'മലപ്പട്ടത്ത് ഗാന്ധിസ്തൂപം ഉണ്ടാക്കാന്‍ മെനക്കെടേണ്ട'; ഭീഷണിപ്രസംഗവുമായി കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം

'അടുവാപ്പുറത്തെ നിന്റെ വീട്ടിന്റെ മുന്നിലായിക്കോട്ടെ നിന്റെ അടുക്കളയിലായിക്കോട്ടെ ഗാന്ധിസ്തൂപം ഉണ്ടാക്കാന്‍ നീ മെനക്കെടേണ്ട. നല്ലതുപോലെ ആലോചിച്ചോ'- എന്നാണ് പി വി ഗോപിനാഥ് പറഞ്ഞത്

dot image

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവിനു നേരെ ഭീഷണി പ്രസംഗവുമായി സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി വി ഗോപിനാഥ്. മലപ്പട്ടത്ത് ഇനിയും ഗാന്ധിസ്തൂപം ഉണ്ടാക്കാന്‍ മെനക്കെടണ്ട എന്നാണ് പി വി ഗോപിനാഥിന്റെ ഭീഷണി. മലപ്പട്ടത്ത് ഇന്നലെ സിപിഐഎം നടത്തിയ പ്രതിഷേധ യോഗത്തിലായിരുന്നു ഭീഷണി പ്രസംഗം. 'സനീഷിനോട് സ്‌നേഹത്തോടെ പറയാനുളളത് ഗാന്ധിസ്തൂപം ഉണ്ടാക്കാന്‍ ഇനി മെനക്കെടേണ്ട എന്നാണ്. അടുവാപ്പുറത്തെ നിന്റെ വീട്ടിന്റെ മുന്നിലായിക്കോട്ടെ നിന്റെ അടുക്കളയിലായിക്കോട്ടെ ഗാന്ധിസ്തൂപം ഉണ്ടാക്കാന്‍ നീ മെനക്കെടേണ്ട. നല്ലതുപോലെ ആലോചിച്ചോ'- എന്നാണ് പി വി ഗോപിനാഥ് പറഞ്ഞത്. കഴിഞ്ഞയാഴ്ച്ച മലപ്പട്ടത്ത് സിപിഐഎം പ്രവർത്തകർ യൂത്ത് കോണ്‍ഗ്രസ് നേതാവ് സനീഷിന്റെ വീട് ആക്രമിക്കുകയും ഗാന്ധിസ്തൂപം തകര്‍ക്കുകയും ചെയ്തിരുന്നു.

തുടർന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ നടന്ന കാല്‍നട ജാഥയിലും സമ്മേളനത്തിലും സിപിഐഎം-യൂത്ത് കോണ്‍ഗ്രസ് സംഘർഷമുണ്ടായി. പിന്നാലെ ജില്ലയിൽ ഡിവൈഎഫ്ഐയും യൂത്ത് കോൺഗ്രസും പലയിടങ്ങളിലായി നടത്തിയ പ്രതിഷേധ യോഗങ്ങളിലും പ്രകടനങ്ങളിലും ഭീഷണി മുദ്രാവാക്യങ്ങളും പ്രസംഗങ്ങളും ഉയർന്നു. യൂത്ത് കോൺഗ്രസ് യാത്രയിലെ, ധീരജിനെ കുത്തിയ കത്തി തിരിച്ചെടുത്തു പ്രയോഗിക്കും എന്ന കൊലവിളി മുദ്രാവാക്യത്തിൽ ഡിവൈഎഫ്ഐ എല്ലാ ബ്ലോക്ക് കേന്ദ്രങ്ങളിലും പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരുന്നു. ഇന്നലെ നടന്ന പ്രതിഷേധ പ്രകടനങ്ങളിൽ വ്യാപകമായി ഭീഷണി മുദ്രാവാക്യങ്ങളാണ് ഉയർന്നത്.

പാനൂരിൽ യൂത്ത് കോൺഗ്രസ് - കെ എസ് യു കൊടി ഡിവൈഎഫ്ഐ പ്രവർത്തകർ കത്തിച്ചു. മലപ്പട്ടത്ത് ഇന്നലെ നടന്ന സിപിഐഎം പ്രതിഷേധ പൊതുയോഗത്തിലും നേതാക്കൾ യൂത്ത് കോൺഗ്രസിന് ഭീഷണി മറുപടിയാണ് നൽകിയത്. ഡിവൈഎഫ്ഐയും സിപിഐഎമ്മും പ്രതിഷേധത്തിൻ്റെ മറവിൽ ജില്ലയിൽ വ്യാപക അക്രമം നടത്തുകയാണെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. ഇത് തുടർന്നാൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് യൂത്ത് കോൺഗ്രസും പ്രഖ്യാപിച്ചിരിക്കുകയാണ്. പരസ്പരമുള്ള പോർവിളിയും ഭീഷണിയും അതിരു വിട്ടാൽ ജില്ലയിൽ വലിയ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത് മുന്നിൽ കണ്ട് പോലീസ് പ്രശ്ന ബാധ്യത മേഖലകളിൽ ജാഗ്രത വർധിപ്പിച്ചിട്ടുണ്ട്.

Content Highlights: Kannur District Secretariat member pv gopinath makes threatening speech against youth congress leader

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us