
കണ്ണൂര്‍: മലപ്പട്ടത്ത് ഭീഷണി മുദ്രാവാക്യവുമായി യൂത്ത് കോണ്‍ഗ്രസ്. 'ധീരജിനെ കുത്തിയ കത്തി അറബിക്കടലില്‍ താഴ്ത്തീട്ടി'ല്ലെന്നായിരുന്നു മുദ്രാവാക്യം. മലപ്പട്ടത്ത് കഴിഞ്ഞ ദിവസം നടത്തിയ 'ജനാധിപത്യ അതിജീവന യാത്ര'യിലാണ് പ്രകോപന മുദ്രാവാക്യമുണ്ടായത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ വധഭീഷണിയും മുദ്രാവാക്യത്തിലുണ്ട്. പ്രകടനത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
യൂത്ത് കോണ്‍ഗ്രസ് ബോധപൂര്‍വം പ്രകോപനം സൃഷ്ടിക്കുകയായിരുന്നുവെന്ന് സിപിഐഎം പ്രതികരിച്ചു. രക്തസാക്ഷി ധീരജിനെ വരെ മുദ്രാവാക്യത്തില്‍ ഉള്‍പ്പെടുത്തിയത് പ്രകോപനം ലക്ഷ്യം വെച്ചാണ്. മലപ്പട്ടം സിപിഐഎമ്മിന്റെ കേന്ദ്രമായിട്ടും പ്രവര്‍ത്തകര്‍ പരമാവധി സംയമനം പാലിച്ചെന്നും സിപിഐഎം പറഞ്ഞു.
മലപ്പട്ടം അടുവാപ്പുറത്ത് കോണ്‍ഗ്രസ് സ്ഥാപിച്ച കൊടിമരവും സ്തൂപവും തകര്‍ത്തതില്‍ പ്രതിഷേധിച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം യാത്ര നടത്തിയത്. യാത്രയ്ക്കിടെ യൂത്ത് കോണ്‍ഗ്രസ്-സിപിഐഎം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷവുമുണ്ടായിരുന്നു.
ജാഥ മലപ്പട്ടം ടൗണില്‍ സിപിഐഎം ലോക്കല്‍ കമ്മിറ്റി ഓഫീസിന് മുന്നിലെത്തിയപ്പോഴാണ് ഇരുവിഭാഗങ്ങളും തമ്മില്‍ സംഘര്‍ഷമുണ്ടായത്. പൊലീസ് ഇടപെട്ട് ഇരുവിഭാഗങ്ങളെയും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വീണ്ടും വാക്കേറ്റവും തുടര്‍ന്ന് സംഘര്‍ഷവുമുണ്ടാവുകയായിരുന്നു. സംഘര്‍ഷത്തില്‍ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന് മര്‍ദനമേറ്റു. സിപിഐഎം ഓഫീസിന്റെ ചില്ല് തകര്‍ന്നു. സിപിഐഎം പ്രവര്‍ത്തകരും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ചേരി തിരിഞ്ഞ് മുദ്രാവാക്യം വിളിച്ചു. പൊലീസ് പ്രദേശത്ത് ലാത്തി ചാര്‍ജ്ജ് നടത്തി.
യൂത്ത് കോണ്‍ഗ്രസ് നേരത്തെ അനുമതി വാങ്ങി നടത്തിയ പരിപാടിക്കിടെ സിപിഐഎം പ്രവര്‍ത്തകരാണ് അക്രമമുണ്ടാക്കിയതെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചിരുന്നു. യൂത്ത് കോണ്‍ഗ്രസുകാരോട് പിരിഞ്ഞുപോകാനാണ് പൊലീസ് ആവശ്യപ്പെട്ടതെന്നും സിപിഐഎമ്മുകാര്‍ അക്രമം കാട്ടുന്നതിന് യൂത്ത് കോണ്‍ഗ്രസുകാര്‍ എന്തിനാണ് പിരിഞ്ഞുപോകുന്നതെന്നും അദ്ദേഹം ചോദിച്ചിരുന്നു.
എന്നാല്‍ സംഭവത്തില്‍ പൊലീസിനെതിരെ സിപിഐഎം പ്രവര്‍ത്തകര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഏകപക്ഷീയമായാണ് പൊലീസ് വിഷയത്തില്‍ ഇടപെടുന്നതെന്നായിരുന്നു സിപിഐഎമ്മുകാരുടെ ആരോപണം. സംഘര്‍ഷത്തില്‍ 50ഓളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും 25ഓളം സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
Content Highlights: Youth Congress threaten slogan in Kannur Malappattam