

സന: ഇറാൻ പിന്തുണയുള്ള പടിഞ്ഞാറൻ യമനനിലെ ഹൂതി സായുധസംഘത്തിനെതിരെ സൈനിക നടപടി നടത്തിയതായി യമൻ പ്രതിരോധ മന്ത്രാലയം. ഞായറാഴ്ച പുറത്തിറക്കിയ വീഡിയോ പ്രസ്താവനയിലൂടെയായിരുന്നു നടപടി സംബന്ധിച്ചുള്ള വിശദീകരണം. 'ഹൂതി സായുധസംഘത്തിനും അവരുടെ സൈനിക ശേഷികൾക്കുമെതിരെ ഞങ്ങളുടെ സേന നിലയുറപ്പിച്ചിരിക്കുന്ന വിവിധ പോരാട്ടമേഖലകളിൽ സൈനിക നടപടി നടത്തിയെന്നാണ് യമൻ സായുധസേനയുടെ വക്താവ് കേണൽ മജീദ് അൽ നുസൈലി വീഡിയോ പ്രസ്താവനയിൽ പറഞ്ഞു.
യമന്റെ സമ്പത്തും വിഭവങ്ങളും ഹൂതികൾ കൊള്ളയടിച്ചെന്ന് കേണൽ മജീദ് അൽ നുസൈലി കുറ്റപ്പെടുത്തി. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ തകർത്തുവെന്നും വിദേശ താൽപര്യങ്ങളും അജണ്ടകളും നടപ്പാക്കുന്നതിനായി യമനെ പ്രാദേശിക സംഘർഷങ്ങളിലേക്ക് വലിച്ചിഴച്ചുവെന്നും കേണൽ മജീദ് അൽ നുസൈലി ആരോപിച്ചു. യമൻ്റെ ഔദ്യോഗിക സായുധസേനയെയും ഐക്യരാഷ്ട്രസഭ അംഗീകരിച്ച യമൻ സർക്കാരിനെയും പിന്തുണയ്ക്കാൻ അദ്ദേഹം യെൻ ജനതയോട് ആഹ്വാനം ചെയ്തു. രാജ്യത്തെ ഭരണസംവിധാനങ്ങൾ പുനഃസ്ഥാപിക്കുന്നതിനും യമൻ ജനത അനുഭവിക്കുന്ന ദുരിതങ്ങൾക്ക് പരിഹാരം കാണുന്നതിനും എല്ലാവരും പിന്തുണ നൽകണമെന്നും കേണൽ മജീദ് അൽ നുസൈലി ആവശ്യപ്പെട്ടു.
നേരത്തെ അന്താരാഷ്ട്ര അംഗീകാരമുള്ള യമൻ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ ഹൂതി വിമതർ ആക്രമണം നടത്തിയിരുന്നു. ഹൂതി വിമതർ നടത്തിയ ആക്രമണത്തിൽ കിഴക്കൻ യമനിലെ സർക്കാർ സേനയുടെ ഭാഗമായ 30ഓളം സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു. മാരിബ് പ്രവിശ്യയിലെ അൽ-റുവൈക് മേഖലയിലും ഹദ്രമൗത് പ്രവിശ്യയിലെ അൽ-അബ്ര മേഖലയിലുമുള്ള എമർജൻസി ഫോഴ്‌സിന്റെ നിയന്ത്രണത്തിലുള്ള നിരവധി സൈനിക ക്യാമ്പുകൾക്ക് നേരെ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചാണ് ആക്രമണം നടന്നതെന്ന് സർക്കാർ വൃത്തങ്ങൾ സ്ഥിരീകരിച്ചിരുന്നു. ആക്രമണത്തെ യമൻ്റെ ആരോഗ്യ മന്ത്രി ഖാസിം ബഹിബാഹ് ശക്തമായി അപലപിച്ചിരുന്നു. രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ 'വഞ്ചനാപരമായ ആക്രമണം' നടത്തിയതെന്ന് അദ്ദേഹം ആരോപിച്ചു. എന്നാൽ, ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കൃത്യമായ എണ്ണം അദ്ദേഹം വെളിപ്പെടുത്തിയിരുന്നില്ല.
'സൗദി അറേബ്യയുടെ വൻ സൈനിക വിന്യാസങ്ങളെയാണ്' തങ്ങൾ ലക്ഷ്യമിട്ടതെന്നായിരുന്നു വടക്കുപടിഞ്ഞാറൻ യമന്റെ ഭൂരിഭാഗവും നിയന്ത്രണത്തിലാക്കിയിരിക്കുന്ന ഇറാൻ പിന്തുണയുള്ള ഹൂതി വിമതരുടെ സൈനിക വക്താവിൻ്റെ അവകാശവാദം. മാരിബ്, ഹദ്രമൗത്ത് ഗവർണറേറ്റുകളിലെ യെമൻ എമർജൻസി ഫോഴ്സസിന്റെ നിരവധി ക്യാമ്പുകൾ ആക്രമിച്ചതായും ഇറാൻ പിന്തുണയുള്ള ഹൂതി വിഭാഗം സ്ഥിരീകരിച്ചിരുന്നു. റുവൈക്, അൽ-അബ്ര്, അൽ-ഥാനിയ മേഖലകളിലും മറ്റ് എമർജൻസി ഫോഴ്സസ് ക്യാമ്പുകളിലും വലിയ തോതിൽ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയെന്നും ഹൂതി വിമതർ അവകാശപ്പെട്ടിരുന്നു. യമനിലെ ആഭ്യന്തര യുദ്ധത്തിൽ സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേന സർക്കാർ സേനയ്ക്ക് പിന്തുണ നൽകുന്നുണ്ട്.
Content Highlights: Yemen’s Defense Ministry has announced a military operation against Houthi rebel forces and their military capabilities across several fronts. The ministry released a video statement detailing the operation and developments along the lines of contact.