
മേപ്പാടി: ഉരുൾ ദുരന്തം വിതച്ച് ഒരു നാടിനെയൊന്നാകെ വിഴുങ്ങുമ്പോൾ ഉറ്റവരെ നഷ്ടപ്പെട്ട് അനാഥരാകുന്നത് മനുഷ്യർ മാത്രമല്ല. തനിച്ചായി പോയ മനുഷ്യരുടെ വിലാപങ്ങളിലൊതുങ്ങുന്നതല്ല അനാഥത്വത്തിന്റെ വേദന. അത് വളർത്തുമൃഗങ്ങളുടേത് കൂടിയാണ്. രക്ഷാപ്രവർത്തനത്തിനെത്തുന്ന മനുഷ്യരുടെ മുഖങ്ങളിലേക്ക് നിസ്സഹായതയോടെ നോക്കുന്ന എത്രയോ കണ്ണുകൾ. പ്രിയപ്പെട്ടവരെ കാണാനില്ലെന്ന്, അവരീ മണ്ണിനടിയിലാണെന്ന് പറയാതെ പറയുന്ന മിണ്ടാപ്രാണികൾ. അവരും മുണ്ടക്കെെയുടെ നോവാകുകയാണ്.
ദുരന്തമുഖത്ത് നിരവധി വളർത്തുമൃഗങ്ങളാണ് അങ്ങനെയുള്ളത്. ഇനിയെന്ത് എന്നറിയാതെ ചുറ്റിലും പകപ്പോടെ ഉറ്റുനോക്കി തങ്ങളുടെ പ്രിയപ്പെട്ടവരെ തിരയുന്ന നിസ്സഹായ ജീവികൾ. കഴിഞ്ഞദിവസം വരെ അവരെ പൊന്നുപോലെ നോക്കിയവരെയാണ് തിരയുന്നത്. സുഖമായി കഴിഞ്ഞ ഇടമാണ് തേടുന്നത്. ഒരുപക്ഷേ, അവർക്കറിയാമായിരിക്കും ഇനിയൊന്നും ബാക്കിയില്ലെന്ന്. അതിന്റെ വേദനയാവും ആ കണ്ണുകളിൽ തെളിയുന്നത്. വലിയൊരു ദുരന്തത്തെ അതിജീവിച്ച് ജീവൻ തിരികെനേടിയവരാണ്, പക്ഷേ തനിച്ചായി പോയി. ഇനിയാരുടെയെങ്കിലും കനിവുണ്ടാകണം പുതിയൊരു ജീവിതം കെട്ടിപ്പടുക്കാൻ. അലഞ്ഞുതിരിഞ്ഞുള്ള ജീവിതം ദുസ്സഹമാണ്. സഹജീവികളോട് കരുണയുളളവരെ ഭൂമിയിലുള്ളു എന്നത് മിഥ്യാബോധമാണെന്ന് അവർക്കുമറിയാം. പ്രകൃതി മനുഷ്യന് മാത്രമുള്ളതല്ലെന്ന് തിരിച്ചറിയുന്ന മനുഷ്യരിലാണ് ഇനിയവരുടെ പ്രതീക്ഷ. അവരുടെ മാത്രമല്ല, അകലങ്ങളിലിരുന്ന് ദൃശ്യമാധ്യമങ്ങൾ വഴി അവരെ കാണുന്ന അലിവുള്ള മനുഷ്യരുടെയും പ്രതീക്ഷ അതുതന്നെയാണ്. അനിമൽ റെസ്ക്യു സംഘടനകളോ സ്വമേധയാ അവരെ ഏറ്റെടുക്കാൻ വരുന്നവരോ മുണ്ടക്കൈയിലെത്തണം. എങ്കിലേ ഈ പാവങ്ങൾക്കൊക്കെ പുനരധിവാസം സാധ്യമാകൂ.
