
Jul 12, 2025
03:29 PM
കൊച്ചി: പാർവ്വതി തിരുവോത്തിനെപ്പോലെ കരുത്തുള്ള പെൺകുട്ടികൾ ഉള്ള കാലഘട്ടത്തിലാണ് നമ്മളൊക്കെ ജീവിക്കുന്നത് എന്നത് അഭിമാനമെന്ന് നടി മാല പാർവ്വതി. സ്വന്തമായി അഭിപ്രായം പറയാൻ ആർജവം കാണിക്കുന്ന പർവതിയെപ്പോലുള്ളവരുടെ അടുത്തൊന്നും തനിക്കെത്താനാവില്ലെന്നും അവർ റിപ്പോർട്ടർ ടിവിയോട് പറഞ്ഞു. സിനിമാ മേഖലയിലെ ലൈംഗിക ചൂഷണത്തെക്കുറിച്ച് അന്വേഷിക്കാന് പ്രത്യേകസംഘത്തെ സർക്കാർ നിയോഗിച്ചതിനോട് പ്രതികരിക്കുകയായിരുന്നു മാല പാർവ്വതി.
ഉർവശി ചേച്ചിയെ വിളിച്ചപ്പോൾ ആ കൊച്ചെന്തൊരു മിടുക്കിയാണ് എന്നൊക്കെ പറഞ്ഞിരുന്നു. ഇനിയിപ്പോൾ ഒന്നും നോക്കാനില്ല, എല്ലാം പുറത്തുവരട്ടെ, അവർക്കൊപ്പം നിൽക്കുമെന്ന് ഉർവശി പറഞ്ഞതായും മാല പാർവ്വതി കൂട്ടിച്ചേർത്തു. ഒരു സ്വാതന്ത്ര്യ സമരമാണ് ഇവിടെ നടക്കുന്നത്. നീതി നടപ്പാവണം. അന്വേഷണം മാത്രമേയുള്ളൂ വഴിയെന്നും അത് അതിന്റെ വഴിയേ നടക്കട്ടെയെന്നും മാലാ പാർവ്വതി പറഞ്ഞു.
നിലവില് ഉയർന്നുവന്ന പരാതികളും വെളിപ്പെടുത്തലുകളും സംബന്ധിച്ച് അന്വേഷിക്കാന് പൊലീസ് ഐജി സ്പര്ജന് കുമാറിന്റെ നേതൃത്വത്തില് ഉയര്ന്ന വനിതാ പൊലീസ് ഓഫീസര്മാര് ഉള്പ്പെടുന്ന ഒരു പ്രത്യേക അന്വേഷണസംഘമാണ് സർക്കാർ രൂപീകരിച്ചത്. പ്രസ്തുത സ്പെഷ്യല് ടീമിന്ന് ക്രൈംബ്രാഞ്ച് എഡിജിപി ശ്രീ. എച്ച് വെങ്കിടേഷ് മേല്നോട്ടം വഹിക്കും. ആരോപണം ഉന്നയിച്ചവരില് നിന്നും പ്രത്യേക സംഘം മൊഴിയെടുക്കും. നിയമോപദേശം തേടിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഡയറക്ടര് ജനറല് ഓഫ് പ്രോസിക്യൂഷന് ആണ് ഉപദേശം നല്കിയത്. ആരോപണം ഉന്നയിച്ചവര് പരാതിയില് ഉറച്ചുനിന്നാല് കേസെടുക്കും.
ജി. സ്പര്ജന്കുമാര് ഐജിപി, എസ്. അജീത ബീഗം ഡിഐജി, മെറിന് ജോസഫ് എസ്.പി ക്രൈംബ്രാഞ്ച് HQ, ജി. പൂങ്കുഴലി - എഐജി, കോസ്റ്റല് പൊലീസ്, ഐശ്വര്യ ഡോങ്ക്റെ - അസി. ഡയറക്ടര് കേരള പൊലീസ് അക്കാദമി, അജിത്ത് വി - എഐജി, ലോ&ഓര്ഡര്, എസ് മധുസൂദനന് - എസ്.പി ക്രൈംബ്രാഞ്ച് എന്നിവരാണ് പ്രത്യേക സംഘത്തിലുള്ളത്.