
മലപ്പുറം: കൂരിയാട് അപകടമേഖല സന്ദർശിക്കുന്നത് ജനങ്ങൾ ഒഴിവാക്കണമെന്ന് മലപ്പുറം ജില്ലാ കളക്ടർ വി ആർ വിനോദ്.
ഡിസാസ്റ്ററിനെ ടൂറിസം ആയി കാണരുതെന്നും കൂടുതൽ ആളുകൾ പോകുന്നത് കൂടുതൽ അപകടങ്ങൾക്ക് ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ജനങ്ങൾ പ്രദേശത്തേക്ക് വരുന്നത് തടയേണ്ടി വരും. കൂരിയാട് അപകടത്തിൽ വീണ്ടും ദേശീയ പാത അതോറിറ്റിയുമായി ചർച്ച നടത്തും. ജനങ്ങളുടെ സഞ്ചാരത്തെ ബാധിക്കാതെ ഗതാഗതം ക്രമീകരിക്കും. കൂരിയാട്ടെ വലതുവശത്തെ സർവീസ് റോഡ് ട്രാഫികിന് തുറന്നു കൊടുക്കാം എന്നാണ് ദേശീയ പാത അതോറിറ്റി പറഞ്ഞത്. അവിടെ ചില അറ്റകുറ്റ പണികൾ പൂർത്തിയാക്കേണ്ടതുണ്ട് എന്നാണ് എൻ എച്ച് ഐ അറിയിച്ചതെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി.
അതേസമയം, സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ ദേശീയപാത ഇടിഞ്ഞുതാഴ്ന്ന സംഭവത്തിൽ ദേശീയ ഹൈവേ അതോറിറ്റിക്കെതിരെ ഹൈക്കോടതി വിമർശനമുയർത്തി. കേരളത്തിലെ ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നും എന്താണ് സംഭവിച്ചത് എന്നതിൽ ഇടക്കാല റിപ്പോർട്ട് നൽകണമെന്നും ഹൈക്കോടതി ദേശീയ പാത അതോറിറ്റിക്ക് നിർദേശം നൽകി. സംഭവിച്ച കാര്യങ്ങളിൽ കേരളത്തിന് സന്തോഷമില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ജനങ്ങൾ ക്ഷമയോടെ കാത്തിരുന്ന പാതയാണ് തകർന്നതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. കൊച്ചിയിലെ റോഡുകളുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെയാണ് ഇക്കാര്യം പറഞ്ഞത്. വ്യാഴാഴ്ച ഹർജി വീണ്ടും പരിഗണിക്കും.
മലപ്പുറം, തൃശൂർ, കാസർകോട്, കണ്ണൂർ എന്നീ ജില്ലകളിലാണ് ദേശീയപാതയിൽ വ്യാപക വിള്ളലും മണ്ണിടിച്ചിലും കണ്ടെത്തിയത്. മലപ്പുറത്ത് എടരിക്കോട് മമ്മാലിപ്പടിയിലാണ് ദേശീയപാതയിൽ വിള്ളൽ കണ്ടെത്തിയത്. മലപ്പുറം കൂരിയാട് ദേശീയപാത ഇടിഞ്ഞ് താഴുകയായിരുന്നു. തൃശൂർ ചാവക്കാട് നിർമാണം പുരോഗമിക്കുന്ന മണത്തല പ്രദേശത്താണ് മേൽപ്പാലത്തിന് മുകളിൽ വിള്ളൽ കണ്ടെത്തിയത്. കാസർകോട് ദേശീയപാത നിർമാണം നടക്കുന്ന മാവുങ്കാൽ കല്യാൺ റോഡിന് സമീപമാണ് വിള്ളൽ കണ്ടെത്തിയത്. കണ്ണൂരിൽ ദേശീയപാതയ്ക്ക് സമീപം തളിപ്പറമ്പ് കുപ്പത്താണ് വ്യാപക മണ്ണിടിച്ചിലുണ്ടായത്.
കൂരിയാട് ദേശീയപാത നിർമ്മാണത്തിൽ കരാർ കമ്പനിക്ക് വീഴ്ച്ച സംഭവിച്ചുവെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയം വ്യക്തമാക്കിയിരുന്നു. നിർമാണത്തിനു മുൻപ് ഭൂമിയുടെ അവസ്ഥ പരിശോധിച്ചില്ലെന്നും ഭൂമി ബലപ്പെടുത്തുന്നതിൽ അശ്രദ്ധ കാണിച്ചുവെന്നുമായിരുന്നു ഗതാഗത മന്ത്രാലയത്തിന്റെ കണ്ടെത്തൽ. കഴിഞ്ഞ ദിവസം ഐഐടിയിലെ റിട്ട. പ്രൊഫസറുൾപ്പെടെയുളള മൂന്നംഗ വിദഗ്ധ സംഘം പ്രദേശം സന്ദർശിച്ചിരുന്നു. തുടർന്ന് ഇവർ ഗതാഗത മന്ത്രാലയത്തിന് റിപ്പോർട്ട് നൽകി. പിന്നാലെ കരാർ കമ്പനിയെ ഡീബാർ ചെയ്യുകയും ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.
Content Highlights: Malappuram District Collector V R Vinod asks people to avoid visiting the Kooriyad disaster zone