
പ്രകൃതി ദുരന്തങ്ങളും അതിൽ ഉറ്റവരെ നഷ്ടപ്പെടുന്ന മനുഷ്യരുടെ നിസഹായാവസ്ഥയും മലയാളികൾ ഇതിനും മുൻപും പലകുറി കണ്ടിട്ടുള്ളതാണെങ്കിലും ഇത്രയും ആഘാതം സൃഷ്ടിക്കുന്ന ഒരു ദുരന്തം ഇതാദ്യമാകും. പുത്തുമലയും കവളപ്പാറയും കൂട്ടിക്കലുമൊക്കെ കണ്ടതിനേക്കാൾ ഭീകരമായ, പേടിപ്പെടുത്തുന്ന, ഹൃദയം തകർക്കുന്ന ഒന്നാണ് ഇന്ന് ചൂരൽമലയിൽ നിന്നും വെള്ളാർമലയിൽ നിന്നും മുണ്ടക്കൈയിൽ നിന്നുമൊക്കെയുള്ള കാഴ്ച്ചകൾ.
മലമുകളിൽ നിന്ന് പൊട്ടിയൊലിച്ചു വരുന്ന ഭീമാകാരമായ കല്ലുകളിൽ നിന്നും വെള്ളപ്പാച്ചിലിൽ നിന്നും ഓടി രക്ഷപെടാൻ പോലുമാകാതെ മണ്ണിൽ പുതഞ്ഞവരെ ഇനിയും കണ്ടെത്താൻ ബാക്കിയാണ്. ഇതാദ്യമായല്ല മുണ്ടക്കൈയിൽ ഉരുൾ ദുരന്തമായെത്തുന്നത്. 40 വർഷം മുമ്പും ഇതുപോലൊരു ദുരന്തം ആ മണ്ണിലേക്കെത്തിയിരുന്നു. ആ ദുരന്തത്തിൽ പൊലിഞ്ഞതാകട്ടെ 14 ജീവനുകളെ. 80 വീടുകൾ പൂർണമായും തകര്ന്നു. നാടിനെ നടുക്കിയ ദുരന്തം പുറംലോകമറിഞ്ഞത് അടുത്ത ദിവസം മാത്രമാണ്. വളരെക്കുറച്ചു സമയം പെയ്ത കൂടിയ അളവിലുള്ള മഴയായിരുന്നു അന്ന് ഉരുൾപൊട്ടലിന് കാരണമായത്.
വർഷങ്ങൾക്ക് ശേഷം വീണ്ടും അതിന്റെ ഇരട്ടി വ്യാപ്തിയിൽ ഉരുൾപൊട്ടിയെത്തുമ്പോൾ മഴതന്നെയാണ് ഇപ്പോഴും വില്ലൻ. ഉരുൾപൊട്ടലുണ്ടാകുന്നതിന് രണ്ട് ദിവസം മുൻപ് ലഭിച്ചതിന്റെ ഇരട്ടിയിലധികം മഴയാണ് ആ പ്രദേശത്ത് പെയ്തത്. 24 മണിക്കൂറിനിടെ 300 മില്ലിമീറ്റായത് അടുത്ത ദിവസം കൂടിയായപ്പോൾ 570 മില്ലിമീറ്ററായി കൂടി. ഇത് ആ കുന്നിന് താങ്ങാനായില്ല......
ഉരുൾപൊട്ടുന്നത് എങ്ങനെ...
വെള്ളത്തിനെ വലിച്ചെടുക്കാൻ കഴിവുള്ള ഒന്നാണ് മണ്ണ്. എന്നാലും പരിധിയുണ്ട്. സംഭരണശേഷിയിൽ വെള്ളം മണ്ണിലേക്കിറങ്ങത് കൂടാതെ ഭൂഗർഭ ജലത്തിന്റെ അളവു കൂടുന്നതിനനുസരിച്ച് മണ്ണിനടിയിൽ മർദം നഷ്ടമാവുകയും ബലക്കുറവ് സംഭവിക്കുകയും ചെയ്യുന്നു. മണ്ണിന്റെ സ്ഥിരത നഷ്ടപ്പെടുന്നതോടെ മണ്ണിൽ ഉറച്ച പാറകൾക്കും ഇളക്കം തട്ടുന്നു. ബലം നഷ്ടപ്പെടുന്നതോടെ മുകളിൽ നിന്ന് ചെളിനിറഞ്ഞ മണ്ണും വെള്ളവും പാറകളും താഴേക്ക് പതിക്കുന്നു. ഇതിന്റെ ശക്തി എത്ര എന്നത് ചുരൽമലയിലെയും മുണ്ടക്കൈയിലെയും ഉണ്ടായ ആഘാതം പറയും.
