
കൊച്ചി: ചോറ്റാനിക്കരയിലെ പോക്‌സോ അതിജീവിതയുടെ മരണത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ചോറ്റാനിക്കര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ആണ്‍ സുഹൃത്ത് അനൂപിനെതിരെ കുറ്റകരമായ നരഹത്യ, ബലാത്സംഗശ്രമം, ആയുധം ഉപയോഗിച്ച് മുറിവേല്‍പ്പിക്കുക തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
നൂറോളം സാക്ഷികളുടെ മൊഴികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതിയുടെ സിസിടിവി ദൃശ്യങ്ങളും ആക്രമിക്കാന്‍ ഉപയോഗിച്ച ആയുധങ്ങളും ലഭിച്ചിട്ടുണ്ട്. അനൂപിനെതിരെ കൊലക്കുറ്റം ചുമത്തില്ലെന്ന് നേരത്തെ തന്നെ പൊലീസ് വ്യക്തമാക്കിയിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തലിനെ അടിസ്ഥാനമാക്കിയായിരുന്നു കൊലക്കുറ്റം ഒഴിവാക്കിയത്. കഴുത്തിലിട്ട കുരുക്ക് ആണ് മസ്തിഷ്‌ക മരണത്തിന് കാരണമെന്നായിരുന്നു പോസ്റ്റ്മോര്‍ട്ടത്തിലെ കണ്ടെത്തല്‍.
ജനുവരി 26നാണ് പോക്‌സോ അതിജീവിതയെ വീടിനുള്ളില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ വീട്ടിലെത്തി പ്രതി ആക്രമണം നടത്തുകയായിരുന്നു. സുഹൃത്തായ ഇയാള്‍ നേരത്തെയും പെണ്‍കുട്ടിയുടെ വീട്ടില്‍ വരാറുണ്ടായിരുന്നു. ഇയാള്‍ പെണ്‍കുട്ടിയുടെ തല ഭിത്തിയിലിടിക്കുകയും ശ്വാസം മുട്ടിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ക്രൂരമായ ആക്രമണത്തെ തുടര്‍ന്ന് പെണ്‍കുട്ടി ഷാളില്‍ തൂങ്ങി ജീവനൊടുക്കാന്‍ ശ്രമിച്ചു. ഇതിന് പിന്നാലെ ഇയാള്‍ ഷാള്‍ മുറിച്ച് പെണ്‍കുട്ടിയെ താഴെയിടുകയായിരുന്നു.
ശ്വാസം കിട്ടാതെ ഒച്ചയിട്ട പെണ്‍കുട്ടിയുടെ വായും മൂക്കും ഇയാള്‍ പൊത്തിപ്പിടിച്ചതോടെ പെണ്‍കുട്ടി അബോധാവസ്ഥയിലായി. പിന്നാലെ ശരീരത്തില്‍ ഇയാള്‍ വെള്ളമൊഴിച്ചതോടെ പെണ്‍കുട്ടിക്ക് ഫിക്‌സ് ഉണ്ടാവുകയായിരുന്നു. അനക്കമില്ലാതിരുന്ന പെണ്‍കുട്ടിയെ ഇയാള്‍ ചുറ്റിക ഉപയോഗിച്ച് ഉപദ്രവിച്ചു. തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലായ പെണ്‍കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു.
Content Highlights: Chottanikkara pocso case Police submit chargesheet