
May 17, 2025
12:00 PM
മലപ്പുറം: എഡിജിപി എം ആര്‍ അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്നും നീക്കിയതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി കെ ടി ജലീല്‍. 'അവസാന വിക്കറ്റും വീണു, അരങ്ങത്തു നിന്ന് അടുക്കളയിലേക്ക്' എന്നാണ് ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
നടപടിയില്‍ പ്രതികരിച്ച് പി വി അന്‍വറും രംഗത്തെത്തിയിരുന്നു. അജിത് കുമാറിന്റെ തലയില്‍ നിന്നും ആ തൊപ്പി ഊരിക്കും എന്ന് പറഞ്ഞവന്റെ പേര് അന്‍വര്‍ എന്നാണ് എന്നായിരുന്നു എംഎല്‍എയുടെ പ്രതികരണം. കള്ളക്കടത്ത്, തൃശൂര്‍ പൂരം കലക്കല്‍ അടക്കം അജിത് കുമാറിനെ പ്രതിസ്ഥാനത്ത് നിര്‍ത്തി അന്‍വര്‍ നിരന്തരം ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.
ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയെന്ന പരാതിയില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്നും മാറ്റിയിരിക്കുന്നത്. ബറ്റാലിയന്‍ ചുമതല മാത്രമാണ് ഇനി ഉണ്ടാവുക. ആരോപണം വന്ന് 36-ാം ദിനമാണ് അജിത് കുമാറിനെതിരെ നടപടിയുണ്ടാകുന്നത്. അജിത് കുമാറിന് പകരം ഇന്റലിജന്‍സ് എഡിജിപി മനോജ് എബ്രഹാമിനാണ് ക്രമസമാധാന ചുമതല.
കഴിഞ്ഞ ദിവസമാണ് ഡിജിപി അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറിയത്. അഭ്യന്തര സെക്രട്ടറിക്കായിരുന്നു റിപ്പോര്‍ട്ട് കൈമാറിയത്. ആര്‍എസ്എസ് നേതാക്കളുമായുള്ള എഡിജിപിയുടെ കൂടിക്കാഴ്ച ഗുരുതര വീഴ്ചയായി കാണുന്നുവെന്നാണ് ഡിജിപിയുടെ റിപ്പോര്‍ട്ടിലുള്ളത്. കൂടിക്കാഴ്ച വ്യക്തിപരമായ ആവശ്യമാണെന്ന അജിത് കുമാറിന്റെ വാദവും ഡിജിപി തള്ളി. എഡിജിപിയുടേത് രഹസ്യ കൂടിക്കാഴ്ചയായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.