'മഴ വില്ലനാകുമ്പോൾ, കാരണക്കാർ മനുഷ്യരും കൂടിയാണ്'
മണ്ണിന് ഉറപ്പ് നൽകുന്നതിൽ മരങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. മലകളിലെ സ്വാഭാവിക മരങ്ങള് വെട്ടിമാറ്റി അവിടെ തേയില കൃഷി പോലുളള തൊട്ടങ്ങൾ ഉണ്ടാക്കുന്നത് മണ്ണിനെ പിടിച്ചു നിർത്തുകയല്ല, മറിച്ച് മണ്ണ് ഒലിച്ചു പോകുന്നതിനാണ് ഇടയാകുന്നത്. ഇതുമാത്രമോ, മലയുടെ ഒരു ഭാഗം കാർന്നെടുത്ത് ഫാമുകള്, റിസോർട്ടുകൾ മറ്റ് കെട്ടിടങ്ങൾ നിർമ്മിക്കുന്നതും ഇത്തരത്തിലുള്ള അപ്രതീക്ഷിത ദുരന്തങ്ങൾക്ക് കാരണമാകും എന്നാണ് നിരവധി പരിസ്ഥിതി പ്രവർത്തകരും അഭിപ്രായപ്പെടുന്നത്. അതിൽ കേരളമാകെ ഇപ്പോൾ ചർച്ച ചെയ്യുന്നതില് പ്രധാനം പരിസ്ഥിതി നിരീക്ഷകനായ മാധവ് ഗാഡ്ഗിലിന്റെ റിപ്പോര്ട്ടിനെക്കുറിച്ചാണ്.
കേരളത്തിലെ അനിയന്ത്രിത നിര്മാണങ്ങള്ക്കെതിരേ മുന്നറിയിപ്പ് നല്കുന്ന 13 വര്ഷം പഴക്കമുള്ള ഗാഡ്ഗില് കമ്മിറ്റി റിപ്പോര്ട്ട് വീണ്ടും വീണ്ടും ചർച്ചയാകുകയാണ്. 2011ല് സര്ക്കാരിന് സമര്പ്പിച്ച റിപ്പോര്ട്ടില് ഇപ്പോള് ദുരന്തം നടന്ന മേപ്പാടിയിലെ പരിസ്ഥിതിവിരുദ്ധ പ്രവര്ത്തനങ്ങള്ക്കെതിരെയും പ്രത്യേക മുന്നറിയിപ്പ് നൽകുന്നുണ്ട് എന്നുമാത്രമല്ല, മുണ്ടക്കൈ, ചൂരല്മല, അട്ടമല, നൂല്പ്പുഴ, മേപ്പാടി എന്നീ മേഖലകളും റിപ്പോർട്ടിൽ എടുത്തു പറയുന്നുണ്ട്.
'പശ്ചിമ ഘട്ടം ആകെ തര്ക്കപ്പെട്ടിരിക്കുന്നു. ഇനിയും നടപടിയെടുത്തില്ലെങ്കില് കേരളത്തെ കാത്തിരിക്കുന്നത് വന് ദുരന്തമാണ്. അതിന് നിങ്ങള് വിചാരിക്കും പോലെ യുഗങ്ങള് ഒന്നും വേണ്ട, നാലോ അഞ്ചോ വര്ഷം മതി. അന്ന് ഞാനും നിങ്ങളും ജീവിച്ചിരിപ്പുണ്ടാകും. ആരാണ് കള്ളം പറയുന്നതെന്ന് നിങ്ങള്ക്ക് മനസ്സിലാകും.' എന്നായിരുന്നു ഗാഡ്ഗിലിന്റെ വാക്കുകള്.
