
തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതിയില്‍ ക്രൂരമായി മർദനത്തിനിരയായ ജൂനിയര്‍ അഭിഭാഷക ശ്യാമിലി ജസ്റ്റിൻ്റെ പരിക്ക് ഗുരുതരം. പരിക്കിൻ്റെ ഗൗരവം കണക്കിലെടുത്ത് ശ്യാമിലിയെ കൂടുതൽ ചികിത്സയ്ക്കായി മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. ആറുമാസമായ കുട്ടിയുടെ അമ്മയാണ് ശ്യാമിലി. സംഭവത്തിൽ വനിതാ കമ്മീഷൻ കേസെടുത്തിട്ടുണ്ട്. നിയമം സംരക്ഷിക്കേണ്ടയിടത്ത് നിയമലംഘനം ഉണ്ടായി. നടന്നത് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും കേരളത്തിൽ കേട്ട് കേൾവി ഇല്ലാത്തതാണെന്നും വനിത കമ്മീഷൻ അംഗം ഇന്ദിര രവീന്ദ്രൻ പറഞ്ഞു.
അതേ സമയം, ശ്യാമിലിയെ മർദിച്ച സീനിയര്‍ അഭിഭാഷകനായ ബെയ്‌ലിന്‍ ദാസിനെ ബാര്‍ അസോസിയേഷനില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. നടന്ന സംഭവങ്ങളെക്കുറിച്ച് ബെയ്‌ലിന്‍ ദാസ് ബാര്‍ കൗണ്‍സിലില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും നിര്‍ദേശമുണ്ട്. ഇരയ്ക്ക് പരമാവധി നിയമസഹായം ഉറപ്പാക്കുമെന്നും ബെയ്‌ലിന്‍ ദാസിനെതിരെ അന്വേഷണം നടത്തുമെന്നും ബാര്‍ അസോസിയേഷന്‍ അറിയിച്ചു.
പാറശാല സ്വദേശിയായ അഭിഭാഷക ശ്യാമിലിയെ മോപ്പ് സ്റ്റിക്ക് കൊണ്ടാണ് അഭിഭാഷകന്‍ മര്‍ദിച്ചത്. മുഖത്ത് പരിക്കേറ്റ അഭിഭാഷക ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം. വഞ്ചിയൂര്‍ മഹാറാണി ബില്‍ഡിംഗിലെ ഓഫീസില്‍വെച്ചാണ് മര്‍ദിച്ചത്. ശ്യാമിലിയും അഭിഭാഷകനും തമ്മില്‍ രാവിലെ തര്‍ക്കമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് മര്‍ദനമുണ്ടായതെന്നും കണ്ടുനിന്നവര്‍ ആരും എതിര്‍ത്തില്ലെന്നും ശ്യാമിലി ആരോപിച്ചു.
അഭിഭാഷകനില്‍ നിന്നും ഇതിനു മുന്‍പും മര്‍ദനമേല്‍ക്കേണ്ടി വന്നിട്ടുണ്ടെന്ന് പരാതിക്കാരിയായ അഭിഭാഷക പറഞ്ഞു. കാരണം പറയാതെ ജൂനിയര്‍ അഭിഭാഷകരെ ജോലിയില്‍ നിന്ന് പറഞ്ഞുവിടുന്നത് പതിവായിരുന്നെന്ന് ശ്യാമിലിയുടെ ഭര്‍ത്താവ് ആരോപിച്ചു. ശ്യാമിലി ജോലിക്ക് കയറിയതിനു ശേഷം മാത്രം എട്ടുപേരെ പുറത്താക്കി. കഴിഞ്ഞ ദിവസം ശ്യാമിലിയെ വിളിച്ച് ജോലിക്ക് വരേണ്ട എന്ന് അറിയിച്ചു. കാരണം തിരക്കിയ ശ്യാമിലിയോട് അത് നീ അറിയേണ്ട കാര്യമില്ലെന്നാണ് സീനിയര്‍ അഭിഭാഷകന്‍ പറഞ്ഞത്. തുടര്‍ന്നായിരുന്നു മര്‍ദനം.
അതേസമയം, രണ്ട് ജൂനിയര്‍ അഭിഭാഷകര്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നെന്നും അത് ചോദ്യംചെയ്തപ്പോള്‍ മുഖത്തുനോക്കി അസഭ്യം പറഞ്ഞതുകൊണ്ടാണ് മര്‍ദിച്ചതെന്നുമാണ് ബെയ്‌ലിന്‍ ദാസിന്റെ പ്രതികരണം.
Content Highlights- Senior lawyer assaults Shyamili Justine; injuries serious, taken to medical college for further treatment