
May 28, 2025
09:33 PM
തിരുവനന്തപുരം: കെ റെയിൽ അട്ടിമറിക്കാൻ പ്രതിപക്ഷ നേതാവ് വിഡി സതീശന് 150 കോടി കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി കോടതി തള്ളി. തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതിയാണ് ഹർജി തള്ളിയത്. കേരളാ കോൺഗ്രസ് എം നേതാവ് എ എച്ച് ഹഫീസാണ് ഹർജി നല്കിയത്.
മാധ്യമ വാർത്തകൾക്കപ്പുറം തെളിവുകൾ ഹാജരാക്കാൻ ഹർജിക്കാരന് കഴിഞ്ഞില്ല. ഹർജിക്കാരന്റെ വിശ്വാസ്യതയെയും കോടതി ചോദ്യം ചെയ്തു. തെളിവില്ലാതെ ആരോപണമുന്നയിക്കുന്നത് ശരിയല്ലെന്നും എന്ത് തെളിവാണ് കൈവശമുളളതെന്നും കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോഴും കോടതി ഹർജിക്കാരനോട് ചോദിച്ചിരുന്നു.
സർക്കാരിന്റെ സ്വപ്നപദ്ധതിയായ കെ റെയിൽ അട്ടിമറിക്കാൻ വൻ സാമ്പത്തിക ഗൂഢാലോചന നടന്നുവെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് ഇതിന് ചുക്കാൻ പിടിച്ചത് എന്നും പി വി അൻവര് എംഎല്എ ആരോപണം ഉന്നയിച്ചിരുന്നു. കോടികളുടെ അഴിമതിയാണ് സതീശൻ നടത്തിയതെന്നും അൻവർ പറഞ്ഞിരുന്നു. ബാംഗ്ലൂർ, ഹൈദരാബാദ് എന്നിവിടങ്ങളിലെ കമ്പനികളിൽ മൂന്ന് തവണയായി 150 കോടി രൂപ കോയമ്പത്തൂർ വഴി ചാവക്കാട്ട് എത്തിച്ചുവെന്നും, ഈ തുക വി ഡി സതീശന് ലഭിച്ചു എന്നുമാണ് പി വി അൻവറിന്റെ ആരോപണത്തിൽ പറയുന്നത്.
നടിയെ ആക്രമിച്ച കേസ്: ജഡ്ജ് ഹണി എം വർഗീസ് നടത്തിയത് സുപ്രീം കോടതി മാർഗ്ഗനിർദ്ദേശ ലംഘനം