'ഞങ്ങള്‍ ഖത്തറല്ല, നയതന്ത്രജ്ഞരെ തൊട്ടാല്‍ തകര്‍ത്തുതരിപ്പണമാക്കും'; ഇസ്രയേലിന് മുന്നറിയിപ്പുമായി പാകിസ്താന്‍

തങ്ങളുടെ ഉദ്യോഗസ്ഥരെ തൊട്ടാല്‍ കടുത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് പാകിസ്താൻ

'ഞങ്ങള്‍ ഖത്തറല്ല, നയതന്ത്രജ്ഞരെ തൊട്ടാല്‍ തകര്‍ത്തുതരിപ്പണമാക്കും'; ഇസ്രയേലിന് മുന്നറിയിപ്പുമായി പാകിസ്താന്‍
dot image

ഇസ്‌ലാമാബാദ്: ഇസ്രയേലിന് മുന്നറിയിപ്പുമായി പാകിസ്താന്‍. ഇറാന്റെ തലസ്ഥാനമായ തെഹ്‌റാനില്‍ പാകിസ്താന്‍ എംബസിക്ക് സമീപം ഇസ്രയേല്‍-യുഎസ് ആക്രമണമുണ്ടായെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് പാകിസ്താന്‍ മുന്നറിയിപ്പുമായി രംഗത്തെത്തിയത്. തങ്ങളുടെ ഉദ്യോഗസ്ഥരെ തൊട്ടാല്‍ കടുത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്നാണ് പാകിസ്താന്‍ നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.

'ഇസ്രയേല്‍ ഓര്‍ത്തോളൂ. ഞങ്ങള്‍ ഖത്തറല്ല. ലോകത്ത് എവിടെയെങ്കിലുമുള്ള ഞങ്ങളുടെ നയതന്ത്രജ്ഞരെ തൊട്ടാല്‍ തകര്‍ത്തുതരിപ്പണമാക്കും', എന്നാണ് പാകിസ്താന്‍ സ്ട്രാറ്റജിക് ഫോറം പുറത്തിറക്കിയ പ്രസ്താവനില്‍ പറഞ്ഞത്. വ്യാഴാഴ്ച തെഹ്‌റാനില്‍ ഇസ്രയേലും അമേരിക്കയും സംയുക്ത ആക്രമണം നടത്തിയിരുന്നു. തെഹ്‌റാനിലെ പാക് അംബാസഡറുടെ വസതിക്കും പാക് എംബസിക്ക് സമീപമുള്ള പ്രദേശങ്ങളിലുമായിരുന്നു ആക്രമണം നടന്നത്. ആക്രമണത്തില്‍ എംബസിയുടെ കോമ്പൗണ്ടിന് കേടുപാടോ പാകിസ്താന്റെ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് പരിക്കോ സംഭവിച്ചിട്ടില്ല. വ്യാഴാഴ്ച തെഹ്‌റാന് പുറമേ കാഷാന്‍, ആബാദാന്‍ എന്നിവിടങ്ങളില്‍ ഒന്നിലധികം വ്യോമാക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

അതിനിടെ ഇറാന്റെ ഊര്‍ജനിലയങ്ങള്‍ക്കെതിരായ ആക്രമണം പത്ത് ദിവത്തേക്ക് കൂടി താല്‍ക്കാലികമായി നിര്‍ത്തിയതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു. ഇറാന്‍ സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന പ്രകാരമാണിതെന്നായിരുന്നു ട്രംപ് പറഞ്ഞത്. ഇറാനുമായുള്ള ചര്‍ച്ചകള്‍ നല്ല രീതിയില്‍ നടക്കുന്നതായും ട്രംപ് പറഞ്ഞിരുന്നു.

അതേസമയം പശ്ചിമേഷ്യന്‍ സംഘര്‍ഷം 28-ാം ദിവസത്തിലേക്ക് കടക്കുകയാണ്. ഫെബ്രുവരി പതിനെട്ടിനായിരുന്നു ഇറാന് നേരെ ഇസ്രയേലും യുഎസും സംയുക്ത ആക്രമണം നടത്തിയത്. ആക്രമണത്തില്‍ ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള ആലി ഖമനയിയും ഭാര്യയും മകളും കൊച്ചുമകളും ഇറാന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥരും അടക്കം കൊല്ലപ്പെട്ടിരുന്നു. ഇതോടെ ഇറാന്‍ തിരിച്ചടി കടുപ്പിച്ചിരുന്നു.

Content Highlights- Pakistan has issued a warning to Israel amid rising tensions

dot image
To advertise here,contact us
dot image