'സിപിഐഎമ്മുകാർ എന്നെ ട്രോളുന്നു,എത്ര വേണമെങ്കിലും ട്രോളട്ടെ';വിഴിഞ്ഞത്ത് നേരത്തെയെത്തിയതിൽ രാജീവ് ചന്ദ്രശേഖർ

ഗഡ്കരി കൊടുത്ത റോഡില്‍ നിന്ന് സെല്‍ഫി എടുത്ത് പോസ്റ്റ് ചെയ്യുകയാണ് മന്ത്രി റിയാസെന്നും രാജീവ് ചന്ദ്രശേഖര്‍

dot image

തിരുവനന്തപുരം: വിഴിഞ്ഞം ഉദ്ഘാടനവുമായി ബന്ധപ്പെട്ട് തനിക്കെതിരെയുള്ള ട്രോളുകള്‍ക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. താന്‍ നേരത്തെ വന്നതില്‍ രാജവംശത്തിലെ മരുമകന് സങ്കടമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിനെ പരിഹസിച്ച് കൊണ്ട് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. സിപിഐഎമ്മുകാര്‍ മുഴുവനും തന്നെ ട്രോളുകയാണെന്നും എത്ര വേണമെങ്കിലും ട്രോളട്ടെയെന്നും അദ്ദേഹം പറഞ്ഞു.

'കമ്യൂണിസ്റ്റ് രാജവംശത്തിലെ മരുമകന് സംശയമാണ്. ഞാന്‍ നേരത്തെ വന്നതില്‍ രാജവംശത്തിലെ മരുമകന് സങ്കടമാണ്. ഇനി എന്തു മാത്രം സങ്കടപ്പെടാന്‍ ഇരിക്കുന്നു. മരുമകന്‍ ഡോക്ടറെ കാണട്ടെ. സിപിഐഎമ്മുകാര്‍ മുഴുവനും എന്നെ ട്രോളുകയാണ്. എന്നെ ട്രോളട്ടെ, എത്ര വേണമെങ്കിലും ട്രോളിക്കോട്ടെ. ഈ ട്രെയിന്‍ വിട്ടു കഴിഞ്ഞു' അദ്ദേഹം പറഞ്ഞു.

ആര്‍ക്ക് വേണമെങ്കിലും ട്രെയിനില്‍ കയറാമെന്നും മരുമകന് വേണമെങ്കിലും ഈ ട്രെയിനില്‍ കയറാമെന്നും രാജീവ് പരിഹസിച്ചു. താന്‍ നേരത്തെ സറ്റേജില്‍ എത്തിയതാണ് ചിലര്‍ക്ക് വിഷമമെന്നും പ്രവര്‍ത്തകര്‍ നേരത്തെ വരുന്നതിനാല്‍ അവരെ കാണാനാണ് നേരത്തെ എത്തിയതെന്നും അദ്ദേഹം പറഞ്ഞു. ട്രോളുകള്‍ ഇറക്കി മാനസികമായി തളര്‍ത്താന്‍ ശ്രമിച്ചാല്‍ നടക്കില്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

വിഴിഞ്ഞം തുറമുഖം സാക്ഷാത്ക്കരിക്കാന്‍ കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. കേരളത്തില്‍ മാറ്റം വരുത്താന്‍ ബിജെപിയ്‌ക്കേ കഴിയൂവെന്നും ബിജെപിയെ അധികാരത്തില്‍ എത്തിച്ചിട്ടേ താന്‍ ഇവിടെ നിന്ന് പോകൂവെന്നും രാജീവ് പറഞ്ഞു. കേരളത്തില്‍ മുഖ്യമന്ത്രിയുടെ പാര്‍ട്ടിക്ക് ജനങ്ങള്‍ അവസരം നല്‍കിയിട്ടും കടമല്ലാതെ മറ്റൊന്നുമില്ലെന്നും രാജീവ് പറഞ്ഞു.

'അടിസ്ഥാന സൗകര്യങ്ങളൊന്നും കേരളത്തിലില്ല. ഗഡ്കരി കൊടുത്ത റോഡില്‍ നിന്ന് സെല്‍ഫി എടുത്ത് പോസ്റ്റ് ചെയ്യുകയാണ് റിയാസ്. നാണമുണ്ടോ റിയാസേ ഇങ്ങനെ ചെയ്യാന്‍', എന്നും രാജീവ് ചന്ദ്രശേഖര്‍ പരിഹസിച്ചു.

Content Highlights: Rajeev Chandrasekar s reaction on criticism in Vizhinjam Port Inauguration

dot image
To advertise here,contact us
dot image