
കൊച്ചി: സോളാര് കേസുമായി ബന്ധപ്പെട്ട് ഉമ്മന് ചാണ്ടിയുടെ കുടുംബത്തെ വേട്ടയാടില്ലെന്ന് സിപിഐഎം തീരുമാനിച്ചിരുന്നുവെന്ന് ഖാദി ബോര്ഡ് വൈസ് ചെയര്മാന് പി ജയരാജന് റിപ്പോര്ട്ടര് ടിവിയുടെ ക്ലോസ് എന്കൗണ്ടറില്.
ഉമ്മന് ചാണ്ടിക്കെതിരെയുള്ള കത്ത് തനിക്കും ലഭിച്ചിട്ടുണ്ട്. നിയമസഭയില് ഉന്നയിക്കാനാണ് കത്തുകള് കൊണ്ടുവന്ന് തന്നത്. പിന്നീട് ഉമ്മന് ചാണ്ടിയോട് അതിനെക്കുറിച്ച് സംസാരിച്ചപ്പോള് എഐസിസിയില് വരെ കത്ത് ലഭിച്ചിട്ടുണ്ടെന്ന് ഉമ്മന് ചാണ്ടി പറഞ്ഞു. തനിക്ക് കത്ത് കൊണ്ടുവന്ന് തന്നത് ആരെന്ന് ഇപ്പോള് പറയുന്നില്ല. ഉമ്മന് ചാണ്ടിയെ താറടിച്ച് കാണിക്കാന് കോണ്ഗ്രസുകാര് തന്നെ ശ്രമിച്ചു.
സിഎംആര്എല് വിവാദം ബോധപൂര്വം കെട്ടിച്ചമച്ചതാണെന്നും മാത്യൂ കുഴല്നാടന് തുടര് ആരോപണങ്ങളില് നിന്ന് 'മാസപ്പടി' ഒഴിവാക്കിയെന്നും പി ജയരാജന് പറഞ്ഞു.
കരുവന്നൂര് സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ കറുത്ത് വറ്റ് പരാമര്ശം പി ജയരാജന് ആവര്ത്തിച്ചു. 99% ശതമാനം സഹകരണ സംഘങ്ങള് ന്യായമായി നടക്കുന്നുണ്ട്. സഹകരണ മേഖലയില് കേരളം ഇന്ത്യക്ക് മാതൃകയാണ്. മാതൃകാപരമായി പ്രവര്ത്തിക്കുന്ന സഹകരണ സംഘങ്ങളെ കരിവാരി തേക്കാനാണ് ഇഡി ശ്രമിക്കുന്നത്. പ്രധാനപ്രതി സതീഷ് കുമാറിനെ തനിക്കറിയില്ല. പി ജയരാജന് പറഞ്ഞു.
വടകരയില് വീണ്ടും ഇടതുപക്ഷ സ്ഥാനാര്ത്ഥിയായി പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിന് അതുമായി ബന്ധപ്പെട്ട് പാര്ട്ടി തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്ട്ടര് ടിവിയുടെ ക്ലോസ് എന്കൗണ്ടറില് പ്രതികരിക്കുകയായിരുന്നു പി ജയരാജന്.