
കോഴിക്കോട്: മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ നിന്ന് പുക ഉയര്‍ന്ന സംഭവത്തില്‍ ദുരൂഹത. പുക ഉയര്‍ന്നതിന് പിന്നാലെ നാല് മൃതദേഹങ്ങള്‍ ക്വാഷ്വാലിറ്റിയില്‍ നിന്ന് മോര്‍ച്ചറിയിലേക്ക് മാറ്റി. എന്നാല്‍ രോഗികളുടെ മരണകാരണം വ്യക്തമായിട്ടില്ല. സംഭവത്തില്‍ മെഡിക്കല്‍ കോളേജ് അധികൃതര്‍ സ്ഥിരീകരണം നല്‍കിയിട്ടില്ല.
അതേസമയം പുക ഉയര്‍ന്ന സംഭവത്തില്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കാണ് മന്ത്രി നിര്‍ദേശം നല്‍കിയത്. രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ അവരെ സുരക്ഷിതമായി മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റാനും മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
രാത്രി ഏകദേശം ഏഴുമണിയോടെയാണ് മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തില്‍ നിന്ന് പുക ഉയര്‍ന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് എന്നാണ് പ്രാഥമിക നിഗമനം. ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി രോഗികളെ ഒഴിപ്പിക്കുകയായിരുന്നു. രോഗികളെ മറ്റ് ആശുപത്രികളിലേക്കാണ് മാറ്റിയത്. അത്യാഹിത വിഭാഗത്തിലേക്ക് രോഗികളെ കൊണ്ടുവരരുതെന്ന് പൊലീസ് അറിയിപ്പ് നല്‍കിയിട്ടുണ്ട്. നിലവില്‍ അത്യാഹിത വിഭാഗത്തിലെ പ്രവര്‍ത്തനം പൂര്‍ണമായി നിലച്ചിരിക്കുകയാണ്.
Content Highlights: Four bodies shifted to morgue at Kozhikode Medical College