
തിരുവനന്തപുരം: എസ്എഫ്‌ഐ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഗോകുല്‍ ഗോപിനാഥ് ബിജെപിയില്‍ ചേര്‍ന്നു. തിരുവനന്തപുരം മുന്‍ ജില്ലാ സെക്രട്ടറിയായിരുന്ന ഗോകുല്‍ നിലവില്‍ കൊടപ്പനക്കുന്ന് ലോക്കല്‍ കമ്മിറ്റി അംഗവും മണ്ണടി ബ്രാഞ്ച് സെക്രട്ടറിയുമായിരുന്നു. താന്‍ ഇതുവരെ സിപിഐഎം വിട്ടിട്ടില്ലെന്നും ഇപ്പോള്‍ വിടുന്നുവെന്നും ഗോകുല്‍ പറഞ്ഞു.
'ബിജെപി എന്റെ ഇഷ്ടമാണ്. രാവിലെ വരെ സിപിഐഎം ആയിരുന്നു, മരണം വരെ ബിജെപി ആയിരിക്കും. ബിജെപിയുടെ ഭാഗമായി നിന്നപ്പോള്‍ ഉള്ളതുപോലെ പ്രവര്‍ത്തിക്കും. പെട്ടി എടുപ്പുക്കാര്‍ക്ക് അവസരം കൊടുക്കുന്നതായി സിപിഐഎം സംഘടന മാറി', ഗോകുല്‍ പറഞ്ഞു. 2021ലാണ് ഗോകുല്‍ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചത്.
തിരുവനന്തപുരം സംസ്‌കൃത കോളേജില്‍ മദ്യപിച്ച് ഡാന്‍സ് ചെയ്തതിനെത്തുടര്‍ന്ന് സംഘടനയില്‍ നിന്ന് ഗോകുലിനെ പുറത്താക്കിയിരുന്നു. എന്നാല്‍ അത് സിപിഐഎം നേതാക്കളുടെ ട്രാപ്പായിരുന്നുവെന്ന് ഗോകുല്‍ പ്രതികരിച്ചു. നൃത്തം ചെയ്യുന്ന വീഡിയോ പുറത്ത് വന്നെന്നും അന്ന് മദ്യപിച്ചിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. കയ്യില്‍ മദ്യകുപ്പി ഉണ്ടായിരുന്നോവെന്നും ഗോകുല്‍ ചോദിച്ചു. കേരള യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് - സെനറ്റ് മെമ്പറായും ഗോകുല്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
Content Highlights: SFI ex vice president joined BJP