'സുഹൃത്തായ അദാനിയെ കണ്ട് മോദി മതിമറന്നു, ഉദ്ഘാടന വേദി രാഷ്ട്രീയ പ്രസംഗത്തിന് വേദിയാക്കി'; കെ സി വേണുഗോപാൽ

അദാനിയെ എതിർക്കുന്ന രാഹുലിനെ വിമർശിക്കാതെ മോദിക്കാവുമോയെന്നും കെ സി വേണുഗോപാൽ ചോദിച്ചു

dot image

ന്യൂഡൽഹി: വിഴിഞ്ഞം ഉദ്ഘാടന ചടങ്ങ് വേദി പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷട്രീയ പ്രസംഗത്തിന് ഉപയോഗിച്ചെന്ന വിമർശനം ഉയർത്തി കെ സി വേണുഗോപാൽ എം പി. ഒരു മന്ത്രിയുടെ പ്രസംഗം എടുത്ത് പ്രധാനമന്ത്രി രാഷ്ട്രീയ പ്രസംഗം നടത്തരുതായിരുന്നുവെന്നും വിമർശനം ഉയർന്നപ്പോൾ തന്നെ മുഖ്യമന്ത്രിക്ക് വിയോജിപ്പ് രേഖപ്പെടുത്താമായിരുന്നുവെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

മുഖ്യമന്ത്രിക്ക് മോദിയുടെ രാഷട്രീയ പ്രസംഗത്തിന് ചുട്ട മറുപടി നൽകാമായിരുന്നു. സ്വന്തം സുഹൃത്തിനെ കണ്ട മോദി സ്വയം മറന്നു പോയി. അദാനിയെ എതിർക്കുന്ന രാഹുലിനെ വിമർശിക്കാതെ മോദിക്കാവുമോയെന്നും കെ സി വേണുഗോപാൽ ചോദിച്ചു. അതേസമയം, ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പങ്കെടുക്കാതിരുന്ന സംഭവത്തിലും കെ സി വേണുഗോപാൽ വിശദീകരണം നൽകി. പാർട്ടിയോട് ആലോചിച്ചാണ്‌ പ്രതിപക്ഷ നേതാവ് പങ്കെടുക്കാതിരുന്നതെന്നും കോൺഗ്രസ് എംപിയും , എംഎൽഎയും പങ്കെടുത്തതും പാർട്ടിയുടെ അറിവോടെയാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് രാവിലെയാണ് വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിച്ചത്. വിഴിഞ്ഞത്തെ പ്രത്യേക വേദിയിലാണ് ഉദ്ഘാടനച്ചടങ്ങുകള്‍ നടന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറും മന്ത്രിമാരും എംപിമാരും ചടങ്ങില്‍ പങ്കെടുത്തു. വിഴിഞ്ഞത്തെ സാര്‍വദേശീയ തുറമുഖമാക്കി മാറ്റിയത് കേരളത്തിലെ എൽഡിഎഫ് സര്‍ക്കാരിന്റെ ഇച്ഛാശക്തിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നമ്മള്‍ ഇതു നേടിയെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇത് കേരളത്തിന് അഭിമാനകരമായ നിമിഷമാണെന്നും വ്യക്തമാക്കി. ലോകത്തെ ശ്രദ്ധിക്കപ്പെടുന്ന തുറമുഖമായി വിഴിഞ്ഞം മാറുമെന്നും നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ സഹകരിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞ് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

അനന്തപത്മനാഭന്റെ മണ്ണിൽ വരാൻ കഴിഞ്ഞതിൽ സന്തോഷമെന്ന് മലയാളത്തിൽ പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി ചടങ്ങിൽ പ്രസംഗം തുടങ്ങിയത്. അപാരമായ സാധ്യതകളുള്ള വിശാലമായ സമുദ്രത്തിനും പ്രകൃതി ഭംഗി ഒഴുകുന്ന സ്ഥലങ്ങൾക്കും ഇടയിൽ വിഴിഞ്ഞം ഡീപ്പ് വാട്ടർ സീപോർട്ട് നിലനിൽക്കുകയാണ്. കേരളത്തിലെയും രാജ്യത്തെയും ജനങ്ങളെ അഭിനന്ദിക്കുകയാണ് ഞാൻ. വിഴിഞ്ഞം പുതിയ വികസനത്തിന്‍റെ പ്രതീകമാണ്. ഇവിടെ ലോകത്തിലെ വലിയ ചരക്ക് കപ്പലുകളെത്തും. ഇതുവരെ ഇന്ത്യയുടെ 70 ശതമാനം ട്രാന്‍സ്ഷിപ്പ്മെന്‍റ് മറ്റ് തുറമുഖങ്ങളിലായിരുന്നു നടന്നത്. വിഴിഞ്ഞം യാഥാർഥ്യമാകുന്നതോടെ രാജ്യത്തിന്‍റെ പണം രാജ്യത്തിന് തന്നെ ലഭിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Content Highlights- 'Modi was overwhelmed by seeing his friend Adani, and used the inauguration stage for a political speech'; KC Venugopal

dot image
To advertise here,contact us
dot image