'ഒരുപാട് നാളായി ഞാന്‍ കാണുന്ന എന്റെ സ്വപ്‌നത്തിലേക്ക്': ഉമ്മന്‍ചാണ്ടിയുടെ എഐ വീഡിയോ പങ്കുവെച്ച് ഷാഫി പറമ്പില്‍

'കേരളത്തിനറിയാം' എന്ന അടിക്കുറിപ്പോടെയാണ് ഷാഫി വീഡിയോ പങ്കുവെച്ചിരിക്കുന്നത്

dot image

കോഴിക്കോട്: വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ക്രെഡിറ്റ് സംബന്ധിച്ച തര്‍ക്കം തുടരുന്നതിനിടെ അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ എഐ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) വീഡിയോ പങ്കുവെച്ച് വടകര എംപി ഷാഫി പറമ്പില്‍. ഉമ്മന്‍ചാണ്ടി വിഴിഞ്ഞം തുറമുഖം ചുറ്റിക്കാണുന്നതിന്റെ എഐ വീഡിയോയാണ് ഷാഫി പറമ്പില്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. പുഞ്ചിരിയോടെ വിഴിഞ്ഞം തുറമുഖത്തിന്റെ വാര്‍ഫിലൂടെ നടക്കുന്ന ഉമ്മന്‍ചാണ്ടിയാണ് 20 സെക്കന്‍ഡ് ദൈര്‍ഘ്യമുളള വീഡിയോയിലുളളത്.

'കേരളത്തിനറിയാം' എന്ന അടിക്കുറിപ്പോടെയാണ് ഷാഫി വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 'ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്ന സിനിമയിലെ നിവിന്‍ പോളിയുടെ 'ഞാനിപ്പോ ചെല്ലുന്നത് ഒരു പഴയ ഫിലിം ക്യാമറയില്‍ ചെന്ന് പതിയാന്‍ പോകുന്ന ചിത്രത്തിലേക്കല്ല. കഴിഞ്ഞ ഒരുപാട് നാളുകളായി ഞാന്‍ കാണുന്ന എന്റെ സ്വപ്‌നത്തിലേക്കാണ്' എന്ന ഡയലോഗും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടന വേളയില്‍ നടത്തിയ പ്രസംഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതിയുടെ നാള്‍വഴിയെക്കുറിച്ച് വിവരിച്ചിരുന്നു. എന്നാല്‍ പദ്ധതിയുടെ അനുമതിയടക്കം വാങ്ങുകയും നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയും ചെയ്ത ഉമ്മന്‍ചാണ്ടിയുടെ പേര് അദ്ദേഹം പരാമര്‍ശിച്ചില്ല. ഉമ്മന്‍ചാണ്ടിയുടെ ഓര്‍മ്മകളെപ്പോലും സിപിഐഎം ഭയപ്പെടുന്നുവെന്നാണ് സംഭവത്തില്‍ ഉമ്മന്‍ചാണ്ടിയുടെ മകനും എംഎല്‍എയുമായ ചാണ്ടി ഉമ്മന്‍ പ്രതികരിച്ചത്.

ഒരു കല്ല് മാത്രമിട്ടു എന്ന സിപിഐഎമ്മിന്റെ പ്രചാരണം പച്ചക്കളളമാണെന്നും 2004-ല്‍ മുഖ്യമന്ത്രിയായതു മുതല്‍ വിഴിഞ്ഞം പദ്ധതി നടപ്പിലാക്കാന്‍ ശ്രമിച്ചയാളാണ് ഉമ്മന്‍ചാണ്ടിയെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. 'ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ് ആവശ്യമുളള കാര്യങ്ങളെല്ലാം ചെയ്ത് പദ്ധതിക്ക് തറക്കല്ലിട്ടത്. പദ്ധതിക്കായി ഒന്നും ചെയ്യാത്ത ഇടതുപക്ഷ സര്‍ക്കാര്‍ ഇപ്പോള്‍ ക്രെഡിറ്റെടുക്കുകയാണ്.'-ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമർപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ രാജേന്ദ്ര അർലേക്കർ, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, മന്ത്രി വി എൻ വാസവൻ, ഗൗതം അദാനി, കരൺ അദാനി, ശശി തരൂർ എംപി, എം വിൻസെൻ്റ് എംഎൽഎ തുടങ്ങി നിരവധിപ്പേർ വേദിയിൽ ചടങ്ങിന് സാക്ഷികളായി.

Content Highlights: shafi parambil share ai video of oommen chandy visiting vizhinjam port

dot image
To advertise here,contact us
dot image