സർക്കാരിൻ്റെ സമ്മർദ്ദത്തിന് വഴങ്ങാതെ ആശമാർക്ക് ഐക്യദാർഢ്യവുമായി കലാമണ്ഡലം വിസി; തൃശൂർ പരിപാടി ഉദ്ഘാടനം ചെയ്തു

ശൈലജ മിണ്ടണ്ട ശ്രീമതി മിണ്ടണ്ട എന്ന് പറഞ്ഞാല്‍ മിണ്ടാതിരിക്കുന്നവരുടെ സമരം അല്ല ആശാ സമരമെന്ന് സാറാ ജോസഫ്

dot image

തിരുവനന്തപുരം: ആശാ വര്‍ക്കര്‍മാരുടെ സമരത്തിന് ഐക്യദാര്‍ഢ്യവുമായി കലാമണ്ഡലം വൈസ് ചാന്‍സിലര്‍ മല്ലികാ സാരാഭായ്. ആശാ സമരത്തിന്റെ ഭാഗമായി തൃശൂരില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ ഓണ്‍ലൈനായാണ് മല്ലികാ സാരഭായി പങ്കെടുത്തത്. ആശമാരിലൊരാളുടെ അക്കൗണ്ടിലേക്ക് ആയിരം രൂപ അയച്ചു കൊടുത്ത് മല്ലികാ സാരഭായി പരിപാടി ഉദ്ഘാടനം ചെയ്തു.

ആശമാരുടെ പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് പിന്മാറാന്‍ സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തിയെന്ന് കഴിഞ്ഞ ദിവസം മല്ലിക സാമൂഹ്യ മാധ്യമങ്ങളിലൂടെ ആരോപിച്ചിരുന്നു. ചാന്‍സിലറെന്നാല്‍ മിണ്ടാതിരിക്കണോയെന്ന് ചോദിച്ചായിരുന്നു മല്ലികാ സാരാഭായി ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചത്. ആന്‍സിയെന്ന ആശാ വര്‍ക്കറുടെ അക്കൗണ്ടിലേക്ക് പണമയച്ച് കൊണ്ട് മല്ലിക പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു.

അവഗണിക്കാനാവാത്ത സ്ഥാനമാണ് സമൂഹത്തില്‍ ആശാ വര്‍ക്കര്‍മാര്‍ക്കുള്ളതെന്ന് മല്ലികാ സാരാഭായ് പറഞ്ഞു. സ്ത്രീകള്‍ ചെയ്യുന്ന പൊതുപ്രവര്‍ത്തനത്തെ വിലകുറച്ച് കാണരുതെന്നും മല്ലിക പറഞ്ഞു. മെച്ചപ്പെട്ട വേതനത്തിനായി അവര്‍ക്കൊപ്പം നില്‍ക്കുന്നുവെന്നും മല്ലിക കൂട്ടിച്ചേര്‍ത്തു. തൃശൂരിലെ എഴുത്തുകാരുടേയും സാംസ്‌കാരിക പ്രവര്‍ത്തകരുടേയും കൂട്ടായ്മയാണ് സമരത്തിന്റെ സംഘാടകര്‍.

മല്ലികാ സാരഭായിക്ക് നേരെയുണ്ടായ സമ്മര്‍ദ്ദം സങ്കടകരമാണെന്ന് എഴുത്തുകാരി സാറാ ജോസഫും പ്രതികരിച്ചു. പേടിച്ച് ഒളിച്ചിരിക്കാന്‍ പറ്റുന്ന തീപ്പന്തമല്ലെന്നും മല്ലികാ സാരാഭായിയുടെ നേര്‍ക്ക് ഉണ്ടാകുന്ന വിദ്വേഷം ഔദ്യോഗികം അല്ലാതിരിക്കട്ടെയെന്നും സാറാ ജോസഫ് പറഞ്ഞു. 'ശൈലജ മിണ്ടണ്ട ശ്രീമതി മിണ്ടണ്ട എന്ന് പറഞ്ഞാല്‍ മിണ്ടാതിരിക്കുന്നവരുടെ സമരം അല്ല ആശാ സമരം. സിവില്‍ സമൂഹത്തിന്റെ പ്രതികരണമാണ് വേണ്ടത്. സമരം നീട്ടിക്കൊണ്ട് പോകരുതായിരുന്നു', സാറാ ജോസഫ് പറഞ്ഞു.

സര്‍ക്കാര്‍ ആശമാരുടെ ആവശ്യം പരിഗണിച്ച് സമരം അവസാനിപ്പിക്കണമെന്നും അല്ലെങ്കില്‍ ആശമാര്‍ സമരം നിര്‍ത്തി പോകണമെന്നും സാറാ ജോസഫ് പറഞ്ഞു. ഇതുരണ്ടും ഉണ്ടാകാത്ത കാലം പൊതുസമൂഹത്തിന്റെ പ്രതികരണം ഉണ്ടാകുമെന്നും അത്തരം പ്രതികരണമാണ് ആശമാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടുള്ള സമരത്തിലൂടെ ഉണ്ടാകുന്നതെന്നും സാറാ ജോസഫ് കൂട്ടിച്ചേര്‍ത്തു. ഇത് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള സമരമല്ലെന്നും സര്‍ക്കാരിന് എതിരായുള്ള നീക്കമല്ലെന്നും സാറാ ജോസഫ് വ്യക്തമാക്കി. സമരം ചെയ്യുന്ന സ്ത്രീകളോടുള്ള ഐക്യദാര്‍ഢ്യമാണെന്നും സാറാ ജോസഫ് പറഞ്ഞു.

Content Highlights: Sara Joseph and Kalamandalam VC Mallika Sarabahi supports Asha workers

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us