

ടെഹ്‌റാൻ: ഗൾഫ് രാജ്യങ്ങൾക്കെതിരായ ആക്രമണം അവസാനിപ്പിക്കാൻ തീരുമാനിച്ച് ഇറാൻ. ഇറാന്റെ ഇടക്കാല നേതൃ കൗൺസിലിലാണ് തീരുമാനം. ഇതുവരെ നടത്തിയ ആക്രമണങ്ങൾക്ക് മാപ്പ് ചോദിക്കുന്നതായും ഇറാൻ വ്യക്തമാക്കി.
ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ ആണ് ഗൾഫ് രാജ്യങ്ങളോട് മാപ്പ് ചോദിക്കുകയും ആക്രമണം അവസാനിപ്പിക്കുകയാണ് എന്ന് പ്രഖ്യാപിക്കുകയും ചെയ്തത്. തങ്ങൾക്ക് ഒരു രാജ്യത്തേക്കും കടന്നുകയറാൻ പദ്ധതിയില്ലായിരുന്നു എന്നും ഗൾഫ് മേഖലയിൽ സംഘർഷം മൂർച്ഛിക്കാതിരിക്കാനാണ് ഇത്തരത്തിൽ തീരുമാനം എടുക്കുന്നതെന്നും പെസഷ്കിയാൻ പറഞ്ഞു. ഇനിമുതൽ തങ്ങളെ ആക്രമിക്കുന്ന രാജ്യങ്ങളെ മാത്രമേ തിരിച്ച് അക്രമിക്കുകയുള്ളൂ എന്നും പെസഷ്കിയാൻ വ്യക്തമാക്കി. അതേസമയം, ഇസ്രയേലിനും യുഎസിനുമെതിരെയുള്ള ആക്രമണം ഉടൻ നിർത്തില്ല എന്നും പെസഷ്കിയാൻ സൂചന നൽകി.
അതേസമയം, പശ്ചിമേഷ്യയിൽ സംഘർഷം മുറുകുന്നതിനിടെ ഇറാൻ സമ്പൂർണമായി കീഴടങ്ങണമെന്ന് ആവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി. ഇറാനിൽ പുതിയ നേതൃത്വം വന്നാൽ ആ രാജ്യത്തെ മാറ്റിയെടുക്കാനുള്ള നടപടികൾ ആരംഭിക്കുമെന്നും ട്രംപ് പറഞ്ഞു. ഇറാനില്‍ പുതിയ നേതൃത്വം വന്നാല്‍ സാമ്പത്തികമായി ഇറാന് വലിയ മുന്നേറ്റം കൈവരിക്കാനാകും. ഇറാന് മികച്ച ഭാവിയുണ്ടാകുമെന്നും ഇറാന്‍ കൂടുതല്‍ ശക്തമാകുമെന്നും ട്രംപ് വ്യക്തമാക്കി.
ക്യൂബൻ സർക്കാരിനെ അട്ടിമറിക്കുമെന്ന ഭീഷണിയുമായും ട്രംപ് രംഗത്തെത്തിയിട്ടുണ്ട്. ആദ്യം ഇറാനെതിരായ ആക്രമണം യുഎസ് പൂർത്തിയാക്കണമെന്നും അടുത്ത ലക്ഷ്യം ക്യൂബയാണെന്നും ട്രംപ് പറഞ്ഞിരുന്നു. ക്യൂബൻ ഭരണകൂടം അമേരിക്കയുമായി കരാറിൽ ഏർപ്പെടുന്നില്ലെന്നും വിട്ടുവീഴ്ച്ചകൾക്ക് തയ്യാറല്ലെന്നും ട്രംപ് കുറ്റപ്പെടുത്തി. അതേസമയം ക്യൂബയിലെ അമേരിക്കൻ പൗരന്മാരോട് ഒഴിഞ്ഞ് പോണമെന്നും ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നലെ വ്യാഴാഴ്ച വൈറ്റ് ഹൗസിൽ നടന്ന ഫുട്ബോൾ ടീമായ ഇന്റർ മിയാമിയുമായുള്ള സന്ദർശനത്തിലാണ് ട്രംപ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
Content Highlights: Iran decides to stop attacks on Gulf countries after interim leadership council meeting and issues an apology for the strikes carried out earlier.