കുവിയെ ഓർമ്മയില്ലേ? ഇടുക്കി പെട്ടിമുടി ഉരുൾപൊട്ടലിലൂടെ ലോകമറിഞ്ഞ നായ. തന്റെ കളിക്കൂട്ടുകാരിയായ ധനുവിനെ തിരഞ്ഞ് ദുരന്തഭൂമിയിൽ ഉണ്ടായിരുന്നവൾ. ദിവസങ്ങൾ നീണ്ട തിരച്ചിലിനൊടുവിൽ കുഞ്ഞുധനുവിനെ ജീവനറ്റ് മണ്ണിനടിയിൽ പുതഞ്ഞ് കണ്ടെത്തിയപ്പോഴും ആദ്യം ഓടിയെത്തിയത് കുവിയായിരുന്നു. അവളാണ് തിരിച്ചറിഞ്ഞത്, ആ കുഞ്ഞുശരീരം തന്റെ ധനുവാണെന്ന്. ധനുഷ്കയെന്ന ധനുവിന്റെയും അച്ഛൻ പ്രദീപിന്റെയും അമ്മ കസ്തൂരിയുടെയും സഹോദരി പ്രിയദർശിനിയുടെയും പ്രിയപ്പെട്ടവളായിരുന്നു കുവി. ആ കുടുംബത്തിൽ ബാക്കിയായത് ധനുവിന്റെ മുത്തശ്ശി കറുപ്പായി മാത്രമായിരുന്നു. കുവിയുടെ സ്നേഹവും നിസ്സഹായതയും അന്ന് വാർത്തയായി, വലിയ ചർച്ചയായി. പെട്ടിമുടിയിൽ രക്ഷാപ്രവർത്തനത്തിന് എത്തിയ ഇടുക്കി ജില്ലാ പൊലീസ് ഡോഗ് സ്ക്വാഡ് പരിശീലകൻ ചേർത്തല കൃഷ്ണകൃപയിൽ അജിത് മാധവനാണ് കുവിയെ പിന്നീട് ഏറ്റെടുത്തത്.
ധനുവിനെ കണ്ടെത്തിക്കഴിഞ്ഞും ഭക്ഷണം കഴിക്കാതെ നടന്നിരുന്ന കുവിയെ അജിത് ഇണക്കിയെടുത്തിരുന്നു. കുവിയെ ഏറ്റെടുക്കാൻ അന്നേ അജിത്തിന് ആഗ്രഹമുണ്ടായിരുന്നെങ്കിലും ഇടുക്കി ഡോഗ് സ്ക്വാഡ് ആദ്യം കുവിയെ ദത്തെടുത്തു. അവിടെയും പരിശീലകൻ അജിത് തന്നെയായിരുന്നു. പിന്നീട് ധനുഷ്കയുടെ ബന്ധുക്കൾക്ക് കുവിയെ കൈമാറി. ഗർഭിണിയായ കുവി ഭക്ഷണം കഴിക്കാതെ അസ്വസ്ഥത പ്രകടിപ്പിച്ചതോടെ, 2021 ജൂലൈയിൽ ധനുഷ്കയുടെ ബന്ധുക്കൾ അജിത്തിനെ വിവരമറിയിച്ചു. അജിത് അവിടെയെത്തി. അജിത്തിനു കുവിയോടുള്ള സ്നേഹം ഒടുവിൽ മൂന്നാർ പെട്ടിമുടിയിലെ ആ വീട്ടുകാരും തിരിച്ചറിഞ്ഞു. അങ്ങനെ രേഖാമൂലം തന്നെ കുവിയെ അവർ അജിത്തിനു കൈമാറുകയായിരുന്നു.
കുവിയെ ഏറ്റെടുക്കാനും സ്നേഹിക്കാനും അന്ന് അജിത്തുണ്ടായിരുന്നു. വർഷങ്ങൾക്കിപ്പുറം മുണ്ടക്കെെയിൽ ഒരുകൂട്ടം മിണ്ടാപ്രാണികൾ കാത്തിരിക്കുന്നു, ഇനിയൊരിക്കലും മടങ്ങിവരാത്തവർക്കു പകരം തങ്ങളെത്തേടി അലിവുള്ള ആരെങ്കിലും എത്തുമോയെന്ന്.....!