
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ രാജേന്ദ്ര അർലേക്കർ, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, മന്ത്രി വി എൻ വാസവൻ, ഗൗതം അദാനി, കരൺ അദാനി, ശശി തരൂർ എംപി, എം വിൻസെൻ്റ് എംഎൽഎ തുടങ്ങി നിരവധിപ്പേർ വേദിയിൽ ചടങ്ങിന് സാക്ഷികളായി.
പോർട്ട് ഓപ്പറേഷൻ സെന്റർ നടന്നു കണ്ട ശേഷം 11 മണിയോടെയാണ് മോദി ഉദ്ഘാടന വേദിയിൽ എത്തിയത്. മലയാളത്തിൽ നമസ്കാരം പറഞ്ഞ് ഉദ്ഘാടന പ്രസംഗം തുടങ്ങിയ മോദി വിഴിഞ്ഞം തുറമുഖം വികസനത്തിന്റെ പുതിയ മാതൃകയാണെന്ന് വ്യക്തമാക്കി. കോൺഗ്രസിനെ പരോക്ഷമായി പരിഹസിച്ച മോദി ഇന്നത്തെ ചടങ്ങ് പലരുടെയും ഉറക്കം കെടുത്തുമെന്നും വിമർശിച്ചു.
കേരളത്തിന്റെ സ്വപ്നസാഫല്യമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രാജ്യത്തിൻ്റെ ചരിത്രത്തിന്റെ വിസ്മൃതിയിൽ നിന്ന് വിഴിഞ്ഞത്തെ വീണ്ടെടുത്ത് നവീകരിച്ച് വികസിപ്പിച്ച് സാർവദേശീയ തുറമുഖമാക്കി മാറ്റിയത് കേരളത്തിലെ എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തിയാണെന്നും അദ്ദേഹം പറഞ്ഞു. സ്ഥാപിത താൽപര്യക്കാർ പടർത്താൻ ശ്രമിച്ച തെറ്റിദ്ധാരണകളെ ജനങ്ങള്‍ വിശ്വാസത്തിലെടുക്കാതെ അതിജീവിച്ചുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. 1996 ൽ എൽഡിഎഫ് സർക്കാർ രുപീകരിച്ച പദ്ധതിയാണ് യാഥാർത്ഥ്യമാകുന്നത്. പ്രതിസന്ധികൾക്ക് മുന്നിൽ തളർന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
വിഴിഞ്ഞം തുറമുഖം പൂർണതയിലെത്താൻ കാരണം പിണറായി സർക്കാരിൻറെ ഇച്ഛാശക്തിയാണെന്ന് മന്ത്രി വി എൻ വാസവനും വ്യക്തമാക്കി. പിണറായിയെ വിഴിഞ്ഞത്തിന്റെ ശിൽപിയെന്നും അദ്ദേഹം വിശേഷിപ്പിച്ചു. കമ്മിഷനിങ്ങിന് സാക്ഷിയാകാൻ ആയിരങ്ങളാണ് വിഴിഞ്ഞത്തേക്ക് ഒഴുകിയെത്തിയത്. നഗരത്തിൽ നിന്ന് വിഴിഞ്ഞത്തേക്ക് കെഎസ്ആർടിസി പ്രത്യേക സർവീസ് നടത്തി. കനത്ത സുരക്ഷയാണ് തലസ്ഥാനത്ത് ഒരുക്കിയത്.
Content Highlights: PM Modi inaugurates Vizhinjam Port in Kerala