
തിരുവനന്തപുരം : 2024ലെ എഫ്എഫ്എസ്‌ഐ വിജയ മുലെ പുരസ്‌കാരം പ്രഖ്യാപിച്ചു. മുതിര്‍ന്ന ഫിലിം സൊസൈറ്റി പ്രവര്‍ത്തകനും നിരൂപകനും സാമൂഹ്യപ്രവര്‍ത്തകനുമായ കെ രാമചന്ദ്രനാണ് പുരസ്കാരത്തിന് അർഹനായത്. ഫിലിം സൊസൈറ്റി പ്രസ്ഥാനങ്ങള്‍ക്കായി നല്‍കിയ സമഗ്ര സംഭാവനകളാണ് കെ രാമചന്ദ്രനെ പുരസ്കാരത്തിന് അർഹനാക്കിയത്. ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ കേരള റീജിയനാണ് പുരസ്കാരം പ്രഖ്യാപിച്ചത്.
ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിനും നല്ല സിനിമയ്ക്കും നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് നല്‍കുന്ന ഈ പുരസ്‌കാരം ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ സ്ഥാപകരില്‍ ഒരാളും ദീര്‍ഘകാലം ദേശീയ അധ്യക്ഷയും ആയിരുന്ന വിജയ മുലെയുടെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയതാണ്. അമ്പതിനായിരം രൂപയും ശില്‍പവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.
പയ്യന്നൂരാണ് കെ രാമചന്ദ്രന്റെ സ്വദേശം. അടൂര്‍ ഗോപാലകൃഷ്ണന്റെ നേതൃത്വത്തില്‍ ആരംഭിച്ച കേരളത്തിലെ ആദ്യത്തെ ഫിലിം സൊസൈറ്റിയായ തിരുവനന്തപുരം ചിത്രലേഖയിലാണ് രാമചന്ദ്രൻ തന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. 1975 ല്‍ പയ്യന്നൂരില്‍ സര്‍ഗ്ഗ ഫിലിം സൊസൈറ്റി സ്ഥാപിച്ച് സജീവമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോയി. നിലവിൽ പയ്യന്നൂര്‍ ഓപ്പണ്‍ ഫ്രെയിം ഫിലിം സൊസൈറ്റിയുടെ പ്രസിഡന്റായി പ്രവര്‍ത്തിച്ചുവരികയാണ്. നിരൂപകനും ഗ്രന്ഥകാരനും പ്രഭാഷകൻ കൂടിയുമായ രാമചന്ദ്രന്റെ പ്രവര്‍ത്തനങ്ങള്‍ കേരളത്തിലാകെ ഫിലിം സൊസൈറ്റി പ്രവര്‍ത്തനത്തിനും പുതിയ ചെറുപ്പക്കാര്‍ പ്രസ്ഥാനത്തിലേക്ക് കടന്നുവരുന്നതിനും വലിയ തോതില്‍ ഊര്‍ജ്ജം പകര്‍ന്നു.
സിനിമയുടെ സൈദ്ധാന്തികവും സാമൂഹ്യവുമായ വശങ്ങളെപ്പറ്റി അഗാധമായ അറിവുള്ള രാമചന്ദ്രൻ അനേകം പുസ്തകങ്ങളുടെ രചയിതാവും വിവിധ ആനുകാലികങ്ങളില്‍ കോളമിസ്റ്റും ആണ്. 2023 ലെ പുരസ്‌കാരജേതാവും ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ ജനറല്‍ സെക്രട്ടറി അമിതാവ ഘോഷ് അധ്യക്ഷനും ചലച്ചിത്രകാരനും ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റുമായ ടി വി ചന്ദ്രന്‍, പ്രശസ്തനിരൂപകന്‍ ഡോ. സി എസ് വെങ്കിടേശ്വരന്‍ എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്.
content highlights : Vijaya Mule Award to K Ramachandran