
ആധുനികാന്തര മുതലാളിത്തം ചൂഷണത്തിന് പുതിയ മാനങ്ങൾ തേടുമ്പോൾ ചരിത്രത്തിൻറെ ഓർമ്മപ്പെടുത്തലെന്നവണ്ണം വീണ്ടുമൊരു തൊഴിലാളി ദിനം കൂടി വന്നെത്തുകയാണ്. മെയ് ഒന്ന് ഒരു ഓർമ പുതുക്കലിൻറെ ദിനം കൂടിയാണ്.16 മുതൽ 20 മണിക്കൂറോളം കഠിനജോലി, നാലുമണിക്കൂർ മാത്രം വിശ്രമം. ഒരു നൂറ്റാണ്ടുവരെ ഇതായിരുന്നു തൊഴിലാളി ജീവിതങ്ങളുടെ ദിനക്രമം.
രാവന്തിയോളം പണിയെടുത്തിട്ടും കിട്ടുന്നതാകട്ടെ തുച്ഛമായ വേതനവും.1886 മേയ് ഒന്നിന് അമേരിക്കയിലെ ചിക്കാഗോയിൽ മൂന്ന് ലക്ഷത്തിലധികം തൊഴിലാളികളാണ് ഇതിനെതിരെ രംഗത്തെത്തിയത്. അവർ സർവ ലോക തൊഴിലാളികൾക്കായി പണിമുടക്കി. എട്ടുമണിക്കൂർ ജോലി, എട്ടു മണിക്കൂർ വിശ്രമം, എട്ടുമണിക്കൂർ വിനോദം എന്നതായിരുന്നു മുദ്രാവാക്യങ്ങൾ..
മേയ് മൂന്നിന് പൊലീസുമായുണ്ടായ സംഘർഷത്തിൽ രണ്ടു തൊഴിലാളികൾ കൊല്ലപ്പെട്ടു. ഇതോടെ പ്രതിഷേധം വീണ്ടും ശക്തിപ്പെട്ടു. പിറ്റേന്ന് ചിക്കാഗോയിലെ ഹേയ് മാർക്കറ്റ് സ്ക്വയറിൽ സമാധാനപരമായി സമ്മേളിച്ച സമരക്കാരിലേക്ക് അമേരിക്കൻ പൊലീസ് ഏജന്റുമാരിൽ ഒരാൾ ബോംബെറിഞ്ഞതോടെ സംഭവം വീണ്ടും ഗുരുതരമാവുകയായിരുന്നു.
ജനക്കൂട്ടത്തിനുനേരെ പൊലീസ് നിറയൊഴിച്ചു. ആറ് തൊഴിലാളികൾ തോക്കിൻമുനയിൽ പിടഞ്ഞുവീണു മരിച്ചു. സമരത്തെ അടിച്ചൊതുക്കാൻ തൊഴിലാളി നേതാക്കൾക്കെതിരെ കേസെടുത്ത് അവരെ ആദ്യം ജയിലിലടച്ചു. പിന്നാലെ പ്രധാന നേതാക്കളെ തൂക്കിലേറ്റി. അപ്പോഴേക്കും സമരം ചിക്കാഗോ നഗരം വിട്ട് കടലും കടന്ന് യൂറോപ്പ് വരെ വ്യാപിച്ചു കഴിഞ്ഞിരുന്നു.
ഒടുവിൽ ഗത്യന്തരമില്ലാതെ എട്ട് മണിക്കൂർ ജോലിയെന്ന തൊഴിലാളികളുടെ ആവശ്യം ഭരണാധികാരികൾക്ക് അംഗീകരിക്കുകയല്ലാതെ മറ്റ് വഴികളൊന്നും ഉണ്ടായില്ല. 1904ൽ ആംസ്റ്റർഡാമിൽ നടന്ന ഇന്റർനാഷനൽ സോഷ്യലിസ്റ്റ് കോൺഫറൻസാണ് എട്ട് മണിക്കൂർ ജോലി സമയമാക്കിയതിൻറെ വാർഷികമായി മേയ് ഒന്നിനെ തൊഴിലാളി ദിനമായി പ്രഖ്യാപിച്ചത്.
എട്ട് മണിക്കൂർ ജോലിയെന്ന അടിസ്ഥാന ആവശ്യം പിന്നീട് പതിയെ തമസ്കരിക്കുന്ന കാഴ്ചയാണ് ഇന്നെവിടെയും കാണാൻ കഴിയുക. പ്രായ-ലിംഗ-ഭാഷ-ദേശ ഭേദമില്ലാതെ, രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ മനുഷ്യ അധ്വാനശക്തിയെ നാനാവിധ ചൂഷണങ്ങൾക്കും വിധേയമാക്കുന്ന ആധുനീകാന്തരകാലത്ത് മെയ് ഒന്ന് ഒരു ഓർമ പുതുക്കലിൻറെ ദിനമായി മാറുകയാണ്, തൊഴിലാളി അവകാശങ്ങൾ ശൂന്യതയിൽ നിന്ന് ഉണ്ടായതല്ലെന്നതിൻറെ ഓർമ്മപ്പെടുത്തൽ.
വൈദ്യുതി ഉപഭോഗം റെക്കോര്ഡില്; ലോഡ് ഷെഡിങില് തീരുമാനം നാളെ