

കണ്ണൂർ: മാടായി കോളേജിലെ വിവാദ നിയമനവുമായി ബന്ധപ്പെട്ട് നടക്കുന്ന തർക്കം അടിപിടിയിലെത്തി. ഇന്നലെ രാവിലെ പയ്യന്നൂരിൽ ഖാദി ലേബർ യൂണിയൻ സംഘടിപ്പിച്ച കെ പി കുഞ്ഞിക്കണ്ണൻ അനുസ്മരണ പരിപാടിക്കിടയിലായിരുന്നു സംഭവം. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ ജയരാജന് നേരെയാണ് കയ്യേറ്റ ശ്രമം ഉണ്ടായത്. മാടായി നിയമന പ്രശ്നം തീർക്കാതെ പൊതു പരിപാടിയിൽ പങ്കെടുക്കുവാൻ സമ്മതിക്കില്ലെന്ന് പറഞ്ഞാണ് കൈയേറ്റ ശ്രമം ഉണ്ടായത്. മുതിർന്ന കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്റെ സാന്നിധ്യത്തിൽ ആയിരുന്നു തർക്കം നടന്നത്. അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു അദ്ദേഹം.
പരിപാടിയിൽ പങ്കെടുക്കാൻ ജയരാജ് എത്തിയപ്പോൾ പ്രതിഷേധവുമായി ചില പ്രവർത്തകർ രംഗത്തെത്തുകയായിരുന്നു. മാടായി കോളേജിലെ ഡയറക്ടർ ബോർഡിലുള്ളവർക്കെതിരേ പ്രതിഷേധമുണ്ടെന്നും പ്രസംഗിക്കാൻ അനുവദിക്കില്ലെന്നും പറഞ്ഞായിരുന്നു പ്രതിഷേധം. പ്രശ്നം ഗുരുതരമാകാതിരിക്കാൻ പ്രസംഗിക്കുന്നില്ലെന്ന് പറഞ്ഞ് ജയരാജ് പ്രവർത്തകരെ സമാധാനിപ്പിച്ചു. യോഗം കഴിഞ്ഞ് ജയരാജ് പോകാൻ ഒരുങ്ങവെ പ്രതിഷേധക്കാർ തടഞ്ഞ് മാടായി കോളേജ് വിഷയം വീണ്ടും ഉന്നയിച്ചു. കെപി രാജേന്ദ്രകുമാർ, ടിവി ഉണ്ണികൃഷ്ണൻ, കച്ചേരി രമേശൻ, രാജേഷ് ഇട്ടമ്മൽ തുടങ്ങിയവർ ചേർന്നാണ് ജയരാജനെ തടഞ്ഞത്.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് പാർട്ടിയിൽനിന്ന് രാജിവെച്ച കെപി രാജേന്ദ്രകുമാർ വിഷയത്തിൽ ഇടപെടുന്നത് എന്തിനാണെന്ന് ജയരാജ് ചോദിച്ചു. ഇതിന് പിന്നാലെയാണ് തർക്കം കൈയാങ്കളിയിലേക്ക് നീങ്ങിയത്. സംഭവത്തിൽ ചിലർക്ക് അടിയേറ്റിട്ടുണ്ട്. കെ ജയരാജ് ഡിസിസിക്കും കെപിസിസിക്കും പരാതി നൽകി. ഇന്നലെ വൈകീട്ട് പഴയങ്ങാടിയിലും സംഘർഷമുണ്ടായിരുന്നു. എം കെ രാഘവൻ എം പി അനുകൂലികൾ പ്രകടനം നടത്താനായി എത്തിയതോടെയായിരുന്നു സംഘർഷം. പ്രകടനം നടത്തിയാൽ തടയുമെന്ന് നിയമനത്തെ എതിർക്കുന്ന കോൺഗ്രസ് പ്രവർത്തകർ അറിയിച്ചതോടെ ആയിരുന്നു തർക്കം. വാക്ക് തർക്കം പിന്നെ കൈയാങ്കളിയിലുമെത്തി. തർക്കം നടന്നത് പാര്‍ട്ടിക്ക് കൂടുതല്‍ ക്ഷീണമായിട്ടുണ്ട്.
വിവാദ വിഷയം പരസ്യ ഏറ്റുമുട്ടലിലേക്ക് എത്തിയതോടെ പ്രശ്നം പരിഹരത്തിനായി കെപിസിസി നിയോഗിച്ച മൂന്നംഗ സമിതി നാളെ കണ്ണൂരിൽ എത്തും. ഇരു വിഭാഗങ്ങളുടെയും നിലപാട് കേൾക്കും. പ്രശ്നം അതീവ ഗുരുതരമെന്നാണ് പാർട്ടി നേതൃത്വത്തിന്റെ വിലയിരുത്തൽ. വിഷയം നീട്ടിക്കൊണ്ടുപാകാനാകില്ലെന്ന് മുതിർന്ന നേതാക്കൾ നിലപാട് അറിയിച്ചിട്ടുണ്ട്. കണ്ണൂരിൽ തനിക്കെതിരെ നടക്കുന്ന പ്രതിഷേധത്തിൽ എഐസിസിയെയും എംകെ രാഘവൻ പരാതി നൽകിയിട്ടുണ്ട്.

മാടായി കോളേജില്‍ എം കെ രാഘവന്‍ എംപി ബന്ധു എം കെ ധനേഷ് ഉള്‍പ്പെടെ മൂന്ന് സിപിഐഎം പ്രവര്‍ത്തകരെ നിയമിക്കാന്‍ നീക്കം നടത്തി എന്ന ആരോപണമാണ് ഉയർന്നിരിക്കുന്നത്. ഇതിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ രാഘവന്‍ എംപിയെ വഴിയില്‍ തടഞ്ഞ് പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കണ്ണൂര്‍ ഡിസിസി നടപടിയെടുത്തിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സസ്‌പെന്‍ഡ് ചെയ്യുകയാണ് ഡിസിസി ചെയ്തത്. ഇതില്‍ പ്രതിഷേധിച്ച് കുഞ്ഞിമംഗലം മണ്ഡലം കമ്മിറ്റി ഒന്നടങ്കം രാജിവെച്ചിരുന്നു.
അതേസമയം, മാടായി കോളേജിനെ കുറിച്ചുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്നായിരുന്നു എം കെ രാഘവന്‍ എം പിയുടെ പ്രതികരണം. നാല് അനധ്യാപക തസ്തികകളിലേക്കാണ് ഇന്റര്‍വ്യൂ നടത്തിയത്. പിഎസ്‌സി മാര്‍ഗനിര്‍ദേശം അനുസരിച്ചായിരുന്നു നടപടി. ഓഫീസ് അസിസ്റ്റന്റ് തസ്തികയില്‍ സുപ്രീംകോടതി നിര്‍ദേശം പാലിച്ചിരുന്നു. ഭിന്നശേഷി നിയമനം നല്‍കേണ്ടിയിരുന്ന പോസ്റ്റായിരുന്നു അതെന്നും എം കെ രാഘവന്‍ മാധ്യമങ്ങളോട് വിശദീകരിച്ചിരുന്നു.
Content Highlights: Protest in a meeting attended by Congress leaders in Payyannur