'എംപിമാരുടെ യോഗം വിളിച്ചത് കല്യാണസദ്യക്ക് അല്ലല്ലോ?'; സാമ്പത്തിക പ്രതിസന്ധി, അടിയന്തര പ്രമേയം തള്ളി

എംപിമാരുടെ യോഗത്തില് കേന്ദ്രത്തിന് നിവേദനം കൊടുക്കാന് എല്ലാവരും ഒരുമിച്ചാണ് തീരുമാനിച്ചതെന്നും അങ്ങനെ തീരുമാനിച്ച നിവേദനത്തിലാണ് ഒപ്പിടാന് പോലും കൂട്ടാക്കാതിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു

dot image

തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തര പ്രമേയം തള്ളി. സഭ നിര്ത്തിവെച്ച് ചര്ച്ച ചെയ്തതിന് ശേഷമാണ് അടിയന്തര പ്രമേയം തള്ളിയത്. സംസ്ഥാന സര്ക്കാരിന്റെ വായ്പ വെട്ടിക്കുറച്ചും നല്കാനുള്ള പണം നല്കാതെയും കേന്ദ്രം കേരളത്തെ ശ്വാസംമുട്ടിക്കുകയാണെന്ന് ധനമന്ത്രി കെ എന് ബാലഗോപാല് പറഞ്ഞു. സാമ്പത്തിക മേഖലയില് ശ്വാസം മുട്ടല് ഉണ്ട്. എന്ത് വസ്തുതകള് പറഞ്ഞാലും പത്രങ്ങളില് വരുന്നത് പ്രതിപക്ഷം പറയുന്ന കാര്യങ്ങളാണ്. കേരളത്തിലെ എംപിമാര് സ്വീകരിച്ച നിലപാട് ജനങ്ങള്ക്ക് മുന്പാകെ തുറന്നു കാട്ടപ്പെട്ടിട്ടുണ്ട്. അതുകൊണ്ടാണ് ഇന്ന് അടിയന്തരപ്രമേയ നോട്ടീസ് കൊണ്ടുവന്നത്.

പ്രതിപക്ഷ സമീപനം ജനങ്ങളിലേക്ക് എത്താന് ചര്ച്ച കാരണമായെന്നും ധനമന്ത്രി സഭയില് പറഞ്ഞു. വിഷയം ചര്ച്ച ചെയ്യാന് എംപി മാരുടെ ഓണ്ലൈന് യോഗം വിളിച്ചത് കല്യാണസദ്യക്ക് അല്ലല്ലോ, കേരളത്തിന്റെ ആവശ്യം നേടിയെടുക്കാന് അല്ലേ എന്നും ബാലഗോപാല് ചോദിച്ചു.

എംപിമാരുടെ യോഗത്തില് കേന്ദ്രത്തിന് നിവേദനം കൊടുക്കാന് എല്ലാവരും ഒരുമിച്ചാണ് തീരുമാനിച്ചതെന്നും അങ്ങനെ തീരുമാനിച്ച നിവേദനത്തിലാണ് ഒപ്പിടാന് പോലും കൂട്ടാക്കാതിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംയുക്തമായി നിവേദനം കൊടുക്കാന് തീരുമാനിച്ചിരുന്നു. എംപിമാരുടെ യോഗത്തിലാണ് നിര്ദ്ദേശം മുന്നോട്ടുവച്ചത്. വ്യത്യാസമില്ലാതെ എല്ലാവരും അത് അംഗീകരിച്ചു. അതിനുശേഷം ആണ് ഒപ്പുവയ്ക്കാനും ഒന്നിച്ചു പോകാനും തയ്യാറാകാതിരുന്നത്. നിവേദനത്തില് വ്യത്യസ്ത അഭിപ്രായമുണ്ടെങ്കില് അത് പറയാമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോണ്ഗ്രസ് എല്ലാകാലത്തും ഇത്തരം സമീപനം സ്വീകരിച്ചിട്ടുണ്ട്. നേരത്തെ സഹകരണ മേഖലയിലെ കേന്ദ്ര ഇടപെടലിനെതിരെ യോജിച്ച സമരത്തിന് സമീപിച്ചപ്പോള് ആദ്യം സമ്മതിച്ചു എന്നാല് പിന്നീട് പിന്മാറി. കോണ്ഗ്രസിന്റെ ഗൂഢമായ രാഷ്ട്രീയ ഉദ്ദേശങ്ങള്ക്ക് വേണ്ടിയാണ് ഇത്തരം നിലപാട് സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്ത്തു. ഒടുക്കം അടിയന്തര പ്രമേയം തള്ളുകയും ചെയ്തു.

ഒരു മണി മുതല് മൂന്ന് മണിവരെയാണ് സഭ നിര്ത്തിവെച്ച് ചര്ച്ച നടന്നത്. അങ്കമാലി എംഎല്എ റോജി എം ജോണാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്. മുന്പ് പലവട്ടം ചര്ച്ച ചെയ്ത വിഷയമാണെന്നും വേണമെങ്കില് ഒരിക്കല്ക്കൂടി ചര്ച്ചയാകാമെന്നും ധനമന്ത്രി കെഎന് ബാലഗോപാല് അറിയിക്കുകയായിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us