
May 25, 2025
12:28 AM
ഹരിപ്പാട്: യുകെയിലേക്ക് ജോലിക്ക് പോകാൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ നഴ്സ് കുഴഞ്ഞുവീണു മരിച്ചു. പള്ളിപ്പാട് നീണ്ടൂര് കൊണ്ടൂരേത്ത് സുരേന്ദ്രന്റെ മകള് സൂര്യ സുരേന്ദ്രനാ (24)ണ് മരിച്ചത്. പരുമലയിലെ സ്വകാര്യ ചികിത്സയിലിരിക്കെ ആയിരുന്നു മരണം. രാത്രി എട്ടരയ്ക്കുള്ള വിമാനത്തിലാണ് യുകെയിലേക്ക് പോകാനിരുന്നത്. ഇതിനായി ഞായറാഴ്ച രാവിലെ 11.30-ന് ബന്ധുക്കള്ക്കൊപ്പം നെടുമ്പാശ്ശേരിയിൽ എത്തിയതായിരുന്നു സൂര്യ. ആലപ്പുഴയിൽ എത്തിയത് മുതൽ സൂര്യ ഇടയ്ക്കിടെ ഛർദ്ദിച്ചിരുന്നു. യാത്രയുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾക്കായി വിമാനത്താവളത്തിൽ പ്രവേശിച്ചതിന് പിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നു.
തുടര്ന്ന്, അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്ന് പരുമലയിലെ ആശുപത്രിയിലുമെത്തിച്ചു. ചികിത്സയിലിരിക്കെ തിങ്കളാഴ്ചയാണ് മരിച്ചത്. യാത്രക്ക് മുമ്പേ സമീപത്തെ വീട്ടിലെ അരളിപ്പൂവ് കടിച്ചിരുന്നതായി സൂര്യ ഡോക്ടർമാരോട് പറഞ്ഞു. പൂവിന്റെ അലര്ജി കാരണമാണോ മരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിനും ഫോറൻസിക് പരിശോധനക്കും ശേഷമേ വ്യക്തമാകൂവെന്ന് ഡോക്ടർമാർ പറഞ്ഞു. ചൊവ്വാഴ്ചയായിരുന്നു പോസ്റ്റ്മോർട്ടം.