അതിനുശേഷം 2020 ഓഗസ്റ്റ് 6 ന് രാത്രി, രാജമല പെട്ടിമുടിയില് 66 പേരുടെ ജീവനെടുത്ത പെട്ടിമുടി ദുരന്തത്തിന് ശേഷം ഗാഡ്ഗില് പറഞ്ഞത് ഇങ്ങനെ, 'എന്നെ തള്ളി പറഞ്ഞവര് സുരക്ഷിതരായി, സുഖമായി ജീവിക്കുന്നു. എനിക്കെതിരെ തെരുവില് ഇറക്കപ്പെട്ട പാവങ്ങള് ഇന്ന് മണ്ണിനടിയിലും. ഇനിയെങ്കിലും എന്നെ വിശ്വസിക്കൂ...', അന്ന് ഇന്നും മാധവ് ഗാഡ്ഗിലിന്റെ ഈ വാക്കുകളെ പിന്തുണയ്ക്കുന്നവരും തള്ളുന്നവരും ഉണ്ടായി.
വയനാട്ടിൽ നടന്നത് ഉരുൾപൊട്ടൽ അല്ല?
മുണ്ടക്കൈയിലേത് ഉരുൾപൊട്ടലല്ല, ഒരു പ്രത്യേക ഭൗമപ്രതിഭാസമാണ് എന്നാണ് ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പ് സ്ഥാപകൻ ഡോ ജി ശങ്കർ റിപ്പോർട്ടറിനോട് പറഞ്ഞത്. അദ്ദഹം പറയുന്നത് ഇങ്ങനെ: 2018, 2019 വര്ഷങ്ങളിലെ വെള്ളപ്പൊക്കം കേരളത്തിന് ഒരുപാട് പാഠങ്ങൾ അവശേഷിപ്പിച്ചിട്ടാണ് കടന്നുപോയത്. ഞാൻ 2018-ൽ പുത്തുമലയിലായിരുന്നു. ലക്കിടി മുതൽ മുത്തങ്ങ വരെ സഞ്ചരിച്ചപ്പോൾ കണ്ടത് റോഡിന്റെ രണ്ടുവശവും മലയിടിയുന്ന ദൃശ്യങ്ങളാണ്. പുത്തുമലയിൽ കരൾ പിളർക്കുന്ന കാഴ്ചയാണ് കണ്ടത്. അതിലും ഭീകരമാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. ഉരുൾപൊട്ടലല്ല, ഒരു പ്രത്യേക ഭൗമപ്രതിഭാസമാണ് ഇപ്പോൾ വയനാട്ടിൽ നടക്കുന്നത്.
സംസ്ഥാനത്ത് ഇന്നു നാം കാണുന്ന എല്ലാ പാറകളും 220 മുതൽ 300 കോടി വർഷം പഴക്കമുള്ളതാണ്. പക്ഷേ, അതിന്റെ മുകളിൽ കാണുന്ന ഒരു മീറ്റർ കനമുള്ള മണ്ണ് വെറും 10,000 വർഷം മാത്രം പഴക്കമുള്ളതും. നല്ലൊരു മഴ പെയ്താൽ ഈ മണ്ണ് ഊർന്നിറങ്ങിവരാവുന്നതേയുള്ളു. ഏകദേശം 22 ഡിഗ്രിക്ക് മുകളിൽ ചെരിവുള്ള മലപ്രദേശങ്ങളിൽ ഉരുൾപൊട്ടാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ 24 മണിക്കൂറിൽ കൂടുതൽ ഈ പ്രദേശങ്ങളിൽ അളവിൽ കൂടുതൽ മഴ പെയ്താൽ മുൻകൂട്ടി തന്നെ മനസിലാക്കേണ്ടതുണ്ട്, ജാഗരൂകരാകേണ്ടതുണ്ട്. കാരണം വയനാട് മാത്രമല്ല, കുന്നിൻ ചെരുവിൽ സ്ഥിതി ചെയ്യുന്ന നിരവധി ഗ്രാമങ്ങളുള്ള ഭൂപ്രേദേശമാണ് കേരളം. അവിടെ തിങ്ങിപാർക്കുന്ന കർഷകരടക്കമുള്ളവരുടെ ജീവനുകളും നമുക്ക് വിലപ്പെട്ടതാണ്.
LIVE BLOG:മുണ്ടക്കൈ ദുരന്തം, മരണം 365 ആയി; മുണ്ടക്കൈ, ചൂരൽമല പ്രദേശത്തെ എല്ലാവർക്കും സൗജന്യ റേഷൻ