

സംവിധായകന്‍ എന്ന നിലയില്‍ പ്രേക്ഷകരെ ത്രില്ലടിപ്പിച്ച നിരവധി മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിച്ചിട്ടുള്ള സംവിധായകനാണ് ലോകേഷ് കനകരാജ്. കൈതി, മാസ്റ്റർ, വിക്രം തുടങ്ങി ലോകേഷിന്റെ സിനിമകൾ എല്ലാം വലിയ സ്വീകാര്യത നേടിയവയാണ്. എന്നാൽ രജനിയെ നായകനാക്കി ലോകേഷ് ഒരുക്കിയ കൂലി വലിയ വിമർശനങ്ങൾ നേടിയിരുന്നു. ബോക്സ് ഓഫീസിലും സമ്മിശ്ര പ്രതികരണം മാത്രമാണ് സിനിമയ്ക്ക് നേടാനായത്. ഇതിന് പിന്നാലെ നിരവധി ട്രോളുകൾ ലോകേഷിനെ തേടി എത്തിയിരുന്നു.

എന്നാൽ ഇപ്പോഴിതാ ഒരു വർഷത്തിനിപ്പുറം അതേ ആഗസ്റ്റിൽ തനിക്ക് നേരെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടി നൽകുകയാണ് ലോകേഷ് കനകരാജ്. എന്നാൽ ഇത്തവണ സംവിധായകനായി അല്ല നായകനായി ആണ് ലോകേഷ് കളത്തിലിറങ്ങിയിരിക്കുന്നത്. ലോകേഷിനെ നായകനാക്കി അരുൺ മാതേശ്വരൻ സംവിധാനം ചെയ്ത 'ഡിസി'ക്ക് ഗംഭീര പ്രതികരണമാണ് ലഭിക്കുന്നത്. നായകനായി ലോകേഷ് കസറി എന്നാണ് അഭിപ്രായങ്ങൾ. ചിത്രത്തിന് തമിഴ്നാട്ടിലും കേരളത്തിലും തിരക്കേറുന്നുണ്ട്.

അനിരുദ്ധിന്റെ ഗംഭീര മ്യൂസിക് ആണ് സിനിമയുടെ നട്ടെല്ല് എന്നും പലരും എക്സിൽ കുറിക്കുന്നുണ്ട്. അനിരുദ്ധിന്റെ കരിയർ ബെസ്റ്റ് ചിത്രമാണ് ഡിസി എന്നും അദ്ദേഹം നാഷണൽ അവാർഡ് അർഹിക്കുന്നു എന്നും കമന്റുകളുണ്ട്. നായികമാരായി എത്തിയ സഞ്ജനയുടെയും വാമികയുടെയും പ്രകടനങ്ങൾക്കും കയ്യടി ലഭിക്കുന്നുണ്ട്. അരുണിന്റെ ചിത്രങ്ങളിലെ ഏറ്റവും മികച്ച സിനിമയാണ് ഇത് എന്നും അഭിപ്രായങ്ങളുണ്ട്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. രണ്ട് മണിക്കൂറും 23 മിനിറ്റുമാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം.
ചിത്രം കേരളത്തിലും കർണാടകത്തിലും വമ്പൻ റിലീസായി പ്രദർശനത്തിന് എത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലനാണ്. ഡ്രീം ബിഗ് ഫിലിംസ് ആണ് കേരളത്തിലും കർണാടകയിലും ചിത്രത്തിൻ്റെ ഡിസ്ട്രിബ്യൂഷന്‍ പാർട്നര്‍. വാമിക ഗബ്ബിയാണ് ചിത്രത്തിലെ നായികാവേഷം ചെയ്തിരിക്കുന്നത്. ഗ്യാങ്‌സ്റ്റർ ഡ്രാമ ചിത്രമായി എത്തുന്ന ഡിസിയുടെ സംഗീത സംവിധാനം അനിരുദ്ധ് രവിചന്ദറാണ്. ദേവദാസ് എന്ന കഥാപാത്രമായി ലോകേഷ് വേഷമിടുമ്പോൾ, ചന്ദ്ര എന്ന കഥാപാത്രമായാണ് വാമിഖ ചിത്രത്തിലെത്തുന്നത്. റോക്കി, സാനി കായിദം, ക്യാപ്റ്റൻ മില്ലർ എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ മാതേശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
Content Highlights: Lokesh Kanagaraj has gone from being trolled last August to receiving applause for his performance as the lead. His latest appearance has generated positive reactions among audiences and fans.