
May 18, 2025
06:54 PM
തിരുവനന്തപുരം: സോളാർ കേസിൽ ഇനി എന്ത് അന്വേഷണമാണ് നടക്കേണ്ടതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എത്രയോ അന്വേഷണം നടന്നു. എല്ലാവരും കുറ്റവിമുക്തരായി. ഉമ്മൻ ചാണ്ടിയെ കുറ്റവിമുക്തനാക്കി. എല്ലാ ദിവസവും അന്വേഷണം നടത്തിയാൽ മതിയോ എന്നും രമേശ് ചെന്നിത്തല ചോദിച്ചു.
സോളാർ കേസ് സിബിഐ വിശദമായി അന്വേഷിച്ചു. കോടതിയിൽ കൊടുത്ത റിപ്പോർട്ടിൽ ആരെയും കുറ്റക്കാരാക്കിയിട്ടില്ല. എത്ര അന്വേഷിച്ചാലും സത്യം പുറത്തുവരും. ഉമ്മൻ ചാണ്ടിയെയും മറ്റ് കോൺഗ്രസ് നേതാക്കളെയും അപകീർത്തിപ്പെടുത്താൻ സിപിഐഎം നടത്തിയ ബോധപൂർവ്വമായ ശ്രമമാണ് സോളാർ കേസ്. എത്ര അന്വേഷണം നടത്തിയാലും ഇതൊന്നും വിജയിക്കില്ല. ഇതെല്ലാം സിപിഐഎമ്മിന്റെ കളിയാണ്. സോളാർ കേസ് യുഡിഎഫ് സർക്കാരിനെ തകർക്കാൻ സിപിഐഎം നടത്തിയ നീക്കമെന്നും ചെന്നിത്തല പ്രതികരിച്ചു.
സോളാർ കേസിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണ്. അത് ജനങ്ങൾക്ക് മനസിലായി. കോൺഗ്രസിനെ ദുർബലപ്പെടുത്താൻ നോക്കേണ്ട. ഇനി നിയമനടപടിക്കാണ് കോൺഗ്രസ് ഒരുങ്ങുന്നത്. ഉമ്മൻ ചാണ്ടി നൽകിയ മൂന്ന് അപകീർത്തി കേസുകൾ ഇപ്പോഴുണ്ട്. തുടർനടപടികൾ ആലോചിച്ച് തീരുമാനിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.