറയും', വി ഡി സതീശന്‍ പറഞ്ഞു.
കോഴിക്കോട് ഡിസിസി അധ്യക്ഷന്‍ അഡ്വ. പ്രവീണ്‍ കുമാര്‍, കെപിസിസി ജനറല്‍ സെക്രട്ടറി ജയന്ത്, സിഎംപി നേതാവ് വിജയകൃഷ്ണന്‍ എന്നിവര്‍ ഇന്ന് മലപ്പുറത്തെ വീട്ടിലെത്തി അന്‍വറുമായി കൂടിക്കാഴ്ച നടത്തിയത് നേതൃത്വത്തിന്റെ അറിവോടെയല്ലെന്നും വി ഡി സതീശന്‍ വ്യക്തമാക്കി. സൗഹൃദകൂടിക്കാഴ്ചയാകാം എന്നാണ് വി ഡി സതീശന്‍ പ്രതികരിച്ചത്.
'യുഡിഎഫിന് ഒരു കുഴപ്പവുമില്ല. അങ്ങനെ ആരും ആശിക്കേണ്ടതില്ല. ആര്യാടന്‍ ഷൗക്കത്തിന്റെ സ്ഥാനാര്‍ത്ഥിത്വം കരിയില പോലും അനങ്ങാതെ ഒരുമിച്ചെടുത്ത തീരുമാനമാണ്. മുഴുവന്‍ യുഡിഎഫ് നേതാക്കളുടെയും അനുമതിയോടെയാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് ഗോധയിലേക്ക് ഇറക്കിയത്. തിരഞ്ഞെടുപ്പ് മുന്നൊരുക്കം യുഡിഎഫ് നേരത്തെ ആരംഭിച്ചു. പരമ്പരാഗത യുഡിഎഫ് മണ്ഡലമാണ് നിലമ്പൂര്‍. മഹാഭൂരിപക്ഷത്തോടെ മണ്ഡലത്തില്‍ യുഡിഎഫ് വിജയിക്കും' എന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.
Content Highlights: V d Satheesan Reaction over anvar udf entry after meeting