ലഹരിവേട്ടയ്ക്ക് പൊലീസിന്റെ സഹായം തേടി എക്‌സൈസ്; സിനിമാ ലൊക്കേഷനുകളില്‍ പരിശോധനയ്ക്ക് നീക്കം

ലഹരി ഉപയോഗിക്കുന്ന സിനിമാ പ്രവര്‍ത്തകര്‍ നിരീക്ഷണത്തിലാണ്, ഇവരുടെ ഫോണ്‍ കോളുകള്‍ ഉള്‍പ്പെടെ നിരീക്ഷിക്കുന്നുണ്ടെന്നും എക്സെെസ്

dot image

കൊച്ചി: ലഹരിവേട്ടയ്ക്ക് പൊലീസിന്റെ സഹായം തേടി എക്‌സൈസ്. എക്‌സൈസ് മേധാവി മഹിപാല്‍ യാദവ് എഡിജിപി മനോജ് എബ്രഹാമുമായി ആശയവിനിമയം നടത്തി. സിനിമാ ലൊക്കേഷനുകളില്‍ പരിശോധന നടത്താനാണ് നീക്കം. കൂടുതല്‍ സിനിമാ പ്രവര്‍ത്തകരുടെ ഫ്‌ളാറ്റുകളില്‍ പരിശോധനയുണ്ടാകും. വ്യാപക പരിശോധനയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയതായാണ് വിവരം. പൊലീസ് സിനിമാ സംഘടനകളുടെയും സഹായം തേടിയിട്ടുണ്ട്. മയക്കുമരുന്ന് ഉപയോഗിക്കുന്ന സിനിമാ പ്രവര്‍ത്തകരുടെ പട്ടിക എക്‌സൈസ് തയ്യാറാക്കിയിട്ടുണ്ട്.

ലഹരി ഉപയോഗിക്കുന്ന സിനിമാ പ്രവര്‍ത്തകര്‍ നിരീക്ഷണത്തിലാണ്. ഇവരുടെ ഫോണ്‍ കോളുകള്‍ ഉള്‍പ്പെടെ നിരീക്ഷിക്കുന്നുണ്ട്. സംസ്ഥാനത്തെ പല സിനിമാ ലൊക്കേഷനുകളിലും സിനിമാ ചിത്രീകരണത്തിനിടയില്‍ തന്നെ സിനിമാപ്രവര്‍ത്തകര്‍ ലഹരി ഉപയോഗിക്കുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. സിനിമാപ്രവര്‍ത്തകരുടെ ഫ്‌ളാറ്റുകള്‍ കേന്ദ്രീകരിച്ച് കൂടുതല്‍ സിനിമാപ്രവര്‍ത്തകരെത്തി ലഹരി ഉപയോഗിക്കുന്ന സാഹചര്യവുമുണ്ട്. ഇതിന്റെ പട്ടിക തയ്യാറാക്കി ഇവിടങ്ങളിലൊക്കെ സംയുക്ത പരിശോധന നടത്താനാണ് എക്‌സൈസിന്റെയും പൊലീസിന്റെയും തീരുമാനം. സിനിമ അതിവേഗത്തില്‍ പൂര്‍ത്തിയാക്കാനും കൂടുതല്‍ സമയം ജോലി ചെയ്യാനും പല സിനിമാപ്രവര്‍ത്തകരും മയക്കുമരുന്നില്‍ അഭയം തേടുകയാണെന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്.

ഇന്ന് പുലർച്ചെ കൊച്ചിയില്‍ ഹൈബ്രിഡ് കഞ്ചാവുമായി സിനിമാ സംവിധായകര്‍ പിടിയിലായിരുന്നു. ഖാലിദ് റഹ്‌മാന്‍, അഷ്‌റഫ് ഹംസ ഇവരുടെ സുഹൃത്ത് ഷാലിഫ് മുഹമ്മദ് എന്നിവരെയാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഛായാഗ്രഹകന്‍ സമീര്‍ താഹിറിന്റെ ഫ്‌ളാറ്റില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തി വിട്ടയക്കുകയും ചെയ്തു. 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് ഇവരുടെ കൈവശമുണ്ടായിരുന്നത്. ഇന്നലെ രാത്രി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് സംഘം പരിശോധന നടത്തിയത്. ഈ പശ്ചാത്തലത്തിലാണ് സിനിമാ ലൊക്കേഷനുകളില്‍ ലഹരിവേട്ടയ്ക്കുളള എക്സൈസ് നീക്കം.

Content Highlights: Excise seeks police help in drug bust: Move to inspect movie locations

dot image
To advertise here,contact us
dot image