
ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ രണ്ടാമതും അംപയറുമായി തർക്കിച്ച് ഗുജറാത്ത് ടൈറ്റൻസ് നായകൻ ശുഭ്മൻ ഗിൽ. ഇത്തവണ സൺറൈസേഴ്സ് താരം അഭിഷേക് ശർമയുടെ വിക്കറ്റിനെച്ചൊല്ലിയായിരുന്നു ഗില്ലിന്റെ തർക്കം. മത്സരത്തിൽ രണ്ടാമത് ബാറ്റ് ചെയ്യുന്ന സൺറൈസേഴ്സ് ഇന്നിങ്സിന്റെ 14-ാം ഓവറിലാണ് സംഭവം.
ഗുജറാത്ത് പേസർ പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ അഞ്ചാം പന്ത് സൺറൈസേഴ്സ് ബാറ്റർ അഭിഷേക് ശർമയുടെ കാലിൽകൊണ്ടു. ഗുജറാത്ത് താരങ്ങൾ അപ്പീൽ ചെയ്തെങ്കിലും അംപയർ ഔട്ട് വിധിച്ചില്ല. ഇതോടെ ഗുജറാത്ത് താരങ്ങൾ തേർഡ് അംപയറിന്റെ സഹായം തേടി. തേർഡ് അംപയറിന്റെ പരിശോധനയിൽ പന്ത് പിച്ച് ചെയ്തത് അംപയർസ് കോൾ ആണെന്ന് തെളിഞ്ഞു. ഇതാണ് ഗില്ലിനെ ചൊടുപ്പിച്ചത്. പിന്നാലെ അംപയറുമായി തർക്കത്തിലായ ഗില്ലിനെ സൺറൈസേഴ്സ് താരം അഭിഷേക് ശർമയാണ് കൂളാക്കിയത്.
നേരത്തെ മത്സരത്തിൽ റൺഔട്ടായിതിന് പിന്നാലെയും ഗിൽ അംപയറുമായി തർക്കിച്ചിരുന്നു. ഔട്ടായി ഡഗ്ഔട്ടിലെത്തിയതിന് പിന്നാലെയാണ് മാച്ച് ഒഫീഷ്യൽസുമായി ഗുജറാത്ത് ടൈറ്റൻസ് നായകന്റെ തർക്കമുണ്ടായത്. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റൻസ് ഇന്നിങ്സിന്റെ 13-ാം ഓവറിലായിരുന്നു സംഭവം. സൺറൈസേഴ്സിന്റെ സീഷാൻ അൻസാരിയുടെ പന്തിൽ ജോസ് ബട്‌ലർ ഷോർട്ട് ഫൈൻ ലെഗിലേക്ക് അടിച്ച ഷോട്ടിൽ സിംഗിൾ എടുക്കാനായിരുന്നു ഗുജറാത്ത് ബാറ്റർമാരുടെ ശ്രമം.
ഇരുവരും വേഗത്തിൽ ഒരു സിംഗിളിനായി ഓടുകയും ചെയ്തു. എന്നാൽ ഹർഷൽ പട്ടേൽ പന്ത് വേഗത്തിൽ കൈവശപ്പെടുത്തി എറിയുകയും ഗിൽ ക്രീസിന് വളരെ അകലെയായിരിക്കെ പന്ത് സ്റ്റമ്പിൽ പതിക്കുകയും ചെയ്തു. പക്ഷേ സ്റ്റമ്പ് ഇളക്കിയത് പന്താണോ അതോ സൺറൈസേഴ്സിന്റെ വിക്കറ്റ് കീപ്പറായ ഹെൻറിച്ച് ക്ലാസന്റെ കൈകളാണോ എന്ന് ഉറപ്പില്ലായിരുന്നു. ടെലിവിഷൻ റീപ്ലേകൾ മൂന്നാം അമ്പയറെ ആശയക്കുഴപ്പത്തിലാക്കുന്നതുമായിരുന്നു. ഒടുവിൽ മൂന്നാം അംപയർ ശുഭ്മൻ ഗിൽ ഔട്ടെന്നാണ് വിധിച്ചത്. നിരാശയോടെ ഡഗ്ഔട്ടിൽ മടങ്ങിയെത്തിയതിന് പിന്നാലെയാണ് മാച്ച് ഒഫീഷ്യൽസുമായി ഗിൽ ഏറെ നേരത്തെ ചർച്ചയിൽ ഏർപ്പെട്ടത്.
Content Highlights: Another argument between Shubman Gill and the umpire