
May 25, 2025
04:54 AM
കൊച്ചി: ലൈഫ് മിഷന് കോഴക്കേസില് മുഖ്യമന്ത്രിയുടെ മുന് പ്രിന്സിപ്പല് സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യാപേക്ഷയില് ഇടപെടാനാകില്ലെന്ന് ഹൈക്കോടതി. തുടര്ന്ന് ഇടക്കാല ജാമ്യഹര്ജി എം ശിവശങ്കര് പിന്വലിച്ചു. വിചാരണകോടതി ഇടക്കാല ജാമ്യം നിഷേധിച്ചതോടെയാണ് ശിവശങ്കര് ഹൈക്കോടതിയെ സമീപിച്ചത്.
ശിവശങ്കറിന്റെ മെഡിക്കൽ റിപ്പോർട്ടിൽ സംശയമുണ്ടെന്ന് ഇഡിക്കായി ഹാജരായ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. അതേസമയം ശിവശങ്കർ ഏത് സമയവും മരണപ്പെട്ടേക്കാമെന്ന് അദ്ദേഹത്തിനായി ഹാജരായ അഭിഭാഷകൻ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. എന്നാൽ അത്തരം കാര്യങ്ങൾ മെഡിക്കൽ റിപ്പോർട്ടിൽ ഇല്ലല്ലോ എന്ന് കോടതി ചോദിച്ചു. സുപ്രീംകോടതി കേസ് എടുത്തല്ലോ പിന്നെ എന്തിനാണ് ഈ ഹർജി പ്രോത്സാഹിപ്പിക്കുന്നതെന്നും കോടതി ചോദിച്ചു.
ജാമ്യത്തിനായി സുപ്രീംകോടതിയെ സമീപിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. പ്രത്യേക കോടതി അടിയന്തര ചികിത്സ സാഹചര്യമില്ലെന്ന് നിരീക്ഷിച്ചല്ലേ ആവശ്യം തളളിയതെന്നും കോടതി ചോദിച്ചു. ഇടക്കാല ജാമ്യം വിചാരണ കോടതി തന്നെ പരിഗണിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. പിന്നെ എങ്ങനെ പരിഗണിക്കാനാകുമെന്നും ഹൈക്കോടതി ചോദിച്ചു.