കണ്ണൂരില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ നയിച്ച ജാഥക്കിടെ സിപിഐഎം-യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം;പൊലീസ് ലാത്തി ചാര്‍ജ്

സിപിഐഎം പ്രവര്‍ത്തകരും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ചേരി തിരിഞ്ഞ് മുദ്രാവാക്യം വിളിച്ചു

dot image

കണ്ണൂര്‍: മലപ്പട്ടത്ത് സിപിഐഎം- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നയിക്കുന്ന ജനാധിപത്യ സംരക്ഷണയാത്രയ്ക്കിടെയാണ് സംഘര്‍ഷമുണ്ടായത്. ജാഥ മലപ്പട്ടം ടൗണില്‍ സിപി ഐഎം ലോക്കല്‍ കമ്മിറ്റി ഓഫീസിനു മുന്നിലെത്തിയപ്പോഴാണ് ഇരുവിഭാഗങ്ങളും തമ്മില്‍ സംഘര്‍ഷമുണ്ടായത്. പൊലീസ് ഇടപെട്ട് ഇരുവിഭാഗങ്ങളെയും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വീണ്ടും വാക്കേറ്റവും തുടര്‍ന്ന് സംഘര്‍ഷവുമുണ്ടാവുകയായിരുന്നു. സംഘര്‍ഷത്തില്‍ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന് മര്‍ദനമേറ്റു. സിപിഐഎം ഓഫീസിന്റെ ചില്ല് തകര്‍ന്നു. സിപിഐഎം പ്രവര്‍ത്തകരും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ചേരി തിരിഞ്ഞ് മുദ്രാവാക്യം വിളിച്ചു. പൊലീസ് പ്രദേശത്ത് ലാത്തി ചാര്‍ജ്ജ് നടത്തി.

കഴിഞ്ഞയാഴ്ച്ച മലപ്പട്ടത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവ് സനീഷിന്റെ വീട് ആക്രമിക്കുകയും ഗാന്ധിസ്തൂപം തകര്‍ക്കുകയും ചെയ്തിരുന്നു. അതിനുപിന്നാലെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ കാല്‍നട ജാഥയും സമ്മേളനവും നടത്തിയത്. ജാഥയ്ക്കിടെയും സമ്മേളനത്തിന് ശേഷവും സംഘര്‍ഷമുണ്ടായി. യൂത്ത് കോണ്‍ഗ്രസ് നേരത്തെ അനുമതി വാങ്ങി നടത്തിയ പരിപാടിക്കിടെ സിപി ഐഎം പ്രവര്‍ത്തകരാണ് അക്രമമുണ്ടാക്കിയതെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസുകാരോട് പിരിഞ്ഞുപോകാനാണ് പൊലീസ് ആവശ്യപ്പെട്ടതെന്നും സിപിഐഎമ്മുകാര്‍ അക്രമം കാട്ടുന്നതിന് യൂത്ത് കോണ്‍ഗ്രസുകാര്‍ എന്തിനാണ് പിരിഞ്ഞുപോകുന്നതെന്നും അദ്ദേഹം ചോദിച്ചു.

അതേസമയം, സംഭവത്തില്‍ പൊലീസിനെതിരെ വിമര്‍ശനവുമായി സിപിഐഎം പ്രവര്‍ത്തകര്‍ രംഗത്തെത്തി. ഏകപക്ഷീയമായാണ് പൊലീസ് വിഷയത്തില്‍ ഇടപെടുന്നതെന്നാണ് സിപിഐഎമ്മുകാരുടെ ആരോപണം. മനപ്പൂര്‍വ്വം സംഘര്‍ഷമുണ്ടാക്കാനാണ് യൂത്ത് കോണ്‍ഗ്രസ് പരിപാടി സംഘടിപ്പിച്ചതെന്നും ഓഫീസ് പൊളിക്കുമെന്ന് മുദ്രാവാക്യം വിളിച്ച് പ്രകോപനം സൃഷ്ടിക്കുകയായിരുന്നു എന്നും സിപിഐഎം പ്രവര്‍ത്തകര്‍ പറഞ്ഞു. പ്രദേശത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്.

Content Highlights: cpim youth congress clash in kannur malappattam during rahul mamkoottathil programme

dot image
To advertise here,contact us
dot image