
കാസര്‍കോട്: പരിപാടിയുടെ ഉദ്ഘാടനത്തിന് മന്ത്രി ജെ ചിഞ്ചുറാണി എത്താൻ വൈകിയത് മൂലം അമർഷം പ്രകടിപ്പിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ എം പി മടങ്ങിപ്പോയി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മുളിയാർ ബോവിക്കാനത്ത് ജില്ലാപഞ്ചായത്തും ചേർന്ന് നിർമിച്ച അനിമൽ ബെർത്ത് കൺട്രോൾ കേന്ദ്രത്തിന്റെ ഉദ്‌ഘാടന വേളയിലാണ് ചിഞ്ചുറാണിയുടെ വൈകിവരവും എംപിയുടെ മടങ്ങിപ്പോക്കും ഉണ്ടായത്.
ഇന്നലെയായിരുന്നു സംഭവം. ഉച്ചയ്ക്ക് രണ്ട് മണിക്കായിരുന്നു കേന്ദ്രത്തിന്റെ ഉദ്ഘാടനം തീരുമാനിച്ചിരുന്നത്. രാജ്‌മോഹൻ ഉണ്ണിത്താൻ എം പിയായിരുന്നു മുഖ്യാതിഥി. അദ്ദേഹം രണ്ടരയായപ്പോൾ എത്തി. മറ്റ് ജനപ്രതിനിധികളും കൃത്യ സമയത്തുതന്നെ എത്തി. എന്നാൽ മന്ത്രി അപ്പോഴും എത്തിയിരുന്നില്ല. തുടർന്ന് എം പി അവിടെയുള്ള ജനപ്രതിനിധികളോട് സംസാരിച്ചും കേന്ദ്രം സന്ദർശിച്ചും മറ്റും ഒന്നേകാൽ മണിക്കൂറോളം സമയം ചിലവഴിച്ചു. തുടർന്നും മന്ത്രി എത്താതിരുന്നപ്പോഴാണ് മന്ത്രിയായാലും ഇത്രയും വൈകരുതെന്ന് പറഞ്ഞ് രാജ്‌മോഹൻ ഉണ്ണിത്താൻ മടങ്ങിയത്. മറ്റ് പരിപാടികളിൽ പങ്കെടുക്കാൻ ഉണ്ടായിരുന്നതുകൊണ്ടും കൂടിയാണ് രാജ്മോഹൻ ഉണ്ണിത്താൻ മടങ്ങിപ്പോയത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും അടക്കമുള്ളവർ എം പിയോട് പോകരുതെന്ന് പറഞ്ഞുനോക്കിയെങ്കിലും അദ്ദേഹം തുടരാൻ തയ്യാറായില്ല. മൂന്നേമുക്കാൽ വരെ കാത്തുനിന്ന എം പി മടങ്ങിപ്പോയ ശേഷം നാല് മണിയോടെയാണ് മന്ത്രി ജെ ചിഞ്ചുറാണി എത്തുന്നത്. മറ്റൊരു പരിപാടിയിൽ പങ്കെടുത്തശേഷമായിരുന്നു മന്ത്രി ഇവിടേയ്ക്ക് എത്തിയതെന്നാണ് വിവരം.
Content Highlights: Rajmohan Unnithan MP leaves in frustration as minister Chinchurani fails to reach in time