
കൊച്ചി: മാനേജരെ മര്‍ദിച്ചെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നടന്‍ ഉണ്ണി മുകുന്ദന്‍. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് നടന്‍ ജാമ്യാപേക്ഷ നല്‍കിയത്. തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതിയാണെന്നും ആരോപണങ്ങള്‍ തന്നെ ഞെട്ടിക്കുകയും വേദനിപ്പിക്കുകയും ചെയ്തുവെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു.
സിസടിവി ക്യാമറയുള്ളിടത്താണ് സംഭവം നടന്നത്. വ്യക്തിപരമായ വൈരാഗ്യം തീര്‍ക്കുന്നതിനും നിയമവിരുദ്ധമായ നേട്ടങ്ങള്‍ക്കുമായാണ് ഇപ്പോൾ പരാതി നല്‍കിയിരിക്കുന്നത്. വര്‍ഷങ്ങളായി സുഹൃത്തിനെ പോലെ കൂടെ നടന്നയാള്‍ തന്നെകുറിച്ച് അപവാദം പറഞ്ഞു നടന്നത് ചോദിക്കുക മാത്രമാണ് ചെയ്തത്. ഇതെല്ലാം ചോദിക്കുമ്പോൾ തങ്ങളുടെ പൊതു സുഹൃത്തായ വിഷ്ണു ഉണ്ണിത്താനും കൂടെയുണ്ടായിരുന്നുവെന്നും ഉണ്ണി മുകുന്ദൻ വ്യക്തമാക്കി.
ഉണ്ണി മുകുന്ദൻ മർദ്ദിച്ചെന്ന മാനേജരുടെ പരാതിയിൽ കൊച്ചി ഇൻഫോ പാർക്ക് പൊലീസ് കേസെടുത്തിരുന്നു. ഉണ്ണി മുകുന്ദൻ വധഭീഷണി മുഴക്കിയെന്നാണ് പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്ന എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. കരണത്തടിക്കുകയും തടഞ്ഞുവെക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നും എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പ്രകോപനം റിവ്യൂ രേഖപ്പെടുത്തിയതിലെ വിരോധമെന്നും എഫ്ഐആറിൽ പറയുന്നുണ്ട്.
ഉണ്ണി മുകുന്ദൻ്റെ ഒടുവിൽ ഇറങ്ങിയ സിനിമ പരാജയപ്പെട്ട സാഹചര്യത്തിൽ മാനേജർ നരിവേട്ട സിനിമയെ പുകഴ്ത്തി സോഷ്യൽ മീഡിയ പോസ്റ്റ് ഇട്ടതാണ് നടനെ പ്രകോപിച്ചത് എന്നാണ് പരാതിയിൽ പറഞ്ഞിരുന്നത്. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് അസഭ്യം പറഞ്ഞ് മർദ്ദിക്കാനുള്ള കാരണം എന്നും പരാതിയിൽ പറയുന്നു. തൻ്റെ ഫ്ളാറ്റിൽ വന്ന് പാർക്കിംഗ് ഏരിയയിൽ വിളിച്ച് വരുത്തിയാണ് മർദ്ദിച്ചതെന്നാണ് പരാതി.
തുടർച്ചയായി സിനിമകൾ പരാജയപ്പെട്ടതിൻ്റെ അസഹിഷ്ണുതയാണ് ഉണ്ണി മുകുന്ദനെന്നാണ് മാനേജർ വിപിൻ പ്രതികരിച്ചത്. താനൊരു സിനിമാ പ്രവർത്തകനാണെന്നും പല സിനിമകൾക്ക് വേണ്ടിയും ജോലി ചെയ്തിട്ടുണ്ടെന്നും വിപിൻ ചൂണ്ടിക്കാണിച്ചു. ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്. അതൊക്കെ പിന്നീട് പറയുമെന്നും പൊലീസിന് വിശദമനായ മൊഴിനൽകിയിട്ടുണ്ടെന്നും വിപിൻ മാധ്യമങ്ങളോട് പ്രതികരിച്ചു. എഎംഎംഎ, ഫെഫ്ക അടക്കമുള്ള സിനിമാ സംഘടനകൾക്കും പരാതി നൽകിയിട്ടുണ്ടെന്ന് വിപിൻ കൂട്ടിച്ചേർത്തു.
Content Highlights- Actor Unni Mukundan seeks anticipatory bail in manager assault case