
'നാവിൽ ഒരു നിറ വ്യത്യാസം പക്ഷെ വേദനയോ, മറ്റ് ബുദ്ധിമുട്ടുകളോ ഇല്ലാതിരുന്നതിനാൽ കാര്യമാക്കിയില്ല' ഇങ്ങനൊരു പ്രശ്നം നിങ്ങൾക്കും ഉണ്ടായിട്ടുണ്ടോ? നമ്മുടെ ചിന്താഗതിയിൽ സംസാരിക്കാനും രുചി അറിയാനും മാത്രമാണ് നാവ്. എന്നാൽ സത്യത്തിൽ നാവിന്റെ കടമകൾ അവിടെ തീരുന്നില്ല. നമ്മുടെ ശരീര ആരോഗ്യവും നാവിൽ പ്രതിഫലിക്കും. നാവിന്റെ നിറത്തിൽ, ഘടനയിൽ, നാവിനുണ്ടാകുന്ന ചെറിയ ചെറിയ അസ്വസ്ഥതകളിൽ എല്ലാം ശരീരം എന്തോ രോഗത്തിന്റെ അടയാളം ഒളിപ്പിച്ചിരിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ആരോഗ്യത്തെ പറ്റി നാവ് നൽകുന്ന സൂചനകൾ എന്തൊക്കെ എന്ന് അറിയാം.
പോഷകങ്ങളുടെ അഭാവം മൂലമോ, അണുബാധകൾ കാരണമോ നിങ്ങളുടെ നാവിന്റെ നിറത്തിൽ വ്യത്യാസമുണ്ടാകുമെന്ന് വിദഗ്ധർ പറയുന്നു. ആരോഗ്യമുള്ള ആളുടെ നാവിന് പിങ്ക് നിറമായിരിക്കും. വെളുത്ത നിറത്തിലുള്ള നാവ് രക്തമില്ലായ്മയുടെയും വിളർച്ചയുടെയും ലക്ഷണമാണ്. പനിയോ, വിറ്റാമിനിന്റെ അഭാവമോ ഉള്ള സാഹചര്യത്തിൽ നാവിന് പൊതുവെ ചുവപ്പോ, ഇരുണ്ട നിറമോ ആയിരിക്കും.
ഇനി നിങ്ങളുടെ നാവിന് പർപ്പിൾ നിറമാണെന്ന് കരുതുക, ഇത് ഹൃദയത്തിന്റെയോ, ശ്വാസകോശത്തിന്റെയോ അനാരോഗ്യത്തെ സൂചിപ്പിക്കുന്നു. മഞ്ഞ നിറത്തിൽ നാവ് കാണപ്പെടുകയാണെങ്കിൽ കരൾ രോഗത്തിന്റെയോ. ബൈൽ ഡക്ട് ഡിസീസിന്റെയോ ലക്ഷണമാകാം. നാവിന് ഒരു ചെറിയ വെളുത്ത നിറം ഉണ്ടാകുന്നത് സാധാരണമാണ്, എന്നാൽ ഇതിന് കട്ടി കൂടുതലുണ്ടെങ്കിൽ ദഹനക്കുറവിന്റെയോ, വായിലെ ഫംഗൽ അണുബാധയുടെയോ, നിർജ്ജലീകരണത്തിന്റെയോ ലക്ഷണമാകാം. ഇനി ഈ വെളുത്ത നിറത്തിന് പകരം മഞ്ഞ നിറമാണെങ്കിൽ അണുബാധയെയോ, കരളിന്റെ പ്രവർത്തനത്തിന്റെ തകരാറിന്റെയോ അടയാളമായിരിക്കാം. ഇനി ഇങ്ങനെ കോട്ടിങ് ഒന്നുമില്ലാത്ത തിളങ്ങുന്ന നാവാണോ നിങ്ങൾക്കുള്ളത്? എങ്കിൽ അതും പ്രശ്നമാണ്. ശരീരത്തിലെ അമിതോഷ്ണത്തിന്റെയും, പോഷകങ്ങളുടെ അഭാവത്തെയുമാണ് ഇതിലൂടെ ശരീരം നമുക്ക് കാണിച്ചുതരുന്നത്.
നാവിന്റെ ഘടന ശരീര ആരോഗ്യത്തിന്റെ മറ്റൊരു സൂചകമാണ്. വളരെ മിനുസമുള്ള നാവാണ് നിങ്ങളുടേത് എങ്കിൽ ഇത് വൈറ്റമിൻ ബി12ന്റെയോ, ഇരുമ്പിന്റെയോ അഭാവത്തെയാണ് വ്യക്തമാക്കുന്നത്. ഇനി നാവിന് ഒരു വരണ്ട സ്വഭാവമാണുള്ളതെങ്കിൽ ഇത് നിർജലീകരണത്തിന്റെയും ജിയോഗ്രാഫിക് ടങ്കിന്റയും (നാവിലെ ചില ഭാഗങ്ങളിലുണ്ടാകുന്ന നിറ വ്യത്യാസം) ലക്ഷണമായിരിക്കാം.
ഘടനപോലെ മറ്റൊരു പ്രധാനപ്പെട്ട കാര്യമാണ് നാവിന്റെ ആകൃതി. അരിക് ഞൊറിഞ്ഞത് പോലെ വലിപ്പം കൂടുതൽ കാണപ്പെടുന്ന നാവുകൾ ഉറക്ക പ്രശ്നങ്ങളെയും, ഉത്കണ്ഠയെയും വ്യക്തമാക്കുന്നതായിരിക്കാം. സാധാരണയിൽ നിന്ന് വ്യത്യസ്തമായി നിങ്ങളുടെ നാവ് ശോഷിച്ചതായി കാണപ്പെടുന്നുണ്ടെങ്കിൽ ഇത് നിർജ്ജലീകരണവും രക്തക്കുറവുമുണ്ടെന്ന് നിങ്ങളെ ഓർമ്മിപ്പിക്കുന്നു. നാവിനുണ്ടാകുന്ന വിറയൽ ക്ഷീണമോ, ടെൻഷനോ, മറ്റ് നാഡീ സംവിധാനങ്ങളുമായോ ബന്ധപ്പെട്ടതാകാം.
ഇതൊന്നും കേട്ട് ആശങ്കപ്പെടേണ്ടതില്ല, നാവിന്റെ ആരോഗ്യം കുറവാണെന്ന് തോന്നുന്നെങ്കിൽ നമുക്ക് ചെയ്യാവുന്ന ചില പ്രതിവിധികൾ എന്തൊക്കെയെന്ന് നോക്കാം. ധാരാളം വെള്ളം കുടിക്കുക, വായ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക, പോഷകങ്ങൾ അടങ്ങിയ സമീകൃത ആഹാരം ശീലമാക്കുക തുടങ്ങിയ കാര്യങ്ങൾ നാവിന്റെ ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട് ചെയ്യാവുന്നതാണ്. നാവിനുണ്ടാകുന്ന എല്ലാ പ്രശ്നങ്ങളെയും നിസാരവത്കരിക്കാതെ കഴിവതും വൈദ്യസഹായം തേടുക.
Content Highlight; What Your Tongue Says About Your Health