വിഴിഞ്ഞം തുറമുഖം നാടിന് സമർപ്പിക്കാൻ പ്രധാനമന്ത്രി തിരുവനന്തപുരത്ത്; കനത്ത സുരക്ഷ

മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയെ സ്വീകരിച്ചു

dot image

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തെത്തി. നാളെ നടക്കുന്ന വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മീഷനിങ്ങിനായാണ് പ്രധാനമന്ത്രി എത്തിയത്. എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് പ്രധാനമന്ത്രി എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയെ സ്വീകരിച്ചു. ചീഫ് സെക്രട്ടറി, കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ തുടങ്ങിയവരും പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്തിയിരുന്നു. 7.50 ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ മോദി രാജ്ഭവനിലേക്ക് പുറപ്പെടുകയായിരുന്നു.

പ്രധാനമന്ത്രിയെ അഭിവാദ്യം ചെയ്യാൻ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, മുൻ അധ്യക്ഷൻ കെ സുരേന്ദ്രൻ തുടങ്ങിയ നേതാക്കളും പ്രവർത്തകരുമുണ്ടായിരുന്നു. ഇന്ന് രാജ്ഭവനിൽ തങ്ങിയ ശേഷം പ്രധാനമന്ത്രി നാളെ പാങ്ങോട് ആർമി ക്യാമ്പിലെത്തി എയർഫോഴ്സിൻ്റെ വിമാനത്തിലായിരിക്കും പ്രധാനമന്ത്രി വിഴിഞ്ഞം തുറമുഖത്തെത്തിച്ചേരുക. പോർട്ട് ഓപ്പറേഷൻ സെന്റർ സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തും. ബർത്ത് സന്ദർശിക്കുന്ന പ്രധാനമന്ത്രി നാളെ തുറമുഖം രാജ്യത്തിന് സമർപ്പിക്കും. പ്രധാനമന്ത്രിയെ എം എസ് എസി സെലസ്റ്റിനോ മറെ സ്‌കാ എന്ന കൂറ്റൻ മദർ ഷിപ്പാകും സ്വീകരിക്കുക.

കേരളത്തിന്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം തുറമുഖം നാളെ രാവിലെ 11 മണിക്കാണ് പ്രധാനമന്ത്രി നാടിനു സമർപ്പിക്കുക. തലസ്ഥാനത്ത് ക്രമീകരണങ്ങൾ എല്ലാം സജ്ജമായി. മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും. എന്നാൽ ആദ്യഘട്ടത്തിൽ ക്ഷണിച്ചില്ലെന്ന വിവാദത്തെ തുടർന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പരിപാടിയിൽ നിന്നും വിട്ടുനിൽക്കും. വിഴിഞ്ഞം തുറമുഖത്ത് പ്രത്യേകം ഒരുക്കിയ വേദിയിലാണ് പരിപാടി നടക്കുന്നത്.

പ്രധാനമന്ത്രിയുടെ വരവിൽ  തിരുവനന്തപുരത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഇന്ന് ഉച്ച മുതൽ തലസ്ഥാനത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. തലസ്ഥാനത്ത് കുറച്ചുനാളായി ബോംബ് ഭീഷണി സന്ദേശങ്ങൾ വരുന്നത് കണക്കിലെടുത്ത് വിമാനത്താവളങ്ങളിൽ ഉൾപ്പടെ വ്യാപക പരിശോധനകളാണ് നടക്കുന്നത്. എസ്പിജി സംഘത്തെയും സുരക്ഷയ്‌ക്കായി വിന്യസിച്ചിട്ടുണ്ട്. കടലിലും പ്രത്യേക സുരക്ഷ ഒരുക്കും.

Content Highlights: Prime Minister Narendra Modi arrived Kerala for Vizhinjam port inauguration

dot image
To advertise here,contact us
dot image