
തൊടുപ്പുഴ: ഇടുക്കി പൂപ്പാറയിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിനു മുകളിലേക്ക് മരം വീണു. എറണാകുളത്ത് നിന്നും എത്തിയ വിനോദ സഞ്ചാരികളുടെ വാഹനത്തിന് മുകളിലേക്കാണ് മരം വീണത്. മരം മറിഞ്ഞു വരുന്നത് കണ്ട് വണ്ടി നിർത്തിയതിനാൽ ശിഖരം ബോണറ്റിലേക്ക് വീണ് വലിയ അപകടം ഒഴിവായി. എറണാകുളം സ്വദേശി രൂപേഷും കുടുംബവുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. സംഭവത്തിൽ ആർക്കും പരിക്കില്ല.
അതേ സമയം, സംസ്ഥാനത്ത് നാളെ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പതിനൊന്ന് ജില്ലകളില്‍ അതിതീവ്ര മഴയും 3 ജില്ലകളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ഇതോടനുബന്ധിച്ച് 11 ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.
പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
കനത്ത മഴയോടനുബന്ധിച്ച് ഇന്ന് മലബാറിലെ അഞ്ച് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. എട്ടു ദിവസം നേരത്തെയാണ് കേരളത്തിൽ കാലവർഷം എത്തുന്നത്. 16 വർഷത്തിന് ശേഷമാണ് കേരളത്തിൽ മൺസൂൺ നേരത്തെ എത്തുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി കേരളത്തിൽ വ്യാപകമായ മഴ തുടരുകയാണ്.C
Content Highlights- Tree falls on top of car, stops and lands on bonnet, family barely escapes