
തിരുവനനന്തപുരം: വിഴിഞ്ഞം തുറമുഖ ഉദ്ഘാടനത്തിൽ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ വിസ്മരിച്ചെന്ന് കോൺഗ്രസ് എം പി ശശി തരൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഔദ്യോഗിക പ്രഭാഷകരിൽ ആരും ഉമ്മൻചാണ്ടിയുടെ പേര് പോലും പരാമർശിക്കാത്തതിൽ ലജ്ജ തോന്നിയെന്നും അദ്ദേഹത്തിന്റെ സംഭാവനകളെ കുറിച്ച് സംസാരിക്കാൻ ഉദ്ദേശിച്ചിരുന്ന തനിക്കാണെങ്കിൽ സംസാരിക്കാൻ അവസരം ലഭിച്ചതുമില്ലെന്നും ശശി തരൂർ പറഞ്ഞു.
'വിഴിഞ്ഞം തുറമുഖത്തിന്റെ ഔദ്യോഗിക കമ്മീഷൻ ചെയ്ത ഈ ദിവസത്തിൽ ഈ പദ്ധതിക്ക് നേതൃത്വം നൽകിയ, യഥാർത്ഥ കമ്മീഷനിംഗ് കരാറിൽ ഒപ്പുവെച്ച്, ഇന്ന് നമ്മൾ ആഘോഷിച്ച പ്രവൃത്തികൾക്ക് തുടക്കമിട്ട, അന്തരിച്ച കേരള മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടിയുടെ ശ്രദ്ധേയമായ സംഭാവനകളെ അനുസ്മരിക്കാൻ ഈ അവസരം വിനിയോഗിക്കുന്നു. ഔദ്യോഗിക പ്രഭാഷകരിൽ ആരും അദ്ദേഹത്തിന്റെ പേര് പോലും പരാമർശിക്കാത്തതിൽ ലജ്ജിക്കുന്നു - അദ്ദേഹത്തിന്റെ സംഭവനകളെക്കുറിച്ച് സംസാരിക്കാൻ ഉദ്ദേശിച്ചിരുന്ന എനിക്കാണെങ്കിൽ സംസാരിക്കാൻ അവസരം ലഭിച്ചതുമില്ല', എന്നായിരുന്നു ശശി തരൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ഇന്നലെയായിരുന്നു വിഴിഞ്ഞം തുറമുഖം രാജ്യത്തിന് പ്രധാനമന്ത്രി സമർപ്പിച്ചത്. ഉദ്ഘാടന വേളയില്‍ നടത്തിയ പ്രസംഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതിയുടെ നാള്‍വഴിയെക്കുറിച്ച് വിവരിച്ചിരുന്നു. എന്നാല്‍ പദ്ധതിയുടെ അനുമതിയടക്കം വാങ്ങുകയും നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയും ചെയ്ത ഉമ്മന്‍ചാണ്ടിയുടെ പേര് അദ്ദേഹം പരാമര്‍ശിച്ചില്ല. ഈ പശ്ചാത്തലത്തിലാണ് ശശിതരൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ രാജേന്ദ്ര അർലേക്കർ, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, മന്ത്രി വി എൻ വാസവൻ, ഗൗതം അദാനി, കരൺ അദാനി, ശശി തരൂർ എംപി, എം വിൻസെൻ്റ് എംഎൽഎ തുടങ്ങി നിരവധിപ്പേർ വേദിയിൽ ചടങ്ങിന് സാക്ഷികളായെങ്കിലും പ്രതിപക്ഷ നേതാവ് പങ്കെടുത്തിരുന്നില്ല .
Content Highlights: Shashi Tharoor says Oommen Chandy was forgotten at the inauguration of Vizhinjam port