
കൊച്ചി: നിലമ്പൂർ നിയോജകമണ്ഡലം ഉപതിരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്തിന്റെ സ്ഥാനാർത്ഥിത്വം സ്വാഗതം ചെയ്ത് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ആര്യാടൻ ഷൗക്കത്ത് കോൺഗ്രസ് സ്ഥാനാർഥിയാകുമ്പോൾ അതിൽ അത്ഭുതങ്ങളും അതിശയങ്ങളുമില്ലെന്നും അദ്ദേഹത്തിന്റെ വിജയത്തെ കുറിച്ച് ആശങ്കകളില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
നിലമ്പൂരിന് രണ്ട് അഭിമാനങ്ങളാണ് ഉള്ളതെന്നും അതിൽ ഒന്ന് നിലമ്പൂർ തേക്കും രണ്ടാമത്തേത് ആര്യാടനുമാണ്. കാതലും കരുത്തും ഒന്നിച്ചവയാണ് രണ്ടുമെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയൻ സർക്കാരിന്റെ വിലയിരുത്തലായിരിക്കും നിലമ്പുർ തിരഞ്ഞെടുപ്പെന്നും ചെന്നിത്തല പറഞ്ഞു. ഏറെ നാടകീയതകൾക്കൊടുവിലാണ് ആര്യാടൻ ഷൗക്കത്തിനെ കോൺഗ്രസ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്.
നിലമ്പൂർ എംഎൽഎയായിരുന്ന പിവി അൻവർ രാജിവെച്ച ഒഴിവിലേക്കാണ് നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച പിവി അൻവർ കോൺഗ്രസ് നേതാവും മലപ്പുറം ഡിസിസി പ്രസിഡന്റുമായ വി എസ് ജോയ്‌യെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യമുന്നയിക്കുകയും ചെയ്തിരുന്നു. എന്നാൽ ആര്യാടൻ ഷൗക്കത്തിനെയാണ് യുഡിഎഫ് പരിഗണിച്ചത്.
സ്ഥാനാർത്ഥിത്തിനായി വിഎസ് ജോയ് പാർട്ടി നേതൃത്വത്തിനോട് അവകാശവാദം ഉന്നയിച്ചിരുന്നു. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ സംസ്ഥാന നേതാക്കളുമായി ചർച്ച നടത്തിയ ശേഷമാണ് ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. കുടിയേറ്റ കർഷകരെ പ്രതിനിധാനം ചെയ്യുന്ന വ്യക്തി എന്ന നിലയ്ക്കാണ് താൻ വി എസ് ജോയ്‌യെ പേര് നിർദേശിച്ചതെന്നും അല്ലാതെ അദ്ദേഹത്തോട് പ്രത്യേക മമതയില്ലെന്നും പി വി അൻവർ പറഞ്ഞിരുന്നു.
അതേസമയം സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ആര്യാടൻ ഷൗക്കത്തിനെ പിന്തുണച്ച് വിഎസ് ജോയി രംഗത്ത് എത്തി. 'നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന് അഭിവാദ്യങ്ങൾ' എന്നായിരുന്നു വി എസ് ജോയ് ഫേസ്ബുക്കിൽ കുറിച്ചത്. വി എസ് ജോയ് പങ്കുവെച്ച പോസ്റ്റ് ഷാഫി പറമ്പിൽ എംപി റീഷെയർ ചെയ്യുകയും ചെയ്തിരുന്നു. നമ്മൾ ജയിക്കും നിലമ്പൂരിനും കേരളത്തിനും നല്ലത് വരുമെന്ന കുറിപ്പോട് കൂടിയാണ് ഷാഫി പറമ്പിൽ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
ജൂൺ 19-നാണ് നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ജൂൺ 23 നാണ് വോട്ടെണ്ണൽ. നിലമ്പൂർ ഉൾപ്പെടെ രാജ്യത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും ജൂൺ 19ന് ഉപതിരഞ്ഞെടുപ്പ് നടക്കും. ഗസറ്റ് വിജ്ഞാപനം ഈ മാസം 26ന് ഉണ്ടാകും. ജൂൺ രണ്ടിനാണ് നോമിനേഷൻ സമർപ്പിക്കേണ്ട അവസാന തിയതി. നോമിനേഷൻ പിൻവലിക്കാനുള്ള അവസാന തീയതി ജൂൺ അഞ്ചാണ്.
Content Highlights: Nilambur byelection Ramesh Chennithala welcomes Aryadan Shoukkaths candidacy