ട്രാഫിക് പിഴയടച്ചില്ലെങ്കിൽ വാഹനം വാടകയ്ക്ക് കിട്ടില്ല; പുതിയ നിയമവുമായി കുവൈറ്റ്

പുതിയ ഡിജിറ്റൽ സംവിധാനം വഴി ഉപഭോക്താവ് വാഹനം ബുക്ക് ചെയ്യാൻ എത്തുമ്പോൾ തന്നെ അവരുടെ ട്രാഫിക് റെക്കോർഡുകൾ റെന്റൽ കമ്പനികൾക്ക് പരിശോധിക്കാൻ സാധിക്കും

ട്രാഫിക് പിഴയടച്ചില്ലെങ്കിൽ വാഹനം വാടകയ്ക്ക് കിട്ടില്ല; പുതിയ നിയമവുമായി കുവൈറ്റ്
dot image

കുവൈറ്റിൽ ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴയടയ്ക്കാത്തവർക്ക് വാഹനങ്ങൾ വാടകയ്ക്ക് നൽകുന്നത് കാർ റെന്റൽ ഏജൻസികൾ അവസാനിപ്പിച്ചു. ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിന്റെ (ജിഡിടി) നിയമലംഘന നിരീക്ഷണ സംവിധാനവും കാർ റെന്റൽ കമ്പനികളുടെ സോഫ്റ്റ്‌വെയറുകളും തമ്മിൽ ഇലക്ട്രോണിക് രീതിയിൽ ബന്ധിപ്പിച്ചതോടെയാണ് പുതിയ പരിഷ്കാരം പ്രാബല്യത്തിൽ വന്നത്.

പുതിയ ഡിജിറ്റൽ സംവിധാനം വഴി ഉപഭോക്താവ് വാഹനം ബുക്ക് ചെയ്യാൻ എത്തുമ്പോൾ തന്നെ അവരുടെ ട്രാഫിക് റെക്കോർഡുകൾ റെന്റൽ കമ്പനികൾക്ക് പരിശോധിക്കാൻ സാധിക്കും. അടച്ചുതീർക്കാത്ത ട്രാഫിക് പിഴകളോ കേസ് സംബന്ധമായ ബ്ലോക്കുകളോ റെക്കോർഡിൽ ഉണ്ടെങ്കിൽ, ആ ഉപഭോക്താവുമായി വാടക കരാർ ഒപ്പിടാനോ വാഹനം കൈമാറാനോ കമ്പനികൾക്ക് സാധിക്കില്ല.

ട്രാഫിക് ലംഘനങ്ങൾക്കുള്ള കുടിശ്ശിക തുക പൂർണ്ണമായും അടച്ചുതീർക്കുകയും സിസ്റ്റത്തിലെ തടസ്സങ്ങൾ (ബ്ലോക്ക്) നീക്കം ചെയ്യുകയും ചെയ്താൽ മാത്രമേ ഉപഭോക്താവിന് പിന്നീട് വാഹനം വാടകയ്‌ക്കെടുക്കാനുള്ള നടപടികൾ പൂർത്തിയാക്കാൻ കഴിയൂ. രാജ്യത്ത് വർദ്ധിച്ചുവരുന്ന ട്രാഫിക് പിഴ കുടിശ്ശികകൾ വേഗത്തിൽ ഈടാക്കാനും നിയമലംഘനങ്ങൾ കെട്ടിക്കിടക്കുന്നത് തടയാനുമുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി.

സർക്കാർ സംവിധാനങ്ങളും വാഹന സംബന്ധമായ സേവനങ്ങൾ നൽകുന്ന സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളും തമ്മിലുള്ള ഡിജിറ്റൽ ഏകോപനം ശക്തിപ്പെടുത്തുന്നതിൽ ഈ ഘട്ടം ഏറെ നിർണായകമാണ്. ആഭ്യന്തര മന്ത്രാലയത്തിന്റെ ഡിജിറ്റൽ സേവനങ്ങൾ കൂടുതൽ വേഗത്തിലാക്കാനും പൊതുജനങ്ങൾക്കുള്ള നടപടിക്രമങ്ങൾ സുതാര്യമാക്കാനും ഈ സംവിധാനം സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Content Highlights: Kuwait has introduced a new regulation under which individuals with unpaid traffic fines may be denied access to vehicle rental services until their outstanding penalties are cleared.

dot image
To advertise here,contact us
dot image