ഇറാന്‍ പുതിയ പരമോന്നത നേതാവിനെ തെരഞ്ഞെടുത്തതായി വിവരം; പേര് പുറത്തുവിട്ടില്ല

ഖമനയിയുടെ മകന്‍ മൊജ്താബ ഖമനയിയുടെ പേര് നേരത്തെ ഉയര്‍ന്നുവന്നിരുന്നു

ഇറാന്‍ പുതിയ പരമോന്നത നേതാവിനെ തെരഞ്ഞെടുത്തതായി വിവരം; പേര് പുറത്തുവിട്ടില്ല
dot image

തെഹ്‌റാന്‍: യുഎസ്-ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ പരമോന്നത നേതാവ്
ആയത്തുള്ള അലി ഖമനയിയുടെ പിന്‍ഗാമിയെ തെരഞ്ഞെടുത്തതായി റിപ്പോര്‍ട്ട്. നേതാവിനെ തെരഞ്ഞെടുക്കുന്നതിനുള്ള സമിതിയിലെ അംഗങ്ങള്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ ആരാണെന്ന വിവരം ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഖമനയിയുടെ മകന്‍ മൊജ്താബ ഖമനയിയുടെ പേര് നേരത്തെ യര്‍ന്നുവന്നിരുന്നു. ഖമനയിയുടെ പിന്‍ഗാമിയെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് പൂര്‍ത്തിയായെന്ന് പണ്ഡിത സമിതി അംഗമായ അഹ്‌മദ് അലമോല്‍ഹോദയെ ഉദ്ധരിച്ച് വിവിധ ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അസംബ്ലി സെക്രട്ടറിയേറ്റിന്റെ ഉത്തരവാദിത്വമുള്ള ആളായ ആയത്തുള്ള ഹുസൈനി ബുഷഹ്രിയ പേര് പരസ്യമാക്കുമെന്നാണ് വിവരം.

അലി ഖമനയിയുടെ രണ്ടാമത്തെ മകനാണ് മൊജ്താബ. മൊജ്താബ ഖമനയിയെ ഇറാന്റെ പുതിയ പരമോന്നത നേതാവായി തെരഞ്ഞെടുത്തതായി നേരത്തെ ഇറാന്‍ ഇന്റര്‍നാഷണല്‍ എന്ന മാധ്യമം റിപ്പോര്‍ട്ട് ചെയ്തതിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടായിരുന്നില്ല. മൊജ്താബയ്ക്ക് ഇസ്ലാമിക് റെവല്യൂഷനറി ഗാര്‍ഡ്‌സ് കോര്‍പ്‌സിന്റെ ശക്തമായ പിന്തുണയുണ്ടെന്നും റിപ്പോര്‍ട്ട് വന്നിരുന്നു. ഐആര്‍ജിസിയുടെ കമാന്‍ഡര്‍ ഇന്‍ ചീഫ് കൂടിയാണ് മൊജ്താബ.

ടെഹ്റാനിലെ വസതിക്ക് നേരെ ഫെബ്രുവരി 28ന് ഇസ്രയേലും അമേരിക്കയും ചേര്‍ന്ന് നടത്തിയ ആക്രമണത്തിലാണ് ആയത്തുള്ള ഖമനയി കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ ഖമനയിയുടെ മകളും പേരക്കുട്ടിയും മരുമകളും മരുമകനും കൊല്ലപ്പെട്ടിരുന്നു.

പരമോന്നത നേതാവിന്റെ മിലിറ്ററി ബ്യൂറോ ചീഫ് മുഹമ്മദ് ഷിറാസി, രഹസ്യാന്വേഷണ വിഭാഗം തലവന്‍ സലാഹ് ആസാദി, നൂതന ആയുധപദ്ധതിയുടെ തലവന്‍ ഹസന്‍ ജബല്‍ അമെലിയാന്‍ എന്നിവരെയും വധിച്ചതായി ഇസ്രയേല്‍ വ്യക്തമാക്കിയിരുന്നു.

Content Highlights: Iran elected Next Supreme Leader

dot image
To advertise here,contact us
dot image