
കൊച്ചി: തിരുവാങ്കുളത്ത് നിന്നും മൂന്നു വയസ്സുകാരിയെ കാണാതായ സംഭവത്തില്‍ പ്രതികരിച്ച് അമ്മയെ വീട്ടിലെത്തിച്ച ഓട്ടോറിക്ഷാ ഡ്രൈവര്‍. അമ്മയെ വീട്ടില്‍ വിടുമ്പോള്‍ ഒപ്പം കുട്ടിയുണ്ടായിരുന്നില്ല എന്ന് ഓട്ടോറിക്ഷാ ഡ്രൈവര്‍ വ്യക്തമാക്കി. കുറുമശ്ശേരി സ്റ്റാന്‍ഡില്‍ നിന്നും യുവതി മാത്രമാണ് തന്റെ ഓട്ടോയില്‍ കയറിയതെന്നും ഓട്ടോ ഡ്രൈവര്‍ റിപ്പോർട്ടറിനോട് പറഞ്ഞു.
യുവതിയുടെ മുഖത്ത് എന്തോ പരിഭ്രമം ഉണ്ടായിരുന്നതായും താന്‍ അത് ശ്രദ്ധിച്ചിരുന്നില്ലെന്നും ഓട്ടോഡ്രൈവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. യുവതിയ്ക്ക് മാക്കോലിത്താഴത്ത് പോകണമെന്ന് പറഞ്ഞു. ഇത് അനുസരിച്ച് രാത്രി ഏഴരയോടെ യുവതിയെ മാക്കോലിത്താഴത്തെ വീട്ടിലെത്തിച്ചുവെന്നും ഓട്ടോഡ്രൈവര്‍ പറഞ്ഞു.
കുട്ടിയെ മൂഴിക്കുളം പാലത്തില്‍ നിന്നുംതാഴേക്കിട്ടെന്നാണ് അമ്മ പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. പിന്നാലെ പൊലീസും നാട്ടുകാരും പാലത്തിന് താഴെ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഇതിനിടെ അമ്മ കുട്ടിയുമായി മൂഴിക്കുളം പാലത്തിന് സമീപം എത്തിയിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു. മൂഴിക്കുളം പാലത്തിന്റെ പരിസരത്ത് അമ്മ കുട്ടിയുമായി ബസ് ഇറങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.
നേരത്തെ അമ്മ നല്‍കിയ ആദ്യ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ആലുവയില്‍ പരിശോധന നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല. ഇതിന് പിന്നാലെയാണ് മൂഴിക്കുളം പാലത്തിന് താഴേക്കിട്ടെന്ന് കുട്ടിയുടെ അമ്മ മൊഴി നല്‍കിയത്.
കുട്ടിക്കായി കൊച്ചിയില്‍ പലയിടങ്ങളിലായി പൊലീസ് ശക്തമായ തിരച്ചില്‍ നടത്തിവരികയാണ്. കുട്ടിയുടെ അമ്മയും അച്ഛനും തമ്മില്‍ തര്‍ക്കമുണ്ടായിരുവെന്ന് പൊലീസ് പറയുന്നു. തിരുവാങ്കുളത്ത് നിന്ന് കെഎസ്ആര്‍ടിസി ബസ് കയറി പോകുന്ന അമ്മയുടെയും കുട്ടിയുടെയും ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. കുട്ടിയെയും കൊണ്ട് അമ്മ ബസിലും ഓട്ടോയിലും മാറി മാറി യാത്ര ചെയ്തതായാണ് വിവരം. കുട്ടിയെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ 0484-2623550 എന്ന നമ്പറില്‍ വിവരം അറിയിക്കണമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.
content highlights: 'There was no kid, the woman's face was filled with panic'; Autorickshaw driver