

ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധികളും പശ്ചിമേഷ്യയിലെ വർദ്ധിച്ചുവരുന്ന സംഘർഷങ്ങളും ലഘൂകരിക്കുന്നതിനായി ഇറാനും ഖത്തറും തമ്മിൽ നിർണായക ചർച്ചകൾ നടന്നു. വ്യാഴാഴ്ച ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചിയും ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽതാനിയും തമ്മിലാണ് കൂടിക്കാഴ്ച നടത്തിയത്. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനും നയതന്ത്ര ചർച്ചകൾക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമുള്ള ശ്രമങ്ങൾ ഇരുരാജ്യങ്ങളും വിലയിരുത്തിയതായി ഖത്തർ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഹോർമുസ് കടലിടുക്കിൽ അടിഞ്ഞുകൂടിയ മൈനുകൾ നീക്കം ചെയ്യുന്നതിനായി ഒരു സംയുക്ത പദ്ധതി നടപ്പിലാക്കുന്നതിനെക്കുറിച്ചുള്ള ധാരണയും ഇരു നേതാക്കളും ചർച്ച ചെയ്തു. അയൽരാജ്യങ്ങളുടെ പരമാധികാരത്തെയും സമുദ്രഗതാഗത സ്വാതന്ത്ര്യത്തെയും പൂർണ്ണമായി മാനിക്കണമെന്ന് ഖത്തർ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. തർക്കങ്ങൾ പരിഹരിക്കുന്നതിനായി തുടർച്ചയായ നയതന്ത്ര നീക്കങ്ങളും സംഭാഷണങ്ങളും അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.
മേഖലയിലെ സംഘർഷങ്ങൾ കുറയ്ക്കുന്നതിനും സമാധാന ചർച്ചകളെ പിന്തുണയ്ക്കുന്നതിനും ഖത്തർ നടത്തുന്ന നയതന്ത്ര പരിശ്രമങ്ങൾക്ക് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചി നന്ദി അറിയിച്ചു. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗത തടസ്സങ്ങൾ ആഗോള സാമ്പത്തിക രംഗത്തെ ബാധിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഈ ഉഭയകക്ഷി ചർച്ചകൾ നടന്നത്.
അതിനിടെ, ഇറാന്റെ ഭാഗത്തുനിന്നുള്ള സൈനിക ആക്രമണങ്ങൾ അവസാനിക്കുകയും സമുദ്ര ഗതാഗത സ്വാതന്ത്ര്യവും മേഖലയിൽ സമാധാനവും പുനഃസ്ഥാപിക്കപ്പെടുകയും ചെയ്താൽ ഇറാനുമായുള്ള വ്യാപാര ബന്ധങ്ങൾ പുനഃസ്ഥാപിക്കാൻ തയ്യാറാണെന്ന് യുഎഇ അറിയിച്ചു. സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയായ സംഘർഷങ്ങളെത്തുടർന്ന് ഓഗസ്റ്റ് 19-നാണ് ഇറാനുമായുള്ള എല്ലാത്തരം വ്യാപാര, വാണിജ്യ, സാമ്പത്തിക ഇടപാടുകളും യുഎഇ താൽക്കാലികമായി നിർത്തിവെച്ചത്. ഹോർമുസ് കടലിടുക്ക് സുരക്ഷിതമാക്കാനും സാമ്പത്തിക ബന്ധങ്ങൾ പുനരുജ്ജീവിപ്പിക്കാനും നയതന്ത്ര തലത്തിലുള്ള നീക്കങ്ങൾ ഊർജ്ജിതമായി തുടരുകയാണ്.
Content Highlights: Iran held discussions with Qatar’s Foreign Minister as diplomatic efforts continue to reduce tensions and support peace initiatives amid the ongoing conflicts and instability in West Asia.