സിപിഐഎം കണ്ണൂർ ജില്ലാ സമ്മേളനം; പയ്യന്നൂ‍രിലെ സംഘടനാ പ്രശ്നത്തിൽ നേതൃത്വത്തിന് വിമർശനം

പയ്യന്നൂരിൽ നിന്ന് ചർച്ചയിൽ പങ്കെടുത്ത ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി സരിൻ ശശി ജില്ലാ നേതൃത്വത്തിനെതിരെ വിമർശനം ഉന്നയിച്ചു

സിപിഐഎം കണ്ണൂർ ജില്ലാ സമ്മേളനം; പയ്യന്നൂ‍രിലെ സംഘടനാ പ്രശ്നത്തിൽ നേതൃത്വത്തിന് വിമർശനം
dot image

കണ്ണൂർ: പയ്യന്നൂ‍രിൽ സംഘടനാ പ്രശ്നങ്ങളുടെ പേരിൽ സിപിഐഎം കണ്ണൂർ ജില്ലാ സമ്മേളനത്തിൻ്റെ പൊതുചർച്ചയിൽ രൂക്ഷ വിമർശനം. പയ്യന്നൂരിലെ പാർട്ടി നേതൃത്വത്തിനെതിരെയാണ് പൊതുചർച്ചയിൽ രൂക്ഷ വിമർശനം ഉയർന്നത്. പയ്യന്നൂരിൽ വിഭാഗീയത അവസാനിച്ചിട്ടില്ലെന്നും ഏരിയ സമ്മേളനത്തിലും വിഭാഗീയത ഉണ്ടായിരുന്നുവെന്നും പൊതുചർച്ചയിൽ പങ്കെടുത്ത പിണറായി ഏരിയയിലെ പ്രതിനിധികൾ വിമർശനം ഉന്നയിച്ചു. വിഭാഗീയത അവസാനിപ്പിക്കാൻ ജില്ലാ കമ്മിറ്റിക്ക് കഴിഞ്ഞില്ലെന്നും വിമർശനം ഉയർന്നു.
പയ്യന്നൂരിൽ നിന്ന് ചർച്ചയിൽ പങ്കെടുത്ത ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി സരിൻ ശശി ജില്ലാ നേതൃത്വത്തിനെതിരെയും വിമർശനം ഉന്നയിച്ചു.

നേരത്തെ ജില്ലാ സെക്രട്ടറി സമ്മേളനത്തിൽ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൽ പയ്യന്നൂരിൽ രൂക്ഷമായ സംഘടനാ പ്രശ്നങ്ങള്‍ ഉള്ളതായി ചൂണ്ടിക്കാണിച്ചിരുന്നു. മറ്റിടങ്ങളെ അപേക്ഷിച്ച് രൂക്ഷമായ സംഘടനാ പ്രശ്നമാണ് പയ്യന്നൂരിലുള്ളതെന്നായിരുന്നു ജില്ലാ സെക്രട്ടറി അവതരിപ്പിച്ച റിപ്പോർട്ടിൽ ഉണ്ടായിരുന്നത്.

പി പി ദിവ്യയ്ക്കെതിരായ സംഘടനാ നടപടിയെ അനുകൂലിച്ചും പ്രതികൂലിച്ചും പൊതുച‍‍ർച്ചയിൽ പ്രതിനിധികൾ സംസാരിച്ചിരുന്നു. ദിവ്യക്കെതിരായ നടപടി മാധ്യമങ്ങളുടെ അജണ്ടയ്ക്ക് അനുസരിച്ചാണെന്ന വിമർശനമാണ് ഉയർന്നത്. ദിവ്യക്കെതിരായ നടപടി മാധ്യമങ്ങളെ തൃപ്തിപ്പെടുത്താനാണെന്നും ചർച്ചയിൽ പങ്കെടുത്ത പ്രതിനിധികൾ വിമർശനം ഉന്നയിച്ചിരുന്നു. തലശ്ശേരി ഏരിയയിൽ നിന്നുള്ള പ്രതിനിധികളാണ് ജില്ലാ കമ്മിറ്റിക്കെതിരെ രൂക്ഷ വിമർശനവുമായി രം​ഗത്ത് വന്നത്. പി പി ദിവ്യയുടെ നടപടിയെയും ഒരു വിഭാ​ഗം പ്രതിനിധികൾ വിമർശിച്ചു. ദിവ്യ ചെയ്തത് ശരിയായില്ലെന്നും പൊതുചർച്ചയിൽ വിമർശനം ഉയർന്നിരുന്നു.

സിപിഐഎം കണ്ണൂർ ജില്ലാ സമ്മേളനത്തിൽ പി ജയരാജനെതിരെയും വിമ‍ർശനം ഉയർന്നു. മനു തോമസിനെതിരെ പി ജയരാജൻ നടത്തിയ പ്രതികരണമാണ് വിമർശനത്തിനിടയാക്കിയത്. ജില്ലാ കമ്മിറ്റിയിൽ നിന്നും ഒഴിഞ്ഞ മനു തോമസിനെതിരെ നടത്തിയ പ്രതികരണം തെറ്റായിരുന്നു. മുതിർന്ന ഒരു നേതാവിൻ്റെ ഭാഗത്ത് നിന്നും ഉണ്ടാവേണ്ട രീതിയിലായിരുന്നില്ല പ്രതികരണമെന്നും വിമർശനമുണ്ടായി.

തളിപ്പറമ്പിൽ പുരോ​ഗമിക്കുന്ന സിപിഐഎം കണ്ണൂർ ജില്ലാ സമ്മേളനം ഫെബ്രുവരി മൂന്നാം തീയതി സമാപിക്കും. ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് എം വി ജയരാജൻ ഒഴിവായേക്കുമെന്നാണ് സൂചനകൾ. നിലവിലെ ടേം വ്യവസ്ഥ പ്രകാരം എം വി ജയരാജൻ മാറേണ്ട സാഹചര്യം ഇല്ലെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് അദ്ദേഹം ഒഴിഞ്ഞേക്കും. കെ കെ രാഗേഷോ ടി വി രാജേഷോ ജില്ലാ സെക്രട്ടറി പദത്തിലേക്ക് എത്താനും സാധ്യതയുണ്ട്.

Content Highlights: Organizational problem in Payyanur has been criticized by the delegates at the district conference

dot image
To advertise here,contact us
dot image