
May 29, 2025
06:52 AM
തിരുവനന്തപുരം: മുള്ളറംകോട് ഗവൺമെന്റ് എൽപിഎസിലെ നാലാം ക്ലാസ് വിദ്യാർത്ഥികളുടെ 'മന്ത്രി അപ്പൂപ്പന്റെ വീട് കാണണ'മെന്ന ആഗ്രഹം സഫലമാകുന്നു. റോസ് ഹൗസ് കാണാനായി കുട്ടികൾ നാളെയെത്തും. മന്ത്രി തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.
മുള്ളറംകോട് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ ആഗ്രഹം സഫലമാകുന്നു എന്നു പറഞ്ഞുകൊണ്ടാണ് മന്ത്രി വി ശിവന്‍കുട്ടി പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. നാളെ കുഞ്ഞുങ്ങള്‍ റോസ് ഹൗസ് സന്ദര്‍ശിക്കാന്‍ എത്തുമെന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. കുഞ്ഞുങ്ങളുടെ കത്ത് ലഭിച്ചതിന് പിന്നാലെ റോസ് ഹൗസ് സന്ദര്‍ശിക്കാന്‍ സാധിക്കുന്ന വിധത്തില്‍ തീയതിയും സമയവും സ്‌കൂള്‍ അധികൃതരെ അറിയിച്ചിരുന്നു. അങ്ങനെ കുഞ്ഞുങ്ങള്‍ ഏറെ ആഗ്രഹിച്ച സുദിനം സമാഗതമായിരിക്കുകയാണ്. മന്ത്രി അപ്പൂപ്പനേയും റോസ് ഹൗസും കാണാനുള്ള തിടുക്കത്തിലാണ് കുഞ്ഞുങ്ങള്‍. കുഞ്ഞുങ്ങളെ കാണാനുള്ള കാത്തിരിപ്പിലാണ് മന്ത്രി അപ്പൂപ്പനെന്നും വി ശിവൻകുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.
'മന്ത്രി അപ്പൂപ്പൻ ഓണസമ്മാനമായി തന്ന കെട്ടിടത്തിലെ ക്ലാസ്മുറിയിലിരുന്നാണ് ഞങ്ങൾ കത്തെഴുതുന്നത്', എന്ന ആമുഖത്തോടെയായിരുന്നു കുട്ടികളുടെ കത്ത്. ഔദ്യോഗിക വസതിയായ റോസ് ഹൗസ് കാണാൻ അവസരം ഒരുക്കുമോ എന്ന ചോദ്യവും കുഞ്ഞുങ്ങൾ ഉന്നയിച്ചിരുന്നു.
കഴിഞ്ഞ മാസമാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ ഔദ്യോഗിക വസതി കാണണമെന്ന ആഗ്രഹം പങ്കുവെച്ച് സ്കൂളിലെ വിദ്യാർത്ഥികൾ കത്തയച്ചത്. 'മന്ത്രി അപ്പൂപ്പൻ ഓണസമ്മാനമായി തന്ന കെട്ടിടത്തിലെ ക്ലാസ്മുറിയിലിരുന്നാണ് ഞങ്ങൾ കത്തെഴുതുന്നത്', എന്ന ആമുഖത്തോടെയായിരുന്നു കുട്ടികളുടെ കത്ത്. 'കുഞ്ഞുങ്ങളേ സ്വാഗതം' എന്ന തലക്കെട്ടോടെ കുട്ടികള്‍ അയച്ച കത്ത് മന്ത്രി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ഇതിന് സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചത്.
Content Highlights: students will visit v sivankutty's official residence tomorrow