
തിരുവനന്തപുരം: സര്‍വ്വകക്ഷി പ്രതിനിധി സംഘത്തില്‍ കേന്ദ്രസര്‍ക്കാര്‍ ശശി തരൂര്‍ എംപിയുടെ പേര് ഉള്‍പ്പെടുത്തിയതില്‍ പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യന്‍. ശശി തരൂരിനെ സര്‍വ്വകക്ഷി പ്രതിനിധി സംഘത്തില്‍ ഉള്‍പ്പെടുത്തിയത് ബിജെപിയുടെ രാഷ്ട്രീയ തന്ത്രമാണെന്ന് പി ജെ കുര്യന്‍ പറഞ്ഞു. ശശി തരൂര്‍ എംപിയായതു കൊണ്ടാണ് പ്രതിനിധി സംഘത്തിലേക്ക് കേന്ദ്രസര്‍ക്കാര്‍ തെരഞ്ഞെടുത്തതെന്നും പാര്‍ട്ടിയുടെ അനുവാദം വാങ്ങാതിരുന്നത് തരൂരിന്റെ ഭാഗത്തുനിന്നും ഉണ്ടായ വീഴ്ച്ചയാണെന്നും പി ജെ കുര്യന്‍ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'സര്‍വ്വകക്ഷി പ്രതിനിധി സംഘത്തിലേക്ക് പല ഘടകങ്ങള്‍ നോക്കിയാണ് പാര്‍ട്ടി പേര് നിര്‍ദേശിക്കുന്നത്. ശശി തരൂരിന്റെ പേര് കോണ്‍ഗ്രസ് നിര്‍ദേശിക്കാതിരുന്നത് തെറ്റല്ല. അത് പാര്‍ട്ടിയുടെ തീരുമാനമാണ്. തരൂരിനെ പ്രതിനിധി സംഘത്തില്‍ ഉള്‍പ്പെടുത്തിയത് ബിജെപിയുടെ രാഷ്ട്രീയ തന്ത്രമാണ്. കോണ്‍ഗ്രസിന്റെ ടിക്കറ്റിലാണ് ശശി തരൂര്‍ എംപിയായത്. കേന്ദ്രസര്‍ക്കാര്‍ സര്‍വ്വകക്ഷി പ്രതിനിധി സംഘത്തില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ തരൂര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയോട് അനുവാദം വാങ്ങേണ്ടിയിരുന്നു. അനുവാദം ചോദിച്ചിരുന്നെങ്കില്‍ കോണ്‍ഗ്രസ് നല്‍കുമായിരുന്നു. അനുവാദം വാങ്ങാതിരുന്നത് ശശി തരൂരിന്റെ ഭാഗത്തെ വീഴ്ച്ചയാണ്. താന്‍ ഒരു കോണ്‍ഗ്രസ് എംപിയാണെന്ന് തരൂര്‍ ഓര്‍ക്കണമായിരുന്നു'- പി ജെ കുര്യന്‍ പറഞ്ഞു.
തരൂര്‍ കോണ്‍ഗ്രസിനോട് അനുവാദം ചോദിക്കാതിരുന്നതിന് മോദിയെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും പ്രഗത്ഭനായ ഒരാളെ സര്‍വ്വകക്ഷി പ്രതിനിധി സംഘത്തില്‍ ഉള്‍പ്പെടുത്തുക മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തതെന്നും പി ജെ കുര്യന്‍ പറഞ്ഞു. ' അനുവാദം ചോദിക്കാതിരുന്നത് വീഴ്ച്ചയാണ്. അതിനര്‍ത്ഥം ശശി തരൂര്‍ കഴിവില്ലാത്ത ആളാണ് എന്നല്ല. 1994-ല്‍ യുഎന്‍ ഡെലിഗേഷന്റെ ലീഡര്‍ ആക്കിയപ്പോള്‍ എ ബി വാജ്‌പേയി ബിജെപിയോട് അനുവാദം ചോദിച്ചിരുന്നു. പാര്‍ട്ടിയുടെ അനുവാദം വാങ്ങിയാണ് അന്ന് അദ്ദേഹം യുഎന്‍ ഡെലിഗേഷനെ നയിച്ചത്. അന്നത്തെ പ്രധാനമന്ത്രി പി വി നരസിംഹറാവു ആണ് അന്ന് വാജ്‌പേയിയുടെ പേര് നിര്‍ദേശിച്ചത്'- പി ജെ കുര്യന്‍ പറഞ്ഞു.
അതേസമയം, സംഘത്തിന്റെ ഭാഗമാകാന്‍ ശശി തരൂരിന് കോണ്‍ഗ്രസ് അനുമതി നല്‍കി. കേന്ദ്രം നിര്‍ദേശിച്ച പ്രതിനിധികളെല്ലാം സംഘത്തില്‍ ഉണ്ടാകുമെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ് വ്യക്തമാക്കി. ശശി തരൂരിന്റെ പേര് കോണ്‍ഗ്രസ് നിര്‍ദേശിച്ചിരുന്നില്ല. ആനന്ദ് ശര്‍മ്മ, ഗൗരവ് ഗൊഗോയ്, സയ്യിദ് നസീര്‍ ഹുസൈന്‍, രാജ ബ്രാര്‍ എന്നിവരുടെ പേരുകളാണ് കോണ്‍ഗ്രസ് നല്‍കിയത്. പാര്‍ട്ടി നിര്‍ദേശിക്കാത്ത തരൂരിനെ പ്രതിനിധി സംഘത്തെ നയിക്കാന്‍ നിയോഗിച്ചതില്‍ കോണ്‍ഗ്രസിന് അതൃപ്തിയുണ്ട്. അതിര്‍ത്തി കടന്നുള്ള ഭീകര പ്രവര്‍ത്തനത്തിനെതിരെയുള്ള ഇന്ത്യയുടെ പോരാട്ടവും ഓപ്പറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലവും വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് വിശദീകരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ സംഘത്തെ രൂപീകരിച്ചത്.
Content Highlights: Including Shashi Tharoor in the all-party delegation is BJP's political strategy says PJ Kurien