നേരത്തെ വേദിയിലെത്തി മുദ്രാവാക്യം വിളിക്കുന്നത് രാഷ്ട്രീയ അല്‍പ്പത്തരം; പി എ മുഹമ്മദ് റിയാസ്

'കേന്ദ്രസര്‍ക്കാരിന്റെ മിക്ക പരിപാടികളിലും സമാന സ്ഥിതിയാണ്. ബിജെപി പ്രവര്‍ത്തകര്‍ക്ക് മാത്രം പാസ് നല്‍കി പരിപാടികളില്‍ കൊണ്ടിരുത്തും'

dot image

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. വേദിയില്‍ നേരത്തെ എത്തി മുദ്രാവാക്യം വിളിക്കുന്നത് രാഷ്ട്രീയ അല്‍പ്പത്തരമാണെന്നും രാഷ്ട്രീയ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ വേദിയിലിരിക്കുന്നത് പ്രോട്ടോക്കോള്‍ ലംഘനമാണെന്നും മന്ത്രി പറഞ്ഞു. ജനാധിപത്യ വിരുദ്ധ സമീപനമാണ് ഉണ്ടായതെന്നും ഒരു പൗരന്‍ എന്ന നിലയിലാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയതെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.


'കേന്ദ്രസര്‍ക്കാരിന്റെ മിക്ക പരിപാടികളിലും സമാന സ്ഥിതിയാണ്. ബിജെപി പ്രവര്‍ത്തകര്‍ക്ക് മാത്രം പാസ് നല്‍കി പരിപാടികളില്‍ കൊണ്ടിരുത്തും. വിഴിഞ്ഞം പദ്ധതിയുടെ ക്രെഡിറ്റ് തട്ടിയെടുക്കാനുളള ബിജെപിയുടെ ശ്രമങ്ങള്‍ കേരളത്തില്‍ വിലപ്പോകില്ല. കേരളം ഗുജറാത്തോ ഉത്തര്‍പ്രദേശോ അല്ല. പ്രബുദ്ധരായ ജനങ്ങളാണ് കേരളത്തിലുളളത്'- മുഹമ്മദ് റിയാസ് പറഞ്ഞു. വിവാദങ്ങള്‍ കാരണം വിഴിഞ്ഞം പദ്ധതി എന്താണെന്നും നാള്‍വഴികളും ഒന്നാം ക്ലാസിലെ കുട്ടികള്‍ക്കുപോലും മനസിലായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിഴിഞ്ഞം ഉദ്ഘാടനച്ചടങ്ങില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ വേദിയില്‍ ഇരിക്കുന്നതിനെതിരെ പി എ മുഹമ്മദ് റിയാസ് നേരത്തെയും വിമര്‍ശനമുന്നയിച്ചിരുന്നു. സംസ്ഥാന ധനമന്ത്രി ഉള്‍പ്പെടെ താഴെയിരിക്കുമ്പോഴാണ് ബിജെപി അധ്യക്ഷന്‍ മണിക്കൂറുകള്‍ക്കു മുന്‍പേ എത്തി വേദിയില്‍ ഇരുന്ന് മുദ്രാവാക്യം വിളിക്കുന്നത്. വിളമ്പുന്നവന് നാണം ഇല്ലെങ്കിലും കഴിക്കുന്നവന് നാണം വേണമെന്നാണ് മന്ത്രി പറഞ്ഞത്.

Content Highlights: PA Muhammed riyas against rajeev chandrasekhar vizhinjam inauguration

dot image
To advertise here,contact us
dot image