'സന്ധ്യ ആദ്യമായല്ല കുട്ടികളെ ഉപദ്രവിക്കുന്നത്, ടോർച്ചെടുത്ത് മൂത്ത കുട്ടിയെ അടിച്ചു'; ആരോപണവുമായി ഭർതൃമാതാവ്

സന്ധ്യയുമായി വീട്ടിൽ ആർക്കും പ്രശ്നമുണ്ടായിരുന്നില്ലായെന്ന് ഭ‍ർതൃമാതാവ് പ്രതികരിച്ചു

dot image

കൊച്ചി: എറണാകുളം തിരുവാങ്കുളത്ത് നാല് വയസുകാരി കല്ല്യാണി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരിച്ച് പ്രതി സന്ധ്യയുടെ ഭ‍‌ർതൃമാതാവ് സുഭാഷിണി. സന്ധ്യ മുൻപും കുട്ടികളെ ഉപദ്രവിച്ചിട്ടുണ്ടെന്ന് സുഭാഷിണി വെളിപ്പെടുത്തി.

'സന്ധ്യ മുൻപും കുട്ടികളെ ഉപദ്രവിക്കുമായിരുന്നു. ഒരു ദിവസം കല്ല്യാണിയുടെ നെഞ്ചത്ത് സന്ധ്യ അടിച്ചു. അതിൻ്റെ പാട് ഇപ്പോഴും കുട്ടിയുടെ നെഞ്ചത്തുണ്ട്. ടോര്‍ച്ചെടുത്ത് മൂത്ത കുഞ്ഞിനെയും സന്ധ്യ അടിച്ചിരുന്നു', സുഭാഷിണി പറഞ്ഞു.

സന്ധ്യ മക്കളെയും കൊണ്ട് വീട്ടില്‍ നിന്നിറങ്ങിപോകാറുണ്ട്. പോകുന്ന വിവരം ആരോടും പറയാറില്ല. പോകുമ്പോള്‍ വീട്ടിലെ പാത്രങ്ങളും ഡ്രസുമടക്കം എല്ലാം കൊണ്ടുപോകും. ഒരിക്കല്‍ കുഞ്ഞില്ലാതെ സ്വന്തം വീട്ടിലേക്ക് പോയ സന്ധ്യയെ അച്ഛൻ തിരികെ അയക്കുകയായിരുന്നു'വെന്നും സുഭാഷിണി വ്യക്തമാക്കി.

സന്ധ്യയുമായി കുടംബത്തിൽ ആർക്കും പ്രശ്നമുണ്ടായിരുന്നില്ലെന്നും ഭ‍ർതൃമാതാവ് വ്യക്തമാക്കി. പീഡനം ഉണ്ടായിട്ടില്ല. സന്ധ്യയും താനും തമ്മില്‍ വഴക്കില്ല. ഭർത്താവുമായി സന്ധ്യക്ക് പ്രശ്നമുണ്ടോയെന്ന് അറിയില്ല. കൊലപാതകം നടന്ന ദിവസവും വഴക്കൊന്നും ഉണ്ടായിട്ടില്ലായെന്നും സുഭാഷിണി പറഞ്ഞു.

ഇന്നലെ രാത്രിയായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. മൂഴിക്കുളം പാലത്തിനടുത്ത് പുഴയില്‍ നടത്തിയ തിരച്ചിലിലാണ് നാല് വയസ്സുകാരിയുടെ ജീവനറ്റ ശരീരം ഇന്ന് പുലര്‍ച്ചെ രണ്ടര മണിയോടെ കണ്ടെത്തിയത്. പൊലീസും ഫയര്‍ഫോഴ്സും സ്‌കൂബാ ഡൈവര്‍മാരും നാട്ടുകാരും ചേര്‍ന്ന് മൂഴിക്കുളം പാലത്തിന് സമീപമുള്ള പുഴയില്‍ മൂന്നരമണിക്കൂറിലേറെ നീണ്ട തിരച്ചിലിനൊടുവിലാണ് കുട്ടിയെ പുഴയില്‍ നിന്ന് കണ്ടെത്തിയത്. കുട്ടിയുടെ ശരീരം പുഴയ്ക്ക് അടിയിലെ തടിയില്‍ കുടുങ്ങിയ നിലയിലായിരുന്നു. പാലത്തില്‍ നിന്നും എറിഞ്ഞ അതേ സ്ഥലത്ത് നിന്ന് തന്നെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

മെയ് 19 തിങ്കളാഴ്ച വൈകിട്ടോടെയായിരുന്നു മൂന്ന് വയസ്സുകാരി കല്യാണിയെ കാണാതായെന്ന വിവരം പുറത്ത് വരുന്നത്. ആലുവയില്‍ വെച്ചാണ് കുട്ടിയെ കാണാതായതെന്നായിരുന്നു കുട്ടിയുടെ അമ്മയുടെ ആദ്യമൊഴി. തിരുവാണിയൂര്‍ പഞ്ചായത്തിലെ മറ്റക്കുഴിയിലെ അംഗനവാടിയില്‍ നിന്നും കുട്ടിയെ കൂട്ടിക്കൊണ്ടു വരുന്നതിനിടയില്‍ ബസ്സില്‍ വെച്ച് കുട്ടിയെ കാണാതാവുകയായിരുന്നു എന്നായിരുന്നു അമ്മയുടെ ആദ്യമൊഴി.

ഇതിനിടയില്‍ കുട്ടിയുമായി അമ്മ പോകുന്ന ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിരുന്നു. പിന്നീടാണ് മൂഴിക്കുളം പാലത്തിന് മുകളില്‍ നിന്നും കുട്ടിയെ താഴേയ്ക്ക് ഇട്ടതായി അമ്മ പൊലീസിന് മൊഴി നല്‍കുന്നത്. കുട്ടിയുമായി അമ്മ മൂഴിക്കുളം പാലത്തിന് സമീപം എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചതോടെയാണ് പാലത്തിന് സമീപമുള്ള പുഴയില്‍ തിരച്ചില്‍ ആരംഭിക്കുന്നത്. 

സംഭവത്തിൽ ചെങ്ങമനാട് പൊലീസ് കുട്ടിയുടെ അമ്മയായ സന്ധ്യയ്ക്ക് മേൽ കൊലക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. സന്ധ്യയുടെ അറസ്റ്റ് പൊലീസ് ഉടന്‍ രേഖപ്പെടുത്തും. കുട്ടിയുടെ മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Content Highlights: Ernakulam kalyani death accused Sandhya husband mother subhashini reaction

dot image
To advertise here,contact us
